വിഷുഫലം- ഒരു വർഷത്തെ ഫലം

മേടം ഒന്നിനു വിഷു ആഘോഷിക്കുകയാണ്. നാടിന്റെ  പൈതൃകമായിട്ടുള്ളതും മൂല്യങ്ങളുള്ളതുമായ പല കാര്യങ്ങളും നാമാവശേഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓർമകളിലെ ശേഷിപ്പായി മാറുകയാണു വിഷുഫലം  പറയൽ. 

പഴയകാലത്ത് വിഷുഫലം പറയുക എന്നൊരു രീതി നാട്ടിൻപുറങ്ങളിൽ  നിലനിന്നിരുന്നു. അതതു നാട്ടിലെ ജോത്സ്യർ വിഷുഫലം ഓലയിൽ തയാറാക്കി വിഷുസംക്രാന്തി  ദിവസം അത് ഓരോ വീട്ടിൽ എത്തിക്കുകയും കാര്യങ്ങൾ പറഞ്ഞ് കൊടുക്കുകയും വീട്ടിലെ കാരണവർ ഭക്തിയോട് കൂടി ജോത്സ്യർക്ക് ദക്ഷിണ നൽകുകയും ചെയ്യുന്ന  സമ്പ്രദായമാണിത്. ഇതിൽ കൂടി ആളുകൾ ഒരു വർഷത്തെ പ്രകൃതി യുമായി ബന്ധപ്പെട്ട് കിടക്കുന്നതും നമ്മുടെ ആവശ്യമുള്ളതുമായ കാര്യങ്ങൾ ജ്യോതിശ്ശാസ്ത്രം മുഖേന അറിയുകയും ചെയ്യുന്നു. 

കാലം വളരെ കഴിഞ്ഞു– ‘ഓല’ എന്ന സംഭവം നാട്ടിൽ നിന്ന് അപ്രത്യക്ഷമായി. നാടിന് പുരോഗതി വന്ന്–വന്ന് ‘ഇന്റർനെറ്റ്’ സംവിധാനമായി. പഴയ കാര്യങ്ങൾ എല്ലാം നമ്മൾ മറന്നു തുടങ്ങി. പുതിയ തലമുറയക്ക് പഴയ കാര്യങ്ങളൊന്നും അറിയില്ല താനും എന്നാൽ, പഴമക്കാർക്ക് പഴയകാര്യങ്ങളോർക്കാനും പുതിയ തലമുറയുടെ അറിവിലേക്കുമായി വിഷുഫലത്തിന് ഇന്നും പ്രസക്തിയുണ്ട്.  

ഈ വർഷത്തെ വിഷുഫലം ഇങ്ങനെ:

ധനുശ്ശനി കന്നിവ്യാഴം കൊല്ലവര്‍ഷം 1192–ാം മാണ്ട് മേടമാസം 1–ാം നു വെള്ളിയാഴ്ച ഉദയാൽപൂർവ്വം 10 നാഴിക 37 വിനാഴികയ്ക്ക് 2017 ഏപ്രിൽ 14 (2 മണി 4 മിനിറ്റിന് IST AM) വിശാഖം നക്ഷത്രവും തുലാക്കൂറും കൃഷ്ണ പക്ഷത്തില്‍ ‘തൃതീയ’ തിഥിയും ‘സുരഭി’ കരണവും ‘സിദ്ധി’ നാമ നിത്യയോഗവും കൂടിയ സമയത്ത് മകരം ര–– ദയ സമയം കൊണ്ട് വായുഭൂതോദയം കൊണ്ട് മേട വിഷു സംക്രമം– 

1 സംക്രമ പുരുഷഃ – ശയാനഃ 

2 സംക്രാന്തി ദേവത – മിശ്രാഃ 

3 വാഹനം – പോത്ത് 

4 വസ്ത്രം – കമ്പളം 

5 പുഷ്പം – നീലോല്പലം 

6 അലങ്കാരം – നീലരത്നം 

7 വിലേപനം – വസാ 

8 ആയുധം – തോമരം 

9 സ്നാന ജലം – നിർമ്മല തോയം 

10 ഛത്ര വര്‍ണ്ണം – ചിത്രം 

11 ഭോജന പാത്രം – ത്രപു 

12 ഭോജനം – ദധി 

13 വാദ്യം – വേണു 

14 അഭിമുഖം – വടക്ക് 

15 ഗമനം – വായുകോൺ 

16 സ്വഭാവം – ലോലചിത്താ 

17 മണ്ഡലം – അഗ്നി 

18 മേഘം – കാളമേഘം 

19 ‘‘വർഷം – 4 പറ ’’ 

