Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കന്ദഷഷ്ഠിയിൽ ശൂരൻപോര് തൊഴുത് അനുഗ്രഹം നേടാം

Thiruvannur Subrahmanya Temple

അതിർത്തികളും ഭാഷയും സംസ്കാരവും എല്ലാം മാറ്റിനിർത്തി സ്കന്ദഷഷ്ഠി ദിനത്തിൽ ശൂരസംഹാരം നടത്തപ്പെടുന്ന കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കോഴിക്കോട് തിരുവണ്ണൂരിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. തമിഴ്നാട്ടിൽ ശൂരൻപോര് എന്ന പേരിൽ ആചരിച്ചിരുന്ന ആഘോഷം ഈ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ നടത്താറുണ്ടെങ്കിലും ഏറെ മാറി കോഴിക്കോട് നഗരത്തിന്റെ മധ്യത്തിൽ അതിന്റെ എല്ലാ പ്രൗഢിയോടെയും ആവേശത്തോടെയും നടത്തുന്നു. ജാതിമതഭേദമന്യേ ഒരു നാട് മുഴുവൻ കൊണ്ടാടുന്ന ഉത്സവമാണ് ശൂരമ്പട എന്നറിയപ്പെടുന്ന ശൂരസംഹാരം. തിന്മയുടെ മേൽ നന്മ വിജയിച്ചതിന്റെ ഉത്സവമായും ആഘോഷത്തെ കാണുന്നു. തുലാമാസത്തിലെ സ്കന്ദഷഷ്ഠി ദിനത്തിൽ നടക്കുന്ന ശൂരസംഹാര ചടങ്ങുകൾ നാടിന്റെ തനത് ആഘോഷവുമാണ്. 'കേരളത്തിലെ തിരുച്ചെന്തൂർ' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. 

ശൂരസംഹാര  ഐതിഹ്യം

ത്രിമൂര്‍ത്തികളില്‍നിന്നു നേടിയെടുത്ത വരങ്ങളുടെ പിൻബലത്തിൽ മൂന്ന് ലോകവും അടക്കിവാണിരുന്ന അസുരരാജാവായിരുന്നു  ശൂരപത്മൻ. ശൂരപത്മാസുരന്റെ ദുർഭരണത്താൽ പൊറുതിമുട്ടിയ ദേവൻമാർ ഭഗവാൻ പരമശിവനെ കണ്ട് സങ്കടമുണർത്തിച്ചു. ദുഷ്ടന്മാരായ ശൂരതാരക സഹോദരൻമാരെ നിഗ്രഹിക്കുവാനായാണ് പാർവതീ–പരമേശ്വര പുത്രനായി സുബ്രഹ്മണ്യൻ ജനിച്ചത്. തന്റെ അവതാരോദ്ദേശ്യം പൂർത്തീകരിക്കുന്നതിനായി ബാലസുബ്രഹ്മണ്യൻ ജ്യേഷ്ഠനായ ഗണപതിയുടെയും സേനാനായകനായ വീരബാഹുവിന്റെയും സഹായത്തോടെ ശൂരപത്മാസുരനെ പോരിനു വിളിക്കുന്നു. തുടർന്ന് ഘോരമായ ദേവാസുരയുദ്ധം നടക്കുന്നു. ഭഗവാൻ തന്റെ ആയുധമായ ശക്തിവേലുകൊണ്ട് ശൂരതാരക സഹോദരൻമാരെ നിഗ്രഹിച്ചു. ഇതിന്റെ ഓർമയ്ക്കായാണ് ശൂരസംഹാര ചടങ്ങുകൾ നടത്തുന്നത്. 

