അനുകൂല ഊർജം നിറഞ്ഞതും ഭക്തിസാന്ദ്രവുമായ ഇടമാണ് ആരാധനാലയങ്ങൾ. മനുഷ്യശരീരത്തിന്റെ പ്രതീകമാണ് ക്ഷേത്രം. മനുഷ്യശരീരത്തിൽ എപ്രകാരം ഈശ്വരൻ കുടികൊള്ളുന്നുവോ അപ്രകാരം ക്ഷേത്രമെന്ന ശരീരത്തിൽ പ്രതിഷ്ഠയായി ഈശ്വര ചൈതന്യം കുടികൊള്ളുന്നു. മനുഷ്യനിലെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിച്ചെങ്കിൽ മാത്രമേ മനസ്സിനെയും ബുദ്ധിയെയും പ്രവൃത്തിയെയും നന്മയിലേക്ക് നയിക്കാൻ സാധിക്കുകയുള്ളു . ഈ പഞ്ചേന്ദ്രിയങ്ങളെ തിന്മയിൽ നിന്ന് നന്മയിലേക്ക് നയിക്കാൻ ക്ഷേത്രദർശനത്തിലൂടെ സാധിക്കും.
ക്ഷേത്രത്തിലെ വിഗ്രഹത്തിലെ പ്രഭ , വിളക്കുകളിലെ നാളം എന്നിവ കണ്ണുകളെയും ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം മൂക്കിനേയും തീർഥം , പ്രസാദം, ജപിക്കുന്ന ഈശ്വരനാമങ്ങൾ എന്നിവ നാവിനെയും മണിനാദം, ശംഖുവിളി ,മന്ത്രധ്വനി എന്നിവ ചെവികളെയും ചന്ദനം, ഭസ്മം തുടങ്ങിയ പ്രസാദങ്ങൾ തൊടുന്നത് ത്വക്കിനെയും ഉത്തേജിപ്പിക്കും. ചുരുക്കത്തിൽ പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് മനുഷ്യമനസ്സിലെ മാലിന്യങ്ങൾ നീക്കി പോസിറ്റീവ് ഊർജം നിറക്കാൻ ഉത്തമമാർഗ്ഗമാണത്രേ ക്ഷേത്രദർശനം.
ക്ഷേത്ര ദർശനത്തിനു സമയവും കാലവും നോക്കേണ്ടതുണ്ടോ എന്ന് പലർക്കും സംശയം തോന്നാം. ക്ഷേത്രദർശനത്തിന് പ്രത്യേക ദിവസം നോക്കേണ്ട കാര്യമില്ല . അങ്ങനെയൊരു നിഷ്ഠയും നിലവിലില്ല. പിന്നെ ഓരോ ദേവന്മാർക്കും ദേവിമാർക്കും ചില പ്രത്യേക ദിനങ്ങൾ പ്രാധാന്യമുള്ളവയാണ്. അന്നേദിവസം ക്ഷേത്രദർശനം നടത്തുന്നത് ശ്രേഷ്ഠവും സാധാരണ ദിനത്തെക്കാൾ ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം. എല്ലാ മലയാളമാസത്തിലെ അവസാന ദിനത്തിലെ സന്ധ്യാസമയത്തെ ക്ഷേത്രദർശനവും ആദ്യദിനത്തിലെ പ്രഭാതദർശനവും ഉത്തമമായി കരുതിപ്പോരുന്നു.
ഓരോ ദേവീദേവന്മാർക്കും പ്രാധാന്യമുള്ള ദിനങ്ങൾ
ഗണപതി
ചിങ്ങമാസത്തിലെ വിനായ ചതുർഥി , മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച എന്നിവ പ്രധാനമാണ്.
സരസ്വതി
നവരാത്രി കാലം പ്രത്യേകിച്ച് വിജയദശമി ദിനം പ്രധാനമാണ്
സൂര്യൻ
പത്താമുദയം ,മലയാള മാസത്തിലെ ആദ്യത്തെ ഞായറാഴ്ച എന്നിവ പ്രധാനമാണ്.
ശിവൻ
കുംഭ മാസത്തിലെ ശിവരാത്രി , ധനു മാസത്തിലെ തിരുവാതിര , പ്രദോഷ ദിനം ,മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച എന്നിവ പ്രധാനമാണ്.
ദേവി
വൃശ്ചികമാസത്തിലെ കാർത്തിക , ചൊവ്വാ, വെള്ളീ ദിനങ്ങൾ , കുംഭത്തിലെ ഭരണി , മീനത്തിലെ പൂരം , കുംഭത്തിലെ മകം , മീനത്തിലെ ഭരണി എന്നിവ വിശേഷമാണ്.
സുബ്രഹ്മണ്യൻ
മകരമാസത്തിലെ തൈപ്പൂയം , എല്ലാ മലയാള മാസത്തിലെയും ഷഷ്ഠി , തുലാമാസത്തിലെ സ്കന്ദഷഷ്ഠി , കന്നി മാസത്തിലെ കപിലഷഷ്ഠി ,മലയാളമാസത്തിലെ ആദ്യത്തെ ഞായറഴ്ച എന്നിവ പ്രധാനമാണ്.
നാഗരാജാവ്
എല്ലാ മലയാളമാസത്തിലെ ആയില്യവും കന്നി തുലാം മാസങ്ങളിലെ ആയില്യവും വിശേഷമാണ്.
വിഷ്ണു
ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ,എല്ലാ മലയാളമാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും തിരുവോണവും ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ച (കുചേല ദിനം) ,വിഷു എന്നിവ പ്രധാനമാണ്.
ശാസ്താവ്
മണ്ഡലകാലം , ശനിയാഴ്ച ദിവസങ്ങൾ എന്നിവ പ്രധാനമാണ്.