നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഒരു വ്യക്തിയുടെ മുഖലക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വഭാവസവിശേഷതകൾ വിശദീകരിക്കാൻ ആളുകൾ ശ്രമിച്ചിരുന്നു. ആദിമകാലത്തുതന്നെ ചൈനയിലുള്ളവർ ആന്തരികാത്മാവിന്റെ പ്രതിഫലനമാണ് മുഖമെന്നു വിശ്വസിച്ചിരുന്നു. മധ്യകാല യൂറോപിലും വദനവുമായി ബന്ധപ്പെട്ടുള്ള ചിന്തകൾ നിലനിന്നിരുന്നു. ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ജ്യോതിശാസ്ത്രത്തിൽ മുഖലക്ഷണത്തിനും വലിയ സ്ഥാനമുണ്ട്.
ഒരു വ്യക്തിയുടെ മുഖത്തിന്റെ എല്ലാ ഭാഗങ്ങൾക്കും വ്യത്യസ്തമായ ഒരു കഥ പറയാനുണ്ടാകും. അത് ആ വ്യക്തിയുടെ സ്വഭാവ വിശേഷങ്ങൾക്കൊപ്പം അയാളുടെ ഭാവിയെക്കുറിച്ചുള്ള സൂചനകളും നൽകുന്നതായിരിക്കും. മുഖത്തിന്റെ സവിശേഷതകൾക്കല്ല, അവിടെ പ്രാധാന്യം കൂടുതൽ, മറിച്ചു മുഖത്തുള്ള ഓരോ അവയവത്തിന്റെയും രൂപവും വലുപ്പവുമൊക്കെ അടിസ്ഥാനമാക്കിയാണ് മുഖ്യലക്ഷണശാസ്ത്രം അറിവുകൾ പങ്കുവെയ്ക്കുന്നത്.
മാതാപിതാക്കളുമായുള്ള ബന്ധം എപ്രകാരമാണ് എന്നറിയുന്നതിനു ഒരു വ്യക്തിയുടെ നെറ്റിയിൽ നിന്നും മുടി വളരാൻ ആരംഭിച്ചിരിക്കുന്ന സ്ഥാനം ശ്