ഈ ഭാഗ്യരത്നങ്ങൾ ധരിച്ചോളൂ; ഐശ്വര്യം കൂടെപ്പോരും!

ജാതകത്തിലെ നവഗ്രഹ ദോഷങ്ങളെ നിയന്ത്രിക്കാൻ ഏറ്റവും അനുയോജ്യമായ കലിയുഗ പ്രതിവിധിയാണ് രത്നധാരണം എന്ന വസ്തുത പരക്കേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ രത്നനിർണ്ണയ രീതികളെക്കുറിച്ച് പരക്കെ പലവിധ തെറ്റിദ്ധാരണകളും നിലവിൽ ഉണ്ട്. രത്നനിർണ്ണയത്തിൽ പൊതുവിൽ അംഗീകരിക്കപ്പെട്ട് പോരുന്ന രത്ന നിർണ്ണയരീതിയാണ് ലഗ്നാധിപ യോഗകാരക ലഗ്നാധിപമിത്ര എന്ന രീതി. ഇതിൽ പ്രകാരം ജാതക ഗ്രഹനിലയിൽ ലഗ്നാധിപൻ, അഞ്ചാം ഭാവാധിപന്‍, 9–ാം ഭാവാധിപന്‍ എന്നീ ഗ്രഹങ്ങളുടെ രത്നങ്ങൾ ഒരുമിച്ച് ധരിക്കുകയോ, പ്രസ്തുത ഗ്രഹങ്ങളുടെ ജാതകത്തിലെ ബലം കണക്കാക്കി ഒരു രത്നമോ, രണ്ട് രത്നമോ ധരിക്കുകയോ ചെയ്യുന്നതാണ്. ലഗ്നാധിപയോഗ കാരകരീതി ഇവിടെ ജനന വിവരങ്ങളുടെ കൃത്യത പ്രധാനമാണ്.

ഉദാഹരണത്തിന് മേട ലഗ്നത്തിൽ ജനിച്ച വ്യക്തിക്ക് മേൽപറഞ്ഞ രീതിയിൽ ലഗ്നാധിപൻ ആയ ചൊവ്വയുടെ രത്നമായ ചുവന്ന പവിഴവും അഞ്ചാം ഭാവാധിപന്റെ രത്നമായ മാണിക്യം, ഒമ്പതാം ഭാവാധിപന്റെ രത്നമായ മഞ്ഞപുഷ്യരാഗം എന്നിവയും ലഗ്നാധിപന്റെ മിത്രമായ ചന്ദ്രന്റെ മുത്തും (ചന്ദ്രകാന്തവും) ധരിക്കാം. ലഗ്നാധിപന്‍ ആയതിനാൽ ചൊവ്വയുടെ അഷ്ടമാധിപൻ എന്ന ദോഷം ചിന്തിക്കേണ്ടതില്ല. അത് പോലെ 9–ാം ഭാവാധിപന്‍ ആയ വ്യാഴത്തിന് 12–ാം ഭാവത്തിന്റെ ആധിപത്യം കൂടി ഉണ്ട് എന്ന കാര്യവും നോക്കേണ്ടതില്ല. ഈ വിധം 12 ലഗ്നക്കാർക്കും രത്നം കണക്കാക്കാം. മേൽപറഞ്ഞ 1, 5, 9 ഭാവാധിപന്മാർ ഏത് ഭാവത്തിൽ നിൽക്കുന്നു എന്നതും മൗഢ്യം, വക്രം, നീചം എന്നിവയും പരിഗണിക്കേണ്ടതില്ല. രത്നങ്ങളുടെ ഭാരം ഗ്രഹങ്ങളുടെ ബലാബല പ്രകാരം 2 മുതൽ 5 കാരറ്റ് വരെ, പവിഴം, മുത്ത് എന്നിവ പരമാവധി 10 കാരറ്റ് വരെ ധരിക്കാം. രത്നം ധരിക്കുന്ന വ്യക്തിയുടെ ഭാരവും രത്നത്തിന്റെ ഭാരവും ആയി ഒരു ബന്ധവും ഇല്ല.

ജന്മ ലഗ്നം ധരിക്കാനുള്ള രത്നം 

മേടം ചുവന്ന പവിഴവും മാണിക്യം, മഞ്ഞപുഷ്യരാഗം, മുത്ത്

ഇടവം വജ്രം, മരതകം, ഇന്ദ്രനീലം

മിഥുനം മരതകം, വജ്രം (ഇന്ദ്രനീലം)

കർക്കടകം മുത്ത്, ചുവന്ന പവിഴം, മഞ്ഞപുഷ്യരാഗം (മാണിക്യം)

ചിങ്ങം മാണിക്യം, ചുവന്ന പവിഴം (മഞ്ഞപുഷ്യരാഗം), മുത്ത്

കന്നി മരതകം, വജ്രം (ഇന്ദ്രനീലം)

തുലാം വജ്രം, മരതകം, ഇന്ദ്രനീലം

വൃശ്ചികം ചുവന്ന പവിഴം, മഞ്ഞപുഷ്യരാഗം, മാണിക്യം, മുത്ത്

ധനു മഞ്ഞപുഷ്യരാഗം, ചുവന്ന പവിഴം, മാണിക്യം (മുത്ത്)

