കൂറയിട്ടാൽ വീടു വിട്ടുപോകരുത്!

കൂറയിട്ടാൽ വീടു വിട്ടു പോകരുത് എന്നൊരു ആചാരം പണ്ടുണ്ടായിരുന്നു. കൂറയെന്നാൽ കൊടിക്കൂറ. നാട്ടിൽ തട്ടകത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറിയാൽ ഉത്സവം കഴിയുന്നതു വരെ ഗ്രാമം വിട്ടു പോകാൻ പാടില്ല എന്നായിരുന്നു പണ്ടത്തെ രീതി. ഇനി അഥവാ പോകേണ്ടിവന്നാലും രാത്രിക്കു മുൻപേ വീട്ടിലെത്തണം. കൊടിയേറ്റു കഴിഞ്ഞാൽ ഉത്സവം കഴിയുന്നതുവരെ മറ്റു ഗ്രാമങ്ങളിലെ വീടുകളിൽ അന്തിയുറങ്ങരുത് എന്നാണ് ആചാരം.

പണ്ട് കാറും ബസുമൊന്നുമില്ലല്ലോ. ബന്ധുവീടുകളിലേക്കും മറ്റും നടന്നു തന്നെ വേണം പോകാൻ. വീടുവിട്ടു പോയാൽ രണ്ടും മൂന്നും ദിവസം കഴിഞ്ഞേ മടങ്ങിവരാൻ പറ്റൂ. ഉത്സവത്തിന്റെ നടത്തിപ്പു ഗംഭീരമാക്കാൻ കൊടിയേറ്റു കഴിഞ്ഞാൽ ഉത്സവം തീരുന്നതു വരെ എല്ലാവരും നാട്ടിൽ തന്നെ ഉണ്ടാകണം എന്ന പ്രായോഗികത തന്നെയാണ് ഈ ആചാരത്തിനു പിന്നിൽ.

ഉത്സവങ്ങൾ മൂന്നു തരം

എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവത്തിനു കൊടിയേറ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല. ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ പ്രധാനമായും മൂന്നു തരമാണ്- അങ്കുരാദി, ധ്വജാദി, പടഹാദി.മുളയിടൽ എന്ന ചടങ്ങോടെ ആരംഭിക്കുന്നവയാണ് അങ്കുരാദി ഉത്സവങ്ങൾ. കൊടിയേറ്റോടെ തുടങ്ങുന്നത് ധ്വജാദി ഉത്സവം. പെരുമ്പറ കൊട്ടി ആരംഭിക്കുന്നതും വാദ്യമേളങ്ങൾക്കു പ്രാധാന്യമുള്ളതും പടഹാദി ഉത്സവങ്ങൾ.