സ്വപ്ന സുരേഷ്
Swapna Suresh

ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വപ്ന സുരേഷ്(39) അറസ്റ്റിലാകുന്നത്. കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കുമാറിനെ കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ്, മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാ‍ർക്ക് ഓപ്പറേഷനൽ മാനേജരായിരുന്ന സ്വപ്ന സുരേഷ് മുഖ്യപങ്കാളിയാണെന്നു വ്യക്തമായത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ബെംഗളൂരുവിലേക്ക് കടന്ന സ്വപ്നയെ അവിടെവച്ചാണ് അറസ്റ്റ് ചെയ്തത്. 

ജീവിതം

സ്വപ്ന ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ജോലി വിട്ടു.

കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു.

2018ൽ പ്രളയത്തിനു േശഷം സഹായം തേടി ദുബായ് സന്ദർശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുൻപു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയി എന്നത് അന്വേഷണസംഘം കണ്ടെത്തി. ആ സന്ദർശനത്തിലാണ് യുഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. ഇൗ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിനു കരാർ നൽകിയതിനു സ്വകാര്യകമ്പനിയിൽനിന്ന് ഒരു കോടി രൂപ കമ്മിഷൻ കൈപ്പറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തി. കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ സ്വപ്നക്കെതിരെ കേസെടുത്തിട്ടുണ്ട്.