മകരം ഇന്ദ്രനീലം, വജ്രം, മരതകം

കുംഭം ഇന്ദ്രനീലം, വജ്രം (മരതകം)

മീനം മഞ്ഞപുഷ്യരാഗം, ചുവന്ന പവിഴം, മുത്ത്

ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന രത്നങ്ങൾ കൃത്യമായ ജാതക പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ധരിക്കുക. രത്ന നിർദ്ദേശകന് സംഖ്യശാസ്ത്ര പ്രകാരവും (ന്യൂമറോളജി) രത്നം നിർദ്ദേശിക്കാം. (ജനനസംഖ്യ 10. മാണിക്യം) ജനിച്ച നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ രത്നം നിർണ്ണയിക്കാം. (അശ്വതി – വൈഡൂര്യം)

ജനിച്ച കൂറിന്റെ (ചന്ദ്രൻ നിൽക്കുന്ന രാശി) അടിസ്ഥാനത്തിൽ രത്നം നിർണ്ണയിക്കാം. സൂര്യരാശിയുടെ അടിസ്ഥാനത്തിൽ രത്നം നിർണ്ണയിക്കാം. (ജാതകത്തിൽ സൂര്യൻ നിൽക്കുന്ന രാശി) ജനിച്ച ഇംഗ്ലീഷ് മാസത്തെ അടിസ്ഥാനമാക്കി ലണ്ടനിലെ സ്വർണ്ണക്കടക്കാരുടെ സംഘടന തയ്യാറാക്കിയ ബര്‍ത്ത് സ്റ്റോൺ (ഉദാഹരണം – ജനുവരി ഗാർനറ്റ്) എന്ന രീതിയിലും രത്നം ധരിക്കാം. ജാതക പ്രകാരം ഇപ്പോൾ നടക്കുന്ന ദശാകാല പ്രകാരം ദശാനാഥന്റെ രത്നം ധരിക്കാം. (ശനിദശ – ഇന്ദ്രനീലം)

ജാതകൻ ജോത്സ്യനെ കാണാൻ വരുന്ന സമയത്തെ ഉദയരാശി പ്രകാരം രത്നം ധരിക്കാം. ഉദാഹരണം ജോത്സ്യന്റെ മുന്നിൽ വരുന്ന സമയത്ത് മീനം രാശിയാണ് ഉദിച്ച് നിൽക്കുന്നതെങ്കിൽ മഞ്ഞപുഷ്യരാഗം എന്ന വ്യാഴത്തിന്റെ രത്നം ധരിക്കാം എന്ന് വിശ്വസിച്ച് പോരുന്നു.

ജാതകന്റെ പ്രശ്നങ്ങള്‍ പഠിച്ചശേഷം ഉത്തമമായ രത്നത്തെ നിർദ്ദേശിക്കുന്ന രീതിയും നിലവിൽ ഉണ്ട്. ഒരുവിധ ജാതകവിവരങ്ങളും ലഭ്യമല്ലാത്തവർക്ക് നവരത്നമോതിരം വിധിപ്രകാരം ധരിക്കാം.

ഏത് രീതിയിൽ ധരിച്ചാലും ജാതകന് രത്നം ധരിച്ച് ഗുണം ഒന്നും അനുഭവപ്പെട്ടിട്ടില്ല എങ്കിലും ദോഷാനുഭവങ്ങള്‍ ഉണ്ടായാലും രത്നം മാറ്റിവെച്ച് കൂടുതൽ ജാതകപഠനം നടത്തി പുതിയ രത്നം ധരിക്കാവുന്നതാണ്.

പൊട്ടൽ, കറുത്ത വലിയപുള്ളികൾ, മങ്ങിയ നിറം, പലതരം അടയാളങ്ങൾ, ഭംഗിയില്ലായ്മ എന്നിവ ഉള്ള രത്നങ്ങള്‍ ധരിക്കരുത്. കഴിവതും അംഗീകൃത രത്നപരിശോധനാ ലാബുകളുടെ സർട്ടിഫിക്കറ്റുള്ള രത്നം ധരിക്കുക.

രത്ന നിർദ്ദേശകന്റെ പ്രവർത്തന പരിചയവും നൈപുണ്യവും കൈപ്പുണ്യവും രത്നം മൂലം അനുകൂല ഫലം വരാൻ പ്രധാനമാണ് എന്ന് ചിന്തിക്കണം. നല്ലപോലെ ആലോചിച്ച് ഉറപ്പിച്ച ശേഷം രത്നം ധരിക്കുക. ലഗ്നാധിപയോഗകാരക ലഗ്നാധിപമിത്ര എന്ന ഗ്രഹ അനുകൂല രത്നനിർണ്ണയ രീതി വളരെ ഫലപ്രദമായി അനുഭവപ്പെടുന്നതാണ്.

ലേഖകൻ

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments, Opp. Thycaud Police Ground

Thycaud P.O, Trivandrum - 14

Phone: 0471 - 2324553, Mob: 9526480571, 9447251087

Email: jyothisgems@gmail.com

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions