Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃപ്രയാർ ഏകാദശി മാഹാത്മ്യം

thriprayar

വൃശ്ചികത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്തപക്ഷത്തിലെ  ഏകാദശി  തൃപ്രയാർ ഏകാദശി എന്നും അറിയപ്പെടുന്നു . ഈ വർഷം  തൃപ്രയാർ ഏകാദശി ഡിസംബർ 3 തിങ്കളാഴ്ചയാണ്. തൃശ്ശൂർ ജില്ലയിലെ നാട്ടിക ഗ്രാമപഞ്ചായത്തിൽ  തീവ്രാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തൃപ്രയാർ . ചതുർബാഹുവായ ശ്രീരാമചന്ദ്രനാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.  സാധാരണ വിഷ്ണുക്ഷേത്രങ്ങളിൽ വെളുത്തപക്ഷ ഏകാദശിക്കാണ് പ്രാമുഖ്യം എന്നാൽ തൃപ്പയാറപ്പന്റെ ശൈവചൈതന്യം  മൂലമാണ് ഇവിടെ കറുത്തപക്ഷ ഏകാദശി പ്രധാനമായത്. ത്രിമൂർത്തീചൈതന്യം നിറഞ്ഞ ദേവനാണ് തൃപ്രയാറപ്പൻ. ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ തൊഴുതു പ്രാർഥിച്ചാൽ സകല ദുരിതങ്ങളും ദാരിദ്ര്യവും നീങ്ങുമെന്നാണ് വിശ്വാസം. 

തൃപ്രയാർ ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യദർശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്.ഗുരുവായൂരിൽ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന്  ദ്വാദശിസമർപ്പണവുമുണ്ട്. അന്നേദിവസം ഭഗവാനെ തൊഴുതു പ്രാർഥിച്ച് കാണിക്കയര്‍പ്പിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്.ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന പ്രധാന ചടങ്ങാണ് ദശമിവിളക്ക്. അന്നേദിവസം മുഖ്യപ്രതിഷ്ഠയായ ശ്രീരാമനുപകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ്  എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിനാണെങ്കിലും വിളക്ക് തൃപ്രയാർ തേവർക്കാണ് സമർപ്പിക്കുന്നത്.

പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്. 10, 101, 1001 എന്നീ ക്രമത്തിലാണ് വഴിപാട് . ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ചെത്തുന്നു എന്ന വിശ്വാസത്തിലാണ് മീനൂട്ട് നടത്തപ്പെടുന്നത്. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ മീനൂട്ട് വഴിപാട് ഉത്തമമത്രേ.  ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് ഉത്തമ ഔഷധമാണെന്നാണ് വിശ്വാസം. ശ്രീരാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാൻ സ്വാമിയുടെ സാമീപ്യം ഉണ്ടാവുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ ഹനുമാൻസ്വാമിക്ക് പ്രത്യേകം പ്രതിഷ്ഠയില്ലെങ്കിലും ഹനുമദ്പ്രീതിയ്ക്കും  സര്‍വാഭീഷ്ട സിദ്ധിക്കായും  നിത്യേന സുന്ദരകാണ്ഡ പാരായണവും അവൽ നിവേദ്യവും  സമർപ്പിക്കാറുണ്ട്.