പേര് ഐശ്വര്യം കൊണ്ടുവരുന്നതാണ്. വീടിന്റെ പേര്, ആളിന്റെ പേര്, സ്ഥാപനത്തിന്റെ പേര് തുടങ്ങിയവ. ജപിച്ച് കെട്ടി ശരീരത്തിൽ ധരിക്കുന്നതുകൊണ്ടോ, ലക്ഷക്കണക്കിന് പണമിറക്കി പൂജ നടത്തുന്നതുകൊണ്ടോ ഫലം കിട്ടുകയില്ല. എന്നാൽ നാം ഉപയോഗിക്കുന്ന പേരിന്റെ അക്ഷരങ്ങൾ, സംഖ്യകൾ എന്നിവ ഐശ്വര്യവും ഭാഗ്യങ്ങളും വാരിചൊരിയുന്നതാണ്. ഏതെങ്കിലും ഒരു അക്ഷരമോ സംഖ്യയോ മാറ്റിയാൽ അത് ജീവിതവിജയം ഉണ്ടാക്കുന്നതാണ്.
A – ഗഗനാർത്ഥമുള്ള അക്ഷരമാണ്. ഉന്നതിയിലേക്ക് നയിക്കുകയും മേലോട്ട് ഉയർത്തുകയും വലിയ ജ്ഞാനിയാക്കുകയും ചെയ്യുന്ന അക്ഷരം. പുതിയ പദ്ധതികൾ കണ്ടുപിടിക്കാനും കർമ്മപുരോഗതി ഉണ്ടാക്കുകയും വലിയൊരു ഭരണാധികാരി ആക്കിത്തീർക്കുകയും വലിയ ബുദ്ധിയുള്ള വ്യക്തിയാക്കുകയും ചെയ്യും ഈ അക്ഷരം. ഏതു കാര്യത്തിനിറങ്ങിയാലും വിജയം ലഭിക്കുവാനും ജീവിതത്തിൽ കോട്ടം സംഭവിച്ചാൽ ബുദ്ധിശക്തി അതിനെ തടുത്തു നിർത്തി ഭാഗ്യവാൻ ആക്കും.
B - കിട്ടിയതുകൊണ്ട് തൃപ്തിയുളവാക്കുന്ന സവിശേഷത കൂടിയവരായിരിക്കും ഈ അക്ഷരം പേരിൽ വന്നാൽ. കൂടുതൽ ആളുകളോട് അടുത്തിടപഴകുന്നതോ സഹവർത്തിക്കുന്നതോ അത്രയ്ക്ക് ഇഷ്ടമല്ല. സ്വന്തം കാര്യം സിന്ദാബാദ്, വികാരജന്യമായിരിക്കും. പുതിയ സ്ഥലവും ചുറ്റുപാടും അസുഖപ്രദമായിരിക്കും. നാണംകുണുങ്ങികളാണെങ്കിലും ബുദ്ധിമാന്മാരാണ്. നല്ല കാര്യശേഷിയുണ്ടായിരിക്കും. ക്ഷമാശീലവും സഹിഷ്ണുതയും ഉള്ളവരാണ്. എടുത്തുചാട്ടമില്ല. ആത്മീയകാര്യത്തിൽ വിശ്വാസികളാണ്. പദ്ധതികൾ നേരത്തെ തീരുമാനിച്ച് നടപ്പിലാക്കും. നേർവഴിക്കേ പോകൂ. ഒരു സാധനവും പാഴാക്കുകയില്ല. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയില്ല. പുറത്തുനിന്നു കാണുന്നതിനേക്കാൾ ഉന്മേഷവാനാണ്. നല്ല ആശയങ്ങളും പദ്ധതികളും മനസ്സിലുള്ളവരാണ്. പക്ഷേ, പുറത്തു പറയാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. കഷ്ടപ്പെടുന്നവരുടെ ദുഃഖത്തിൽ വിഷമത കാട്ടുന്നവരാണ്.
