Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരത്ന മോതിരം ധരിച്ചാൽ ഒന്നല്ല, അനേകം ഫലം

Navarathna Ring

ഭാരതത്തിൽ സർവ്വസാധാരണയായി കാണുന്ന ഒരു രത്നധാരണ രീതിയാണ് നവരത്നങ്ങൾ ഒരുമിച്ച് ധരിക്കുക എന്നത്. നവരത്ന മോതിരത്തെകുറിച്ച് അനുകൂലവും പ്രതികൂലവുമായ വാദഗതികളുണ്ട്. നവഗ്രഹങ്ങളെ ഈ രത്ന ധാരണ രീതി കൊണ്ട് ഒരുമിച്ച് പ്രീതിപ്പെടുത്താം എന്നാണ് വിശ്വാസം. നവരത്ന മോതിരം തയാറാക്കുന്നത് ഒരു പാരമ്പര്യ വിധി പ്രകാരമാണ്. ഓരോ രത്നങ്ങൾക്കും ഓരോ സ്ഥാനം ഉണ്ട്. അത് പ്രകാരം വേണം ആ രത്നങ്ങൾ നവരത്ന മോതിരത്തിൽ ഘടിപ്പിക്കാൻ. പരമ്പരാഗത സ്വർണ്ണപ്പണിക്കാർക്ക് ഇത് അറിയാം. നവരത്നമോതിരം തയാറാക്കുന്ന പരമ്പരാഗത രീതി ഇപ്രകാരമാണ്

വാസ്തുശാസ്ത്ര സംബന്ധമായ കോണുകള്‍ അനുസരിച്ചാണ് രത്നത്തിന്റെ സ്ഥാനം.

1. ഈശാനൻ – വടക്ക് കിഴക്ക് – മരതകം – (ബുധൻ)

2. ഇന്ദ്രൻ – കിഴക്ക് – വജ്രം– (ശുക്രൻ)

3. അഗ്നി – തെക്ക് കിഴക്ക് – മുത്ത് – (ചന്ദ്രൻ)

4. കുബേരൻ – വടക്ക് – പുഷ്യരാഗം – (വ്യാഴം)

5. വായു – വടക്ക് പടിഞ്ഞാറ് – വൈഡൂര്യം – (കേതു)

6. സൂര്യൻ – മാണിക്യം – ബ്രഹ്മസൂത്രം – മദ്ധ്യഭാഗം (രവി)

7. യമൻ – തെക്ക് – ചുവന്ന പവിഴം – (ചൊവ്വ)

8. വരുണൻ – പടിഞ്ഞാറ് – ഇന്ദ്രനീലം – (ശനി)

9. നിര്യതി – തെക്ക് പടിഞ്ഞാറ് – ഗോമേദകം– (രാഹു)

നവരത്നമോതിരം ധരിച്ച വ്യക്തി കിഴക്കോട്ട് കൈ നീട്ടുമ്പോൾ ഈ രീതിയിൽ രത്നങ്ങള്‍ വരണം എന്നതാണ് പാരമ്പര്യ വിധി. വജ്രം – മരതകം – മുത്ത് വരുന്ന ഭാഗം നഖത്തിന് നേരെ വരും വിധം ധരിക്കുക.

മരതകം (Emarald)

വിദ്യാകാരനായ ബുധന്റെ രത്നം ശരീരത്തിലെ നാഡികളുടെയും ബുദ്ധിയുടെയും വിദ്യയുടെയും ശരീരത്തിലെ വാർത്താവിതരണത്തിന്റെയും അധിപൻ ആയ ബുധന്റെ സ്ഥാനം ആണ് വടക്ക് കിഴക്ക് ദിക്കായ ഈശാനകോൺ. ഈ ഭാഗത്താണ് ബുധന്റെ രത്നമായ മരതകത്തിന്റെ സ്ഥാനം.

വജ്രം (Diamond)

കിഴക്ക് ദേവരാജാവായ ഇന്ദ്രന്റെ സ്ഥാനം സർവ സുഖഭോഗങ്ങളുടെയും ഉറവിടമായ ശുക്രന്റെ സ്ഥാനം ആണ്. വജ്രം ഈ ഭാഗത്താണ് പതിപ്പിക്കുന്നത്. ദാമ്പത്യസുഖാനുഭവം, ആഡംബരജീവിതം, സർവത്ര സുഖ ലഭ്യത എന്നിവ ഫലം.

മുത്ത് (Pearl)

സാന്ത്വനം സമാധാനം മാതൃത്വം എന്നിവയുടെ കാരകൻ (മനോകാരകൻ) ആയ ചന്ദ്രന്റെ സ്ഥാനം തെക്ക് കിഴക്കാണ് അഗ്നി കോണിന്റെ തീക്ഷ്ണതയെ ജലമയനായ ചന്ദ്രൻ ശമിപ്പിക്കുന്നു.

മഞ്ഞ പുഷ്യരാഗം (Yellow Sapphire)

വടക്ക് ധനാധിപനായ കുബേരന്റെ ദിക്ക് ഐശ്വര്യം, ധനം, ഭാഗ്യാനുഭവം എന്നിവയുടെ കാരകനും ജാതകത്തിലെ ഈശ്വരാധീനത്തിന്റെ ഉറവിടവുമായ വ്യാഴത്തിന്റെ സ്ഥാനമാണ് വടക്ക് ദിക്ക്. ഈ സ്ഥാനത്താണ് വ്യാഴത്തിന്റെ രത്നമായ പുഷ്യരാഗം പതിക്കേണ്ടത്.

മാണിക്യം (Ruby)

നമ്മുടെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യന് ഒത്ത മദ്ധ്യത്തിലാണ് സ്ഥാനം. അധികാരം, തീക്ഷ്ണത, ജീവശക്തി, ഊർജ്ജസ്വലത, വേഗത എന്നിവയുടെ കാരകനാണ് സൂര്യൻ. മാണിക്യ രത്നത്തിന്റെ സ്ഥാനം നവരത്നമോതിരത്തിന്റെ മദ്ധ്യത്തിലായി ബ്രഹ്മസൂത്രത്തിലാണ്. എല്ലാ ദിക്കിലേക്കും ജീവശക്തി പകരുന്നത് സൂര്യദേവനാണ്.

ചുവന്ന പവിഴം (Red Coral)

തെക്ക് ഭാഗത്താണ് ചൊവ്വയുടെ സ്ഥാനം. പരമേശ്വരൻ ചൊവ്വയുടെ ദേവൻ ആയ ശ്രീമുരുകനെ ആദ്യമായി ദക്ഷിണദേശത്തേക്കാണ് അസുരൻമാരെ അമർച്ച ചെയ്യാൻ വേണ്ടി അയക്കുന്നത്. തെക്കിന്റെ ദോഷങ്ങളെ ശമിപ്പിക്കാൻ ചുവന്ന പവിഴം സഹായിക്കും. വൈദ്യുതി പ്രവാഹം, ശാരീരിക ശേഷി, ദേഹകാരകത്വം, മംഗല്യഭാഗ്യം എന്നിവയുടെ കാരകനാണ് ചൊവ്വ. യമധർമ്മരാജന്റെ ദിക്കായ തെക്ക് വശത്താണ് പവിഴം ഘടിപ്പിക്കുന്നത്.

വൈഡൂര്യം (Cat's eye)

ജ്ഞാനകാരകനായ കേതുവിന് വായുകോണിൽ ആണ് സ്ഥാനം, പെട്ടെന്ന് ധനവാനാകും, നിഗൂഢശാസ്ത്രപഠനത്തിനും, കേതുദശദോഷ ശമനത്തിനും ഈ രത്നം സഹായിക്കും.

ഇന്ദ്രനീലം (Blue Sapphire)

വരുണന്റെ ദിക്കായ പടിഞ്ഞാറാണ് ശനീശ്വരന്റെ സ്ഥാനം. ഇന്ദ്രനീലം എല്ലാവിധ ശനിദോഷങ്ങൾക്കും പരിഹാരം നൽകും. മൃത്യുകാരകനായ ശനിയുടെ സ്ഥാനം അസ്തമന ദിക്കായ പടിഞ്ഞാറാണ്.

