കണി കണ്ടുണരൂ, ഐശ്വര്യത്തിലേക്ക്...

വിഷുവുമായി ബന്ധപ്പെട്ട് ആചാരങ്ങൾ പലതുണ്ട്. അവയിൽ പ്രധാനം വിഷുക്കണിയും വിഷുക്കൈനീട്ടവും തന്നെ. വിഷു പണ്ടു പുതുവർഷപ്പിറവിയായിരുന്നു. അങ്ങനെയാണു പുതുതായി വരുന്ന വർഷത്തിന്റെ മുഴുവൻ ഐശ്വര്യത്തിനുമായി പുലർച്ചെ കണി കാണുന്നതും കാരണവർ കുട്ടികൾക്കു കൈനീട്ടം കൊടുക്കുന്നതും.

വിഷുക്കണിയൊരുക്കിയ ഉരുളിയിൽ പട്ടും പൊന്നും പഴങ്ങളും വാൽക്കണ്ണാടിയും താംബൂലവുമൊക്കെ ഉണ്ടാകുമെങ്കിലും ഏറ്റവും പ്രധാനം കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമാണ്. പ്രകൃതീദേവിയെ മഞ്ഞക്കൊലുസണിയിക്കുന്ന കൊന്നപ്പൂവും അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വർണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം നമ്മെ പ്രകൃതിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ്. പ്രകൃതിസൌന്ദര്യത്തിന്റെ പ്രതീകമാണു കൊന്നപ്പൂവ്. കണിവെള്ളരിക്ക കാർഷികസമൃദ്ധിയുടെയും. അങ്ങനെ, പ്രകൃതിസംരക്ഷണവും കാർഷികസമൃദ്ധിയുമായിരിക്കണം നമ്മുടെ സ്വപ്നവും ലക്ഷ്യവും എന്നാണു വിഷുക്കണി എന്ന ആചാരം നമ്മോടു പറയുന്നത്.

വിഷുക്കണി കണ്ടു മനസ്സു നിറഞ്ഞ് നേരെ പാടത്തു ചെന്ന് അടുത്ത വിളയ്ക്കു ചാലിട്ടുപോരുന്ന ആചാരം കൂടിയുണ്ടായിരുന്നു. മണ്ണിനെയും വിളയെയും പ്രകൃതിയെയും സ്നേഹിക്കാൻ ഇളമുറകളെ പഠിപ്പിക്കുന്ന ആ ആചാരങ്ങൾ എത്ര ഉദാത്തമായിരുന്നു!

പങ്കുവയ്ക്കലിന്റെ വിഷുക്കൈനീട്ടം

വിഷുക്കണി കണ്ടുണർന്നാൽ അടുത്ത പരിപാടി തറവാട്ടിലെ കാരണവരിൽ നിന്നു കൈനീട്ടം വാങ്ങലാണ്. കുടുംബത്തിലെ എല്ലാവർക്കും കാരണവർ നാണയങ്ങൾ കൈനീട്ടം നൽകും. അതു വാങ്ങി കാരണവരുടെ കാൽക്കൽ നമസ്കരിച്ച് അനുഗ്രഹം വാങ്ങിയാൽ പിന്നെ ആ കൊല്ലം മുഴുവൻ ഐശ്വര്യമായിരിക്കും എന്നാണു വിശ്വാസം.

വിഷുഫലം 2017 നിങ്ങൾക്കെങ്ങനെ?

സ്വത്തു മുഴുവൻ കൈവശം വച്ചുകൊണ്ടിരിക്കാനല്ല, അത് ഇളമുറകളിലേക്കു കൈമാറാനുള്ളത് എന്നു പഴമക്കാർ കാണിച്ചുതരികയാണ്. കൈനീട്ടമായി കാരണവരിൽ നിന്നു കിട്ടുന്ന നാണയം സ്വന്തം അധ്വാനത്തിലൂടെ വേണം വലുതാക്കാൻ.

ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ് വിഷുക്കണിയും കൈനീട്ടവും പോലുള്ള ആചാരങ്ങൾ.