Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണാറശ്ശാല ആയില്യവും പ്രധാനപ്പെട്ട വഴിപാടുകളും

നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം 'മണ്ണാറശാല ആയില്യം' എന്നാണ് അറിയപ്പെടുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിൽ  മണ്ണാറശാല ഉത്സവത്തിനു തുടക്കമാകും. പൂയം തൊഴൽ 31ന് വൈകിട്ട് 5നു നടക്കും. നവംബർ 01  വ്യാഴാഴ്ചയാണ് ഇക്കൊല്ലത്തെ  മണ്ണാറശാല ആയില്യം.

ഐതിഹ്യം 

മണ്ണാറശാല

ദമ്പതികളായിരുന്ന വസുദേവനും ശ്രീദേവിയും സന്താനദുഃഖം ഉള്ളിലൊതുക്കി ഈശ്വരഭജനവുമായി കഴിയുകയായിരുന്നു. ഇല്ലത്തിനടുത്തുള്ള കാവിലെ  നാഗരാജാവിനെ ആയിരുന്നു ഇവർ പൂജിച്ചു പോന്നിരുന്നത്. ഈ സമയത്താണ്‌ ചുറ്റുമുളള വനത്തില്‍ കാട്ടുതീ പടർന്നത്.  അഗ്നിയില്‍ പെട്ട് മരണവെപ്രാളത്തിൽ വന്ന  നാഗങ്ങളെ കണ്ടു  ദമ്പതികള്‍ പരിഭ്രമിച്ചുവെങ്കിലും തങ്ങളാൽ ആവുന്ന വിധത്തിൽ പരിചരിച്ചു സംരക്ഷിച്ചു . സർപ്പ പ്രീതിയാൽ ശ്രീദേവി അന്തർജ്ജനം ഗർഭവതിയാവുകയും രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു . ഒരാൾ മനുഷ്യശിശുവും മറ്റെയാൾ അഞ്ചുതലയുളള സര്‍പ്പശിശുവും ആയിരുന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക്‌ കടന്നു. സർപ്പശിശു ഇല്ലത്തെ നിലവറയിൽ നാഗരാജാവായി പൂകുകയും ചെയ്തു. ഇവിടെ നാഗരാജാവ്‌ ചിരംജീവിയായി വാഴുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. നിലവറയില്‍ കുടികൊള്ളുന്ന നാഗരാജാവിനെ വര്‍ഷത്തിലൊരിക്കല്‍ നേരിട്ടുകാണാന്‍ മാതാവിന്‌ അവസരം നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് ആയില്യം നാള്‍ പൂജ. 

മണ്ണാറശ്ശാലയിലെ 'കാവ്'

പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകൾ. പതിനാലു ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും സ്ഥിതിചെയ്യുന്നത്. വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ രീതിയാണ് മണ്ണാറശാലയിൽ . നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കു വശത്തു മറ്റൊരു ശ്രീകോവിലിലായാണു സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠ.

മണ്ണാറശാല അമ്മ

mannarasala-784x410-ezunellath

സ്‌ത്രീയാണ്  ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി . 'മണ്ണാറശാല അമ്മ' എന്നറിയപ്പെടുന്ന പൂജാരിണി ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്. പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ. മണ്ണാറശാല ആയില്യത്തിനു നടത്തുന്ന എഴുന്നള്ളത്തു പ്രധാനപ്പെട്ട ചടങ്ങാണ്. ഉച്ചപൂജയ്ക്ക് ശേഷമാണ് പ്രസിദ്ധമായ ആയില്യം എഴുന്നളളത്ത്. നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഇല്ലത്തെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്.

ഉരുളി കമിഴ്‌ത്തൽ വഴിപാട്

ഇവിടുത്തെ പ്രത്യേക വഴിപാടാണ് ഉരുളി കമിഴ്‌ത്തൽ. സന്താനഭാഗ്യത്തിനാണ് ഈ വഴിപാട് നടത്തുന്നത്. വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രത്തിലെത്തുന്ന  ദമ്പതികള്‍ക്കു ഓട്ടുരുളി ക്ഷേത്രത്തില്‍നിന്നും നല്‍കുന്നു. താളമേളവാദ്യങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന്‌ ചുറ്റും മൂന്ന്‌ തവണ പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്റെ നടയിൽ സമർപ്പിക്കണം . തുടര്‍ന്ന്‌ ദമ്പതികള്‍ ഇല്ലത്തു ചെന്ന്‌ അമ്മയെ ദര്‍ശിച്ച്‌ ഭസ്മം വാങ്ങി അനുഗ്രഹം തേടണം. നടയ്ക്കു  വച്ച  ഉരുളി പിന്നീട്‌ അമ്മ നിലവറയില്‍ കമഴ്ത്തിവെയ്ക്കും. കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ആറാം മാസം വന്ന്, ഉരുളി നിവർത്തണമെന്നാണു വിശ്വാസം.