ഗോമേദകം (Grosular Garnet)

അസുര സൈന്യാധിപനായ രാഹുവിന്റെ സ്ഥാനം കന്നിമൂലയിൽ (തെക്ക് പടിഞ്ഞാറ്) ആണ്. (നിര്യതി കോൺ) നിര്യതി ഒരു അസുരനാണല്ലോ, ഊഹകച്ചവടം, അതിമോഹം, സർവ വിധത്തിലുള്ള വിഷബാധ ശമനത്തിനും സർപ്പദോഷ നിവാരണത്തിനും, രാഹു ദശാദോഷപരിഹാരത്തിനും ഗോമേദക രത്നം ശമനം നൽകും. എല്ലാ രാസവസ്തുക്കളുടെയും കാരകത്വം രാഹുവിനാണ്.

നവരത്നമോതിരത്തിലെ ശക്തി കൂടിയ രത്നം വജ്രം ആകയാൽ ആദ്യമായി ധരിക്കാന്‍ ശുക്രന്റെ ദിവസം ആയ വെള്ളിയാഴ്ച രാവിലെ സൂര്യോദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ശുക്രന്റെ കാലഹോരയിൽ ധരിക്കുക എന്നതാണ് പൊതുവായി അനുവര്‍ത്തിച്ച് വരുന്ന രീതി. ഞായറാഴ്ച രാവിലെ സൂര്യന്റെ കാലഹോരയിലും നവരത്നമോതിരം ആദ്യമായി ധരിക്കാം. മേൽപറഞ്ഞ ആഴ്ചയിൽ ഏകദേശം രാവിലെ 7 മണി സമയത്ത് ധരിക്കുക.

രത്നങ്ങള്‍ക്ക് അശുദ്ധി ബാധകമല്ലാത്തതിനാൽ നവരത്നമോതിരം ധരിച്ചുകൊണ്ട് മത്സ്യമാംസാദികൾ കഴിക്കുന്നതിലോ, ദാമ്പത്യ സുഖാനുഭവത്തിനോ യാതൊരു ദോഷവും ഇല്ല.

രത്നം ധരിച്ചുകൊണ്ട് ശവശരീരത്തിൽ സ്പർശിച്ചതുകൊണ്ടോ, മരണസ്ഥലത്ത് പോയതുകൊണ്ടോ യാതൊരു ദോഷവും ഇല്ല. മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കാൻ നവരത്നമോതിരം ധരിക്കുന്നത് നല്ലതാണ്. കാലസർപ്പദോഷത്തിന് ശമനം കിട്ടാൻ നവരത്നമോതിരം സഹായിക്കും. പൊതുവിൽ നവരത്നമോതിരം എല്ലാവർക്കും ധരിക്കാം.

നവരത്നമോതിരം ധരിച്ച് മോശം അനുഭവം ഉണ്ടായാൽ അതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ

∙ രത്നങ്ങൾ ശരിയായ വിധം അല്ല മോതിരത്തിൽ പതിപ്പിച്ചിരിക്കുന്നത്.

∙ ജാതകപ്രകാരം ശുക്രൻ നിങ്ങൾക്ക് ദോഷവാനാണ്. അല്ലെങ്കിൽ ശുക്രൻ 22–ാം ദ്രേക്കണാധിപൻ ആണ്.

∙ സൂര്യന്റെ ദോഷം 22–ാം ദ്രേക്കണാധിപത്യം എന്നിവ മൂലവും നവരത്ന മോതിരം ഗുണപ്രദമല്ലാതാകും.

∙ രത്നമോതിരത്തിലെ ഇന്ദ്രനീലം വരുന്ന ഭാഗം നിങ്ങൾ നഖത്തിന് നേരേ ധരിക്കുന്നതു മൂലം ദോഷം വരാം.

∙ നവരത്നത്തിൽ പതിച്ചിരിക്കുന്ന രത്നങ്ങൾ എല്ലാം തന്നെ ഒറിജിനൽ പ്രകൃതിജന്യ രത്നങ്ങൾ (നാച്ചുറൽ ജംസ്) തന്നെയായിരിക്കണം. നവരത്ന മോതിരത്തിലെ ഏതെങ്കിലും രത്നം കൃത്രിമമായാൽ ദോഷം വരും. പലപ്പോഴും ശരിയായ വജ്രത്തിന് പകരം സിന്തറ്റിക് വജ്രം (അമേരിക്കൻ ഡയമണ്ട്) പതിച്ച നവരത്ന മോതിരവും ദോഷം വരുത്താം. ഇപ്പോൾ ഡയമണ്ടിന് പകരം മറ്റ് പല സിന്തറ്റിക് രത്നങ്ങളും മാർക്കറ്റിൽ ലഭ്യമാണ്. ചതുരം, ദീർഘ ചതുരം, വൃത്തം എന്നീ രീതികളിൽ നവരത്നമോതിരം തയാറാക്കാം. ചതുര നവരത്നമോതിരമാണ് ഉത്തമം. വെള്ളിയിലും സ്വർണ്ണത്തിലും നവരത്ന മോതിരം തയാറാക്കാം. 8 ഗ്രാം മുതൽ 10 ഗ്രാം വരെ വെള്ളിയിലോ, സ്വർണ്ണമോ ആകാം വിരലിന്റെ അളവനുസരിച്ച് ഇതിൽ വ്യത്യാസം വരുത്താം.