സംക്രമ പുരുഷൻ ശായനനാകയിൽ പദാർത്ഥങ്ങൾക്ക് വില കുറവും സംക്രാന്തി ദേവത മിശ്രയാകയാൽ പശുക്കൾക്ക് അഭിവൃദ്ധിയും വാഹനം പോത്ത് ആകയാല്‍ പശുക്കൾക്ക് നാശവും വസ്ത്രം കമ്പളമാകയാൽ ധാന്യസമൃദ്ധിയും, പുഷ്പം നീലോല്പലമാകയാൽ ധാന്യനാശവും അലങ്കാരം നീല രത്നമാകയാൽ നീല രത്നങ്ങൾക്ക് നാശവും, വിലേപനം വസാ ആകയാൽ പശുക്കൾക്ക് നാശവും ആയുധം തോമരമാകയാൽ പശുക്കൾക്ക് നാശവും, സ്നാനജലം നിർമ്മല തോയമാകയാൽ സർവ്വാഭീഷ്ടലാഭവും, ഛത്രവർണ്ണം ചിത്രമാകയാൽ ജനങ്ങൾക്ക് രോഗാപമൃത്യുക്കളുണ്ടാവുകയും, ഭോജനപാത്രം ത്രപുവാകയാൽ അനാവൃഷ്ടിയും, ഭോജനം ദധിയാകയാൽ നാൽക്കാലികൾക്കും സസ്യങ്ങൾക്കും നാശവും വാദ്യം വേണുവാകയാൽ ലോകത്തിൽ‌ അഭിവൃദ്ധിയും അഭിമുഖം വടക്ക് ദിക്കിലേക്കാകയാൽ സർവ്വനാശവും ഗമനം വായുകോണിലേക്കായാൽ വായവ്യവാസികൾക്ക് നാശവും, സ്വഭാവം ലോലചിത്തയാകയാൽ തസ്കരഭയവും, മണ്ഡലം അഗ്നിമണ്ഡലമാകയാൽ ദുർഭിക്ഷവും അഗ്നിഭയവും ധാന്യ നാശവും, മേഘം കാളമേഘമാകയാല്‍ ധാരാളം മഴയുണ്ടാകും, എന്നാൽ നാല് പറ വർഷമാകയാൽ മഴ ആവശ്യ സമയത്ത് ലഭിക്കാതെ വരുകയും ചെയ്യും. 

വിഷു അവസരത്തിൽ സാധാരണ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. ഈ വർഷം എത്ര പറ വർഷമാണ് എന്ന് അതായത് നാല് തരത്തിലാണ് വർഷം കണക്കാക്കുക. ഒരു പറ, രണ്ട് പറ, മൂന്ന് പറ, നാല് പറ. ഇതെല്ലാം ഗണിച്ച് തിട്ടപ്പെടുത്തുന്നതുമാണ്. ഇതിൽ ഒന്നും മൂന്നും വന്നാൽ ആവശ്യത്തിന് മഴ ലഭിക്കുമെന്നും രണ്ടും നാലും വന്നാൽ ആവശ്യ സമയത്ത് മഴ ലഭിക്കില്ലെന്നും പറയും. ഇതില്‍ വച്ച്  ഏറ്റവും മോശപ്പെട്ടത് നാല് പറവർഷവുമാണ് എന്നു വച്ചാൽ ഈ വർഷത്തിൽ മഴ പൊതുവെ കുറയുകയും ഉള്ളത് ആവശ്യത്തിന് ലഭിക്കാതെ വരുകയും തന്മൂലം കുടിവെള്ളത്തിനും കൃഷിക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുകയും ചെയ്യുമെന്നർഥം. 

ലേഖകന്റെ വിലാസം:  

A.S. Remesh Panicker (Astrologer) 

Kalarickel House, Chittanjoor Post, 

Kunnamkulam, Thrissur Dist., Kerala-680 523 

e-mail : remeshpanicker17@gmail.com 

www.remeshpanicker.com 

Ph : 04885 220886, Mob : 9847966177