C – പൗരുഷവും ശരീരപുഷ്ടിയും മനോധൈര്യവും എന്തിനും തിടുക്കം കാട്ടുന്നവരും ഉത്സാഹത്തോടെ കാര്യത്തിൽ ഇടപെട്ട് ഏത് അസാധ്യമായ കാര്യങ്ങളും നടത്തും. ഇവരെപ്പോലെ ഇഷ്ടജനങ്ങളും ഊർജ്ജസ്വലരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. മടിയന്മാരെ സഹിക്കാൻ കഴിയില്ല. ജീവിതപുരോഗതിയിൽ അത്യാകാംഷയുണ്ട്. അന്യരുടെ മുമ്പിൽ തലകുനിക്കുകയില്ല. ബുദ്ധിശക്തികൊണ്ട് വിജയം കൈവരിക്കും. ശത്രുക്കൾ കുറവായിരിക്കും. ഉന്നത ലക്ഷ്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഏത് തുറയിലും നല്ല ചാൻസ് ഉണ്ട്. ശാസ്ത്രത്തിലും കലയിലും നല്ല ഭാവിയുണ്ട്. ഏത് കാര്യം തുടങ്ങിയാലും വിജയത്തിലെത്തിക്കും. കുറച്ച് സമാധാനത്തിലിരിക്കുന്നത് നല്ലത്.
D - വളരെ ദയാലുക്കളാണ്. ജീവിതത്തിൽ വരുന്ന പ്രതിബന്ധങ്ങളെ വകവയ്ക്കുകയില്ല. വ്യക്തമായ അഭിപ്രായങ്ങളുണ്ടാകും. അശ്രാന്ത പരിശ്രമികളായിരിക്കും. നീതി,സത്യം, അച്ചടക്കം, അന്യരോടുള്ള സ്നേഹം ഇവ കൂടുതലായിരിക്കും. എവിടെ ചെന്നാലും നല്ല മതിപ്പായിരിക്കും. ജീവിതത്തിൽ റോക്കറ്റിനെപോലെ മുന്നേറും. ദൈവഭക്തിയോടെ ജീവിക്കുക, ആരോഗ്യം ശ്രദ്ധിക്കണം. ആത്മസംതൃപ്തിയുള്ളവരാണ്. ഉറ്റസ്നേഹിതർ കാണുകയില്ല. ഉത്സാഹവും കാര്യശേഷിയും പ്രദാനം ചെയ്യും. അഭിമാനവും അന്തസ്സും ഉള്ളവരാണ്.
E- സൗമ്യത ഉള്ളവരും എല്ലാരോടും സൗമ്യതയുള്ളവരും നല്ലവനെന്ന പേരുള്ളവനും ഏതു വിഷയവും ഗാഢമായി ചിന്തിച്ചെ ചെയ്യുകയുള്ളു. കാര്യങ്ങൾ അളന്നു തൂക്കിയേ ചെയ്യൂ. ആഡംബരം ഒട്ടും ഇല്ലാത്തവരും പ്രശംസയിൽ താത്പര്യമില്ലാത്തവരുമാണ്. ആലോചനയും തീരുമാനവും പെട്ടെന്ന് എടുക്കുന്നവരും ഏതു കുറഞ്ഞ പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കപ്പെടുന്നവരും സ്വയം മുന്നോട്ടുവന്ന് പലരും സഹായിക്കപ്പെടുന്നവരുമാണ്. വേദാന്തത്തിൽ താൽപര്യമുണ്ട്. പൊതുജനാഭിപ്രായത്തെ ഭയപ്പെടുന്നവരും മനസ്സിൽ രഹസ്യം സൂക്ഷിക്കുന്നവരും ദുഃഖം മനസ്സിനെ കാർന്നു തിന്നുന്നവരും ആയിരിക്കും. എന്താപത്തിലും അടിപതറുകയില്ല, ശാന്തതയോടെ വിജയത്തിലെത്തിച്ചേരും. മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് വെമ്പും. ഉത്സാഹം കരകവിഞ്ഞൊഴുകുന്നവരും കാണുന്നവരെയും, ഇഷ്ടജനങ്ങളെയും ആനന്ദിപ്പിക്കുന്നവരുമാണ്. അലസത വരാതെ നോക്കേണ്ടതാണ്. സന്തോഷവും സംതൃപ്തിയും ഉള്ള ആളുകൾ കുറച്ചെ കാണുകയുള്ളു. ഈശ്വരഭക്തിയും പിടിവാശിയും ഉണ്ടായിരിക്കും.
F - അസാമാന്യ ധീരതയ്ക്കുടമയാണ്. ശത്രുക്കളുടെ ബലം കണക്കിലെടുക്കാതെ അക്രമാസക്തരാവുന്നവരാണിവർ. ഇതുകണ്ട് ശത്രു വിരണ്ടുപോകും. ആരോഗ്യഹീനർ ആണ്. മറ്റുള്ളവരിൽ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കും. പിടിവാശിക്കാരും കാര്യനിർവ്വഹണശേഷിയും മേലധികാരികൾ നിങ്ങളെ ഭയപ്പെടുകയും ചെയ്യും. അപ്രിയമായതെന്തെങ്കിലും സംഭവിച്ചാൽ സന്ദർഭം നോക്കി കാലുവാരുന്നവരാണ്. മിതഭാഷിയും പരാജയരുചി അറിയാത്തവരും ആയുസ്സും ആരോഗ്യവും ഉള്ളവരും പിടിവാശിയും ഈശ്വരഭക്തിയും കുടുംബസ്നേഹവും ലളിതജീവിതം നയിക്കുന്നവരുമാണ്. ബുദ്ധിമുട്ടു സഹിക്കേണ്ടി വന്നാലും സമനില കൈവിടുകയില്ല.
G - മുട്ടുമടക്കുന്ന പ്രകൃതത്തെ കാണിക്കുന്നവരാണ്. അക്ഷമയും ആത്മീയചിന്തകളും വികാരം നിയന്ത്രിക്കുന്നത് നന്ന്. ഈ അക്ഷരം പേരിൽ ഉള്ളവർ ശാരീരികമായി കഠിനാധ്വാനം ചെയ്യുന്നവരാണ്. ഇഷ്ടജനത്തെ ഭരിക്കുന്നതിൽ വളരെ സാമർഥ്യമുള്ളവരാണ്. ആത്മവിശ്വാസം ഉള്ളവരാണ്. എന്തെങ്കിലും പുതിയതായി കണ്ടുപിടിച്ച് വിജയപ്രദമാക്കും. ഏതു പരിതസ്ഥിതിയും പരിശ്രമിച്ച് നല്ലതാക്കും. ക്ഷമയും സഹനശക്തിയും വളരെ ഉണ്ടായിരിക്കും. അസുഖം വന്നാൽ പെട്ടെന്ന് മാറുന്നതാണ്. മുൻകൂട്ടി തീരുമാനിച്ച പദ്ധതിയനുസരിച്ച് ജീവിക്കും. കടന്ന് ചിന്തിക്കുന്നവരും ദീർഘദർശിയുമായിരിക്കും. ഗുണമുള്ള അക്ഷരങ്ങൾ യോജിപ്പോടെ വന്നില്ലെങ്കിൽ മടിയനായിത്തീരും. മറ്റുള്ളവരാൽ അപമാനിതരാകും.
H - ആത്മാഭിമാനത്തോടെ തലയുയർത്താനുള്ള കഴിവുള്ളവരാണ്. ജീവിതപ്രശ്നങ്ങളുടെ നടുകയത്തിലും ഇവർക്ക് സമനില തെറ്റുകയില്ല. ഒരിക്കലും ഉലയാത്ത മനോബലം, സമാധാനപരമായ ജീവിതവും ഉയർന്ന ശമ്പളത്തിൽ ഉള്ള ഉദ്യോഗവും, സംഗതികളെ ആലോചിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതയാണ്. തടസ്സങ്ങളില്ലാത്ത ജീവിതവും ഫലപ്രദമാക്കേണ്ട പ്രശ്നങ്ങൾ സാധിച്ചെടുക്കുന്നതിനുള്ള അസാമാന്യമായ സാമർഥ്യവും ആപത്ത് മുൻകൂട്ടി കണ്ട് അതിനെ തകർക്കത്തക്കവിധം ജാഗ്രതയും ഇവർക്കുണ്ട്. പരിതസ്ഥിതികളെല്ലാം അനുകൂലമായിരിക്കും. പാഴ്ചിലവും ബലഹീനതയും ഉണ്ടാകുമെങ്കിലും ജീവിതം സന്തോഷകരമായിരിക്കും.
I - ലോകത്തെ പിടിച്ചു കുലുക്കാൻ കഴിവുള്ളവരാണ്. മുൻകരുതലും ആത്മവിശ്വാസവും തന്റെ മനസ്സിൽ കണ്ട ലക്ഷ്യത്തിലേക്ക് നിയമപ്രകാരം തന്നെ മറ്റുള്ളവരെയും കൊണ്ടുപോകാനുള്ള കഴിവും ഉള്ളവരാണ്. അക്ഷമയും ധൃതിയും ഇവരുടെ പ്രത്യേകതയാണ്. വികാരം തീവ്രമായിരിക്കും. ഈശ്വരകടാക്ഷമുള്ള അക്ഷരമായത് കൊണ്ട് ഏതുകാര്യത്തിലിടപെട്ടാലും വിജയം നിശ്ചയം. മനോധൈര്യവും പെട്ടെന്ന് മറ്റുള്ളവരെ ആകർഷിക്കുവാനും നേതൃത്വവും ആശയഗാംഭീര്യവും പ്രസിദ്ധിയും ഉന്മേഷവും ഇവർക്ക് ലഭിക്കും. സന്തോഷകരമായ ജീവിതവും പണം ബാങ്കിൽ നിക്ഷേപിച്ച് പലിശ കൊണ്ട് സുഖമായി ജീവിക്കുകയും ചെയ്യുന്നവരായിരിക്കും. ആരോഗ്യം അത്ര സുഖകരമായിരിക്കില്ല, ഞരമ്പ് സംബന്ധമായ രോഗങ്ങൾ വരും.
J - ഇഷ്ടജനങ്ങളുണ്ടായിരിക്കും. ഏത് പ്രശ്നവും വിവിധ രീതിയിൽ ചിന്തിക്കാൻ കഴിവുള്ളവരാണ്. കലകളിൽ അഭിരുചിയും സ്വന്തമായി അഭിപ്രായമുള്ളവരുമായിരിക്കും. പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും സ്വഭാവം കലർന്നിരിക്കും. തീവ്രവാദിയെപോലെ തോന്നുമെങ്കിലും മനസ്സുനിറയെ ദയയും സ്നേഹവുമുള്ളവരും, എല്ലാവരോടും അടുത്തിടപെടുന്നവരുമാണ്. ഉള്ളുകള്ളികൾ പെട്ടെന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിയും. നല്ല കാര്യശേഷിയുള്ളവരാണ്. കഥാകൃത്താവാൻ കഴിവുള്ളവരാണ്. മറ്റാരെയും അനുകരിക്കുന്ന സ്വഭാവക്കാരനല്ല. എന്നാൽ, മറ്റുള്ളവർ നിങ്ങളെ അനുകരിക്കണമെന്നാഗ്രഹിക്കും. കലകളിൽ കീർത്തി ലഭിക്കുന്നവരായിരിക്കും. വലിയ ആത്മവിശ്വാസം കൈമുതലായുള്ള ഇവർ ഉന്നതലക്ഷ്യത്തിൽ കണ്ണുവച്ചിരിക്കുന്നു. വലിയ പദവിയും കീർത്തിയും ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി അങ്ങേയറ്റം പരിശ്രമിക്കും.
K - കലാനിപുണരാണ്, സർവ്വകലാവല്ലഭരാണ്. കീർത്തിയും ധനവുമുള്ളവരാണ്. എപ്പോഴും ഉറച്ച കാര്യങ്ങൾ ചെയ്യുന്നവരാണിവർ. വംശബന്ധുക്കളെ സഹായിക്കുന്നവരാണിവർ. വളരെ വിനയമുള്ളവരാണിവർ. വച്ചടി വച്ചടി അഭിവൃദ്ധിപ്പെടുന്നവരും ജനങ്ങൾക്കുവേണ്ടി വളരെയധികം നല്ലകാര്യങ്ങൾ ചെയ്ത് നല്ല ജനപ്രീതി നേടുന്നവരും ജനങ്ങൾ പുകഴ്ത്തിക്കൊണ്ടിരിക്കുന്നവരുമാണ്.