നവരത്നമോതിരത്തിൽ മിനിമം 10 സെന്റ് (20 മില്ലി ഗ്രാം) വജ്രം ആവശ്യമാണ്. പരമാവധി 20 സെന്റ് വരെയാണ് പതിവ്. മറ്റ് രത്നങ്ങൾ വജ്രത്തിന് ആനുപാതികമായി തൂക്കത്തിൽ ചേർക്കുക. ശരാശരി എല്ലാ രത്നങ്ങളും ചേർത്ത് വിരലിന്റെ സൈസ് അനുസരിച്ച് 300 മില്ലി ഗ്രാം മുതൽ 600 മില്ലി ഗ്രാം വരെയാകാം. ഇതേ രീതിയിൽ തന്നെ നവരത്ന ലോക്കറ്റും തയാറാക്കാം. നവരത്നമോതിരവും ലോക്കറ്റും പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ധരിക്കാം.

അടിവശം തുറന്ന വിധത്തിൽവേണം ജ്യോതിഷ പ്രശ്ന പരിഹാരത്തിനായി നവരത്നമോതിരം തയാറാക്കേണ്ടത്. അടിവശം അടഞ്ഞിരുന്നാൽ ഗുണം കുറയും എന്നാണ് അനുഭവം. രത്നമോതിരത്തിന്റെ അടിവശം അഴുക്ക് കയറി അടയാതെ നോക്കണം. രത്നത്തിന്റെ നിറം മങ്ങിയാൽ ടോയ്‌ലറ്റ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. സ്വർണ്ണപണിക്കാരുടെ കൈവശം കൊടുത്ത് വൃത്തിയാക്കുന്നതും നല്ലതാണ്. നവഗ്രഹ ശക്തി വര്‍ധിപ്പിക്കാൻ നവരത്നമോതിരം പരിഹാരമാണ്. ജാതക ഗ്രഹനില അറിയാത്തവർക്കാണ് പൊതുവിൽ നവരത്ന മോതിരം നിർദേശിക്കുന്നത്. പല രത്നങ്ങൾ ധരിച്ചിട്ടും ഗുണഫലം ലഭിക്കാത്തവർക്ക് നവരത്നമോതിരം ധരിക്കുന്നത് നല്ലതാണ്. ജീവിത പ്രതിസന്ധികളിൽ ഒരു പ്രതിരോധ കവചമായി നവരത്നമോതിരം പ്രവർത്തിക്കും എന്ന് വിശ്വസിച്ച് വരുന്നു. നവരത്ന മോതിരം ധരിച്ച് നവഗ്രഹശക്തി വര്‍ധിപ്പിക്കുക. രത്നാഭരണമായും നവരത്ന മോതിരവും നവരത്ന ലോക്കറ്റും ധരിക്കാം. നവരത്ന മോതിരത്തിലെ രത്നങ്ങൾക്ക് നല്ല ഗുണമേന്മ വേണം എന്നാലെ ഫലപ്രദമാകൂ. നവരത്നമോതിരം അത് ധരിച്ചിരിക്കുന്ന വ്യക്തിയുടെ സ്ഥിരത ജീവിതാന്ത്യം വരെ നിലനിർത്തും എന്നാണ് വിശ്വാസം. 

ലേഖകൻ

R. Sanjeev Kumar PGA

Jyothis Astrological Research Centre

Lulu Apartments, Thycaud P.O, Thiruvananthapuram

PIN - 695014

Mob: 9447251087, 9526480571

E-mail: jyothisgems@gmail.com