എന്റെ മകൻ 1992 ഏപ്രിൽ 13ന് രാത്രി 12 മണി 5 മിനിറ്റിനകം ജനിച്ചു. നക്ഷത്രം പൂരം. കുറച്ചുനാളുകളായി അവന് ഓരോരോ അസുഖങ്ങളാണ്. നെഞ്ചിനു വേദന. വയറിന് അസുഖം അങ്ങനെ പലമാതിരി പ്രശ്നങ്ങളാണ്. നെഞ്ചിനു വേദനയ്ക്ക് ഇസിജി, എക്സ്റേ, ഇക്കോ, ടിഎംടി തുടങ്ങിയ പരിശോധനകളും നടത്തി. ഒരു കുഴപ്പവും കാണുന്നില്ല. വയറിന് സ്കാൻ, എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി, ബ്ലെഡ് യൂറിൻ–ബ്ലെഡ് കൾചർ എല്ലാം ചെയ്തു. ഒരു കുഴപ്പവും ഇല്ല. ആശുപത്രിയിൽ ഒരാഴ്ച കിടന്നു. ഐസിയുവിൽ രണ്ടുദിവസം കിടന്നു. ഹാർട്ട് ബീറ്റ് കൂടിയിട്ടാണ് ഐസിയുവിൽ കിടത്തിയത്. ഇപ്പോഴും നെഞ്ചിനു വേദന, വയറിനസുഖം എന്നൊക്കെ പറയും. മിക്ക ദിവസവും രാവിലെ പല്ലുതേക്കുമ്പോൾ ഓക്കാനവും ഛർദിയും ആണ്. മാനസികമായി ഞങ്ങൾ വളരെ പ്രയാസത്തിലാണ്. ടെസ്റ്റിലൊന്നും കുഴപ്പമില്ല എന്നു ഡോക്ടർമാർ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് ഈ ബുദ്ധിമുട്ടുകൾ എല്ലാം അവന് ഉണ്ടാകുന്നത്. എന്തെങ്കിലും ദോഷമാണോ? അവൻ ബികോം പാസായതാണ്. കൂടാതെ ടാലി തുടങ്ങിയ കംപ്യൂട്ടർ കോഴ്സുകളും പഠിച്ചിട്ടുണ്ട്. അവന്റെ ഭാവി, ജോലി ഇവയെക്കുറിച്ചെല്ലാം അറിയാൻ ആഗ്രഹിക്കുന്നു. വിദേശവാസയോഗമുണ്ടോ– ഞങ്ങളുടെ എല്ലാ പ്രതീക്ഷയും അവനിലാണ്.
മോന് അൽപകാലം മുൻപുവരെ കണ്ടകശനികാലം ആയിരുന്നു. അത് മാറിയിട്ടുണ്ട്. എന്നിരുന്നാലും വ്യാഴം അൽപം മോശമായി സഞ്ചരിക്കുന്നത് അൽപസ്വൽപം തടസ്സങ്ങൾ ഉണ്ടാക്കുന്നതിനു കാരണമാകാം. മോന്റെ കാര്യങ്ങളിൽ നിങ്ങൾ എഴുതിയ കാര്യങ്ങൾവച്ചു നോക്കുമ്പോൾ അത്ര ഗുരുതരമായ അസുഖങ്ങൾ ഒന്നുമല്ല എന്നാണു മനസ്സിലാകുന്നത്. ടെൻഷൻകൊണ്ട് ഉണ്ടാകാൻ ഇടയുള്ള അസുഖങ്ങളാണ് ചേച്ചി എഴുതിയതിൽ ഏറെയും. രോഗത്തെക്കുറിച്ചോ മറ്റെന്തിനെക്കുറിച്ചോ ഉള്ള ആശങ്കകൾ മകനുണ്ടോ എന്ന് ചോദിച്ചറിയുക. മനസ്സിനു സമാധാനം ലഭിക്കത്തക്ക തരത്തിലുള്ള കാര്യങ്ങളോ കൗൺസലിങോ നടത്തുക. ജീവിതത്തിൽ നല്ല കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ പറയുക. നല്ല ജോലിയെല്ലാം കിട്ടുന്നതിനു സാധ്യതയുള്ള ജാതകമാണ്. അതിനായി പരിശ്രമിക്കാൻ പറയുക. മഹാവിഷ്ണു പ്രീതികരമായ കാര്യങ്ങൾ ചെയ്യുന്നതു പ്രയോജനകരമാണ്.
Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions