കൊല്ലവർഷത്തിലെ അവസാന മാസമാണ് കർക്കിടകം. തുള്ളിക്കൊരുകുടം പെയ്തിറങ്ങുന്ന കര്‍ക്കിടകത്തിലെ ക്ലേശകരമായ ജീവിതശൈലിയില്‍നിന്നും മുക്തിനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ് രാമായണ പാരായണം. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കർക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് ഉത്തമമാണ്.
കർക്കിടകമാസം ആരംഭിക്കുന്നതിനു മുൻപായി വീട് മുഴുവൻ തൂത്തുവാരി തുടച്ച് വൃത്തിയാക്കി ചാണകവെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധീകരിക്കുക. ചേട്ടാഭഗവതിയെ പുറത്താക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചടങ്ങുനടത്തുന്നത്. ഒന്നാം തിയതി രാവിലെ കുളികഴിഞ്ഞു ശരീരശുദ്ധിയോടെ അഷ്ടമംഗല്യമൊരുക്കിവച്ച് ദീപം തെളിയിക്കുക. ശ്രീഭഗവതിയെ ഭവനത്തിൽ കുടിയിരിത്തുന്നു എന്ന സങ്കല്പത്തിലാണ് നിലവിളക്കിനൊപ്പം അഷ്ടമംഗല്യം വയ്ക്കുന്നത്. തുടർന്ന് ഗണപതിയെ വന്ദിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്തസമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം പാരായണം ചെയ്യേണ്ടത്.
ഒന്നാംതീയതി വായന ആരംഭിച്ചാൽ മാസാവസാനം വരെ മുടങ്ങാൻ പാടില്ല .ഓരോദിവസവും വായിക്കേണ്ട ഭാഗത്തെക്കുറിച്ചു കൃത്യമായ വ്യവസ്ഥയില്ല. എന്നാൽ യുദ്ധം, കലഹം, വ്യഥ, മരണം എന്നിവ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ നിത്യേന പാരായണം അവസാനിപ്പിക്കരുതെന്നുണ്ട് .വലതുഭാഗത്തു ശുഭസൂചനയുള്ള രണ്ടുവരികൾ മൂന്നുതവണ വായിച്ചു നിർത്തുകയുമാവാം. എല്ലാ ദിവസവും ഒരാൾ തന്നെ വായിക്കണമെന്നില്ല സൗകര്യാർഥം മുടങ്ങാതെ പാരായണം ചെയ്യണമെന്നേയുള്ളൂ.
ശ്രീരാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള പൂർവ്വരാമായണമാണ് പാരായണം ചെയ്യേണ്ടത് .ഉത്തരരാമായണം സാധാരണയായി ഭവനങ്ങളിൽ വായിക്കാറില്ല.ഓരോദിവസവും വായന ആരംഭിക്കുന്നതിനു മുൻപായി ഗണപതി വന്ദനത്തോടൊപ്പം ബാലകാണ്ഡത്തിലെ
"ശ്രീ രാമ രാമാ രാമാ
ശ്രീ രാമചന്ദ്ര ജയ...."
എന്ന് തുടങ്ങുന്ന പതിനാലു വരികൾ ചൊല്ലണം. യുദ്ധകാണ്ഡം അവസാന ഭാഗത്തുള്ള രാമായണമാഹാത്മ്യം വായിച്ചുവേണം നിത്യപാരായണം അവസാനിപ്പിക്കാൻ. ഒരു ദിവസത്തിൽ വിവിധ സമയങ്ങളിൽ രാമായണം പാരായണം ചെയ്യാം എന്നാലത് ശരീശുദ്ധിയോടെയും ഭക്തിയോടെയും ആവണമെന്ന് മാത്രം.
കർക്കിടക മാനസത്തിലെ എല്ലാ ദിവസവും രാമായണപാരായണം തുടരുകയും മാസാവസാനം ശ്രീരാമപട്ടാഭിഷേകം വായിച്ച് പുഷ്പങ്ങൾ വിളക്കിന് മുന്നിൽ അർപ്പിച്ച് പാരായണം പൂർത്തിയാക്കുകയും ചെയ്യാം.
കർക്കിടകമാസത്തിൽ നിത്യേന വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രം വയ്ക്കുന്നത് ഉത്തമമാണ്. പട്ടാഭിഷേക ചിത്രത്തിൽ ശ്രീരാമൻ, സീത, ഹനുമാൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ, വസിഷ്ഠൻ, ഗണപതി, ശ്രീപരമേശ്വരൻ, ബ്രഹ്മാവ്, നാരദൻ എന്നീ പതിനൊന്നുപേർ ഉണ്ടായിരിക്കണം.
സന്ധ്യാസമയത്ത് ഹനുമാൻ സ്വാമി ശ്രീരാമ ദേവനെ ഭജിക്കുന്നതിനാൽ സന്ധ്യാനേരത്ത് രാമായണപാരായണം പാടില്ല എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് സാധിക്കാത്തവർ ഒരു ദിവസമായോ, 3 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.
Read More- Ramayana Month Astrology