L - തന്ത്രശാലികളായിരിക്കും. മധുരമായി സംസാരിച്ച് ആരുടെ അടുക്കൽ നിന്നും കാര്യംസാധിക്കും. മറ്റുള്ളവരുടെ സഹകരണത്താൽ ജീവിതത്തിന്റെ ഉന്നതങ്ങളിലെത്തും. വലിയ പദ്ധതികൾ മുൻകൂട്ടി തയാറാക്കിയിരിക്കും. വിചാരിച്ചതുപോലെതന്നെ കാര്യങ്ങൾ ചെയ്തു തീർക്കുകയും ചെയ്യും. തൻകാര്യം കാണുന്നവരാണ്. ഹൃദ്യമായ പെരുമാറ്റത്താൽ ധനവാന്മാർ പണമിറക്കി സഹായിക്കുന്നതാണ്. കഴിവ് കുറവാണെങ്കിലും മറ്റുള്ളവരുടെ കഴിവുപയോഗിച്ച് മുന്നേറും. സുഖമായി ജീവിക്കണം അതാണ് ലക്ഷ്യം. ദൈവകടാക്ഷമുള്ള അക്ഷരമാണ്.
M - ബുദ്ധിയും കർമ്മചാതുര്യവുമുള്ളവരാണ്. മറ്റുള്ളവരെ ആശ്രയിച്ച് സമയം കളയുകയില്ല. അടിക്കടി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. ഇതുമൂലം വിഷമമുണ്ടാകും. എന്തിലും വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരിക്കും. പിടിവാശിക്കാരാണ്. ഒരു കാര്യവും ഏക്കുകയില്ല. രസികരും കൂർമ്മബുദ്ധിയും അറിവുമുണ്ടായിരിക്കും.
N - വികാരത്തിനടിമയായിരിക്കും. സ്നേഹം, കാമം, കരുണ, ആശ എന്നിവ അമിതമായി ഉണ്ടായിരിക്കും. ഇഷ്ടജനങ്ങളെ ആകർഷിക്കും. മറ്റുള്ളവരുടെ ദുഃഖങ്ങൾ ഇവരെ വേദനിപ്പിക്കും. മറ്റുള്ളവർ താഴ്ത്തിപ്പറയുന്നതിഷ്ടപ്പെടുകയില്ല. എന്തും സ്വന്തം ഇഷ്ടാനുസരണം നടപ്പിലാക്കും. പ്രേമവിഷയത്തിൽ അതീവ തൽപരരാണ്. സുഖലോലുപത മനസ്സിൽ നിറഞ്ഞുകിടക്കും. ആൾക്കാരെ ആശ്രയിച്ചു ജീവിക്കും. ഒരു വികാരജീവിയാണ്. സ്വയം നിയന്ത്രിച്ചു നടന്നാൽ വളരെ ഉയർന്ന നിലയിലെത്തും. പ്രയത്നത്തിലൂടെ ഉയർച്ച ലഭിക്കും. ലക്കും ലഗാനുമില്ലാതെ ലൗകികകാര്യത്തിലിടപെടരുത്.
O - മധ്യസ്ഥമായ മനസ്സിനുടമയാണിവർ. പുതുമയുള്ള ആശയങ്ങളുള്ളവരും പരിശ്രമികളുമാണ്. അമാനുഷിക ശക്തി, അസുലഭ നേട്ടങ്ങൾ, ബുദ്ധിമുട്ടില്ലാതെ ഉദ്ദിഷ്ടഫലസിദ്ധി, വേദാന്തപ്രിയർ, നല്ല മനഃശക്തിയും, വാക്ചാതുര്യവുമുള്ളവരാണ്. വികാരത്തിനടിമപ്പെടാതിരിക്കണം. ലൗകിക ജീവിതം തൃപ്തികരമായിരിക്കും. കാര്യപരാജയമില്ല. വ്യക്തമായ ജീവിതലക്ഷ്യമുണ്ടായിരിക്കുകയില്ല. ഇഷ്ടജനങ്ങളോട് പോലും ഹൃദയം തുറന്ന് സംസാരിക്കുകയില്ല. ഓംകാരത്തിൽ അടങ്ങിയിരിക്കുന്ന നിങ്ങൾ ജീവിതത്തിൽ വിജയിക്കുമെന്നതിൽ തെല്ലും സംശയമില്ല. വിലയും നിലയും കിട്ടും. നേതൃത്വം ഇഷ്ടപ്പെടുന്നവരാണ്.