shoorsamharam

കോവിൽ വന്ന വഴി

പണ്ടു തിരുവണ്ണൂരിൽ സാമൂതിരി രാജ കുടുംബത്തിലെ മഞ്ചൽ ചുമക്കുവാൻ വേണ്ടി തമിഴ് വംശജരായ 'പോണ്ടന്മാർ' എന്ന ഒരു സമുദായക്കാർ താമസിച്ചിരുന്നു. ഇവരാണ് ക്ഷേത്രവും ഈ ആചാരവും തുടങ്ങിയതെന്നാണ് വിശ്വാസം. ഈ തമിഴ് പാരമ്പര്യത്തോടെ മലയാളികൾ നടത്തുന്നതാണ് ഉൽസവം. ഇന്ന് തിരുവണ്ണൂർ സുബ്രഹ്മണ്യക്ഷേത്രം നിൽക്കുന്നിടത്തു അവരുടെ ഇഷ്ട ദേവനായ സുബ്രഹ്മണ്യ സ്വാമിയെ ആരാധിച്ചിരുന്നു. പിന്നീട് അവിടെ ഒരു സുബ്രഹ്മണ്യ ക്ഷേത്രം രൂപപ്പെടുകയും തമിഴ് പാരമ്പര്യത്തിൽ ശൂരൻപോര് എന്നറിയപ്പെടുന്ന ശൂരസംഹാരം തിരുവണ്ണൂരിൽ ശൂരമ്പട എന്ന പേരിലും ആചരിക്കപ്പെട്ടു പോന്നു. പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതായ സ്കന്ദപുരാണത്തിൽ പരാമർശിക്കുന്ന ഇതിവൃത്തമാണ് ഈ ഉത്സവത്തിന് ആധാരം. ഈ പ്രദേശത്തുള്ളവർ സുബ്രഹ്മണ്യ ക്ഷേത്രമെന്നല്ല, കോവിൽ എന്നാണ് വിളിച്ചുപോരുന്നത്. തമിഴ് സ്വാധീനം വ്യക്തം.

shoorambada

ചടങ്ങുകൾ

അസുരനിഗ്രഹത്തിനായി യുദ്ധം ചെയ്യാൻ പോകുന്നതിനു മുൻപ് സുബ്രഹ്മണ്യ സ്വാമി തന്റെ മാതാപിതാക്കളെ വന്ദിക്കുകയും അനുവാദം വാങ്ങാൻ പോകുന്നവെന്ന സങ്കൽപത്തിൽ തിരുവണ്ണൂർ മഹാദേവക്ഷേത്രത്തിലും പന്നിയങ്കര ദേവീക്ഷേത്രത്തിലും രഥഘോഷയാത്രയായി പോയ ശേഷമാണ് ശൂരൻപോരിന്റെ വേദിയായ ആൽത്തറയിൽ എത്തുന്നത്. താരകാസുരൻ‍, ശൂരപത്മാസുരൻ, വീരബാഹു എന്നിവരുടെ കൂറ്റൻ കോലങ്ങളുള്ള കൈവണ്ടികളും ഗണപതി ഭഗവാന്റെയും സുബ്രഹ്മണ്യ സ്വാമിയുടെയും രഥങ്ങളും ആല്‍ത്തറയ്ക്കു ചുറ്റും യുദ്ധാന്തരീക്ഷം സൃഷ്ടിക്കും. വലിയ ചക്രങ്ങളുള്ള കൈവണ്ടി റോഡിലൂടെ പടവെട്ടുകയും ചെണ്ടയുടെയും ആളുകളുടെയും ആരവവും ഉയരുമ്പോൾ അവിടം പറഞ്ഞറിയിക്കാൻ കഴിയാത്തവിധമുള്ള അന്തരീക്ഷമാകും. ഒടുവിൽ അസുരനിഗ്രത്തിനുശേഷം ആഘോഷവും. ഈ ചടങ്ങുകൾ അതിന്റെ തനിമയോടെയും  പ്രൗഢഗംഭീരമായും നടത്തിവരുന്നത് തിരുവണ്ണൂരിലെ ജനങ്ങളാണ്. തമിഴ്സംസ്ക്കാരത്തെ മലയാളികൾ ഏറ്റെടുത്തുകൊണ്ട് നടത്തുന്നതിന്റെ അപൂർവകാഴ്ചയാണ് തിരുവണ്ണൂരിൽ അരങ്ങേറുന്നത്. ചടങ്ങു കാണാനും അനുഗ്രഹം നേടാനുമായി ഉൽസവദിവസം സമീപ സ്ഥലങ്ങളിൽനിന്നു നൂറുകണക്കിനു ഭക്തർ എത്താറുണ്ട്.