P - അഗാധവും ദൃഢവുമായ മനോനിലയുമുള്ളവരാണ്. ഇവരുടെ രഹസ്യങ്ങൾ മറ്റുള്ളവർക്ക് അറിയാൻ പറ്റുകയില്ല. വിഷമങ്ങള് ആരെയും അറിയിക്കുകയില്ല. ആത്മസംയമനശീലം ഉള്ളവരും നല്ല പ്രാസംഗികരും ആയിരിക്കും. വാദപ്രതിവാദത്തിൽ മറ്റുള്ളവരെ തോൽപിക്കും. കലാസ്വാദകരാണ്. വാഗ്വാദത്തിൽ നല്ല കാര്യങ്ങൾ നേടുകയും പേരും പ്രശസ്തിയും നേടിയെടുക്കുന്നവരുമാണ്. നല്ല പാട്ടുകാരാണ്. അനുസരണാശീലവും സാമർഥ്യവുമുള്ളവരാണ്. വാക്കിലെ ഊർജ്ജസ്വലത കേൾവിക്കാരെ വശീകരിക്കും. ഭാവനാസിദ്ധിയും സൗന്ദര്യവും സാമർത്ഥ്യവും ഒത്തിണങ്ങിയവരാണ്. മോശപ്പെട്ട അക്ഷരങ്ങൾ കൂട്ടത്തിൽ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കേണ്ടതാണ്.
Q - അറിവും ഉറച്ച അഭിപ്രായവുമുള്ളവരാണ്. വിജയത്തിനുവേണ്ടി പോരാടുന്നവർ. ദൃഢനിശ്ചയവും നേതൃത്വം ആഗ്രഹിക്കുന്നവരും ജീവിതത്തിൽ ഉയർച്ചയിലേക്ക് മുന്നേറുന്നതും പ്രതിബന്ധങ്ങളെ അകറ്റുന്നവരുമാണ്. A,I,J,Y എന്ന അക്ഷരങ്ങള് പേരിലുണ്ടായാൽ ഈ അക്ഷരത്തിന് നല്ല ഫലം ലഭിക്കും. മറ്റുള്ള അക്ഷരത്തോടു ചേർന്നാൽ പ്രയോജനമില്ല.
R - ആദ്യാക്ഷരമായി വന്നാല് നന്ന്. എപ്പോഴും വളരെ ഉത്സാഹത്തോടെ ഇരിക്കുന്നവരാണ്. ചുറ്റുപാടനുസരിച്ച് പ്രവർത്തിക്കാന് കഴിയും. ചെറിയ കാര്യം പോലും ലോകരെ അറിയിക്കാൻ ആഗ്രഹമുള്ളവരാണ്. അത് സാധിക്കുകയും ചെയ്യും. ആത്മവിശ്വാസം കൂടുതൽ ഉള്ളവരാണ്. ഒരു കാര്യം വിചാരിച്ചിറങ്ങിയാൽ അതിൽനിന്നും പിന്മാറുകയില്ല. ഒഴിവെടുക്കാതെ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കും. അന്യരെ മനസ്സിലാക്കാന് അസാമാന്യ കഴിവുള്ളവരാണ്. തന്നിഷ്ടപ്രകാരം നടക്കുന്നവരാണെങ്കിലും നിരന്തര പരിശ്രമം കൊണ്ട് ജീവിതവിജയം കൈവരിക്കും.
S - ഈ അക്ഷരം പേരിലുണ്ടായാൽ പരസ്പരവിരുദ്ധമായ ഗുണങ്ങൾ ഉണ്ടായിരിക്കും. വിരോധികൾ ധാരാളം ഉണ്ടാകും. വാക്കുകള് കൂരമ്പുകൾ പോലെ നിശ്ചിതങ്ങളായിരിക്കും. ക്ഷിപ്രകോപികളായിരിക്കും. എന്നാൽ, ശത്രുക്കൾക്ക് പോലും മാപ്പു കൊടുക്കുന്നവരാണ്. വഴക്കാളിയും ഒപ്പം സമാധാനപ്രിയരുമാണ്. മനസ്സിനുള്ളിൽ നന്മ ധാരാളമുള്ളവരാണ്. ജനങ്ങൾക്ക് ആപത്ത് സംഭവിക്കുമ്പോൾ സാമ്പത്തിക നഷ്ടമോ അധ്വാനഭാരമോ നോക്കാതെ വളരെ ഉത്സാഹമായി സഹായം ചെയ്യുന്നവരാണ്. എല്ലാവരോടും ആത്മാർത്ഥത കാണിക്കും.
T - ആരോഗ്യവാന്മാർ ആയിരിക്കും. നല്ല മനസ്സുള്ളവരാണ്. അന്യർക്ക് സത് ഉപദേശം നൽകുന്നവരാണ്. തീരുമാനങ്ങൾ ഉറപ്പുള്ളതാണ് , ആർക്കും ഇളക്കാൻ പറ്റില്ല. പിടിവാശിക്കാരാണ്. ദയവിനുവേണ്ടി കെഞ്ചുകയില്ല. ഇറങ്ങുന്ന കാര്യത്തിൽ വിജയിക്കും. എല്ലാവരെയും അത്ഭുതപ്പെടുത്തുമാറ് ജീവിതത്തോട് പോരാടി വിജയത്തിലെത്തും. മറ്റുള്ളവർ ഉപേക്ഷിക്കുന്ന ഏതു പ്രവൃത്തിയും നിങ്ങൾക്ക് നിസ്സാരമായിരിക്കും. തീവ്രവാദികളെപ്പോലെ പെരുമാറുന്നവരാണ്. എല്ലാ സുഖങ്ങളും സ്വപ്നത്തിൽ അനുഭവിച്ച് സന്തോഷിക്കും.
U - ദൈവാംശമുള്ള അക്ഷരമാണിത്. ഭൗതികമായും ആത്മീയമായും മനസ്സ് അലട്ടിക്കൊണ്ടിരിക്കും. ഈശ്വരചിന്താമാർഗ്ഗത്തിലൂടെ കാര്യസാധ്യം നടത്താന് ശ്രമിക്കും. അഭ്യസിക്കുന്ന വിദ്യകൾ ജീവിതത്തിൽ പ്രയോജനപ്പെടും. കുടുംബജീവിതം ഭദ്രമായിരിക്കുകയില്ല. സാമ്പത്തികം മിതമായിരിക്കും. സുഖഭോഗം അനുഭവിക്കാനിഷ്ടപ്പെടുന്നവരാണ്. മനസ്വസ്ഥതകുറയും.
V - ആത്മവിശ്വാസമുള്ളവരാണ്. സ്വയം തീരുമാനമെടുക്കുവാൻ കഴിവുള്ളവരുമാണ്. ചുറുചുറുപ്പും ധാരാളം സുഹൃത്തുക്കളും ഉണ്ടായിരിക്കും. മറ്റുള്ളവരെപ്പറ്റി വിലയിരുത്തുവാൻ കഴിവുള്ളവരാണ്. സ്വാർത്ഥമതികളല്ല. അന്യരെ സഹായിക്കാൻ മനസ്സുള്ളവരാണ്. ദൈവഭക്തിയുള്ളവരാണ്. നിത്യജീവിതത്തിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരാണ്. പരിചയമുള്ള വലിയ ഉദ്യോഗസ്ഥരെ കൊണ്ട് സുഹൃത്തുക്കളെ സഹായിക്കും. ശുപാർശകൾ ആവശ്യപ്പെട്ട് പലരും സമീപിക്കും. അതുകൊണ്ട് നല്ല പേരുണ്ടാക്കാൻ കഴിവുള്ളവരാണ്. പഠിച്ചതിനെ സുഗന്ധപൂരിതമാക്കി പണമാക്കി മാറ്റും. വിജയകരമായ അക്ഷരമാണിത്. ആദ്യാക്ഷരമായി വന്നാൽ വിജയപ്രദമാണ്.
W - ഒരേ സമയത്ത് പല കാര്യത്തിലേർപ്പെട്ട് നെട്ടോട്ടം ഓടും. പരീക്ഷണങ്ങൾ നടത്തി വിജയം കരസ്ഥമാക്കും. എല്ലാവരെയും സ്നേഹിക്കാനും അനുസരണാശീലമുള്ളവനും ആയിരിക്കും. സംഘർഷം ജീവിതത്തിലുണ്ടാകില്ല, സുഖവാനും ആയിരിക്കും. ക്ഷമാശീലമുള്ളതിനാൽ ആരോടും തട്ടികയറുകയില്ല, വീമ്പ് ഇളക്കുകയുമില്ല. എല്ലാകാര്യത്തിലും സമർത്ഥനായിരിക്കും. പ്രഥമസ്ഥാനത്തു വരാൻ ആഗ്രഹമുള്ളവരാണ്. മധുരമായി സംസാരിക്കുന്നവനാണ്. തൊഴിലിലൊ പദവിയിലൊ ശാശ്വതമായി നിൽക്കുകയില്ല. ജീവിതത്തിലൊരു കുറവും അനുഭവപ്പെടുകയില്ല.
X - ജീവിതത്തിൽ ഉയർച്ചകള് കൈവരും. ഇഷ്ടജനങ്ങൾ വേഗത്തിൽ മനസ്സിലാക്കുകയില്ല. മനസ്സു തുറന്നു സംസാരിക്കില്ല. പുതിയ കണ്ടുപിടിത്തം നടത്തുമെങ്കിലും മിതഭാഷിയായിരിക്കും. കാര്യങ്ങളിൽ ഏർപ്പെട്ട് വിജയം കരസ്ഥമാക്കും. ഇഷ്ടജനങ്ങള്ക്ക് ഇവരെ ഒരു കടങ്കഥപോലെ തോന്നിക്കുമെങ്കിലും ജീവിതം സുഖസമൃദ്ധമാണ്. ജാഗ്രതയോടുകൂടിയെ കാര്യങ്ങൾ നടത്തുകയുള്ളു. ഉടുതുണിയെ പോലും വിശ്വാസമില്ലാത്തവരാണ്. ഊർജ്ജസ്വലതയുള്ളവരാണ്, ധൈര്യശാലികളാണ്.
Y - ഇവരുടെ ജീവിതം മറ്റൊരാളെ ആശ്രയിച്ചിരിക്കും. ആത്മവിശ്വാസം ഇല്ലാത്തവരാണ്.കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള കഴിവ് ഇവർക്ക് കുറവാണ്. കഠിനമായി സംസാരിക്കുകയില്ല. പേരിൽ A കൂടി ചേർന്നുവന്നാൽ മുന്നേറ്റം തീർച്ചയായും ഉണ്ടാകും. എപ്പോഴും സന്തോഷവും മനഃശാന്തിയും ഉണ്ടാകും.
Z - അതിബുദ്ധിമാൻമാർ ആയിരിക്കും. മധുരമായി സംസാരിക്കും. തന്ത്രശാലിയാണ്. തൻകാര്യക്കാരനാണ്. ജീവിതവിജയം ഉള്ളവനാണ്. പരാജയമെന്തെന്ന് അറിയില്ല. മറ്റുള്ളവരെ ചൊൽപ്പടിക്ക് നിർത്തും. ഇരുമ്പുലക്ക പോലെ അഭിപ്രായം പറയുന്ന വ്യക്തിയാണ്.
ലേഖനം തയ്യാറാക്കിയത്
അരുവിക്കരശ്രീകണ്ഠൻ നായർ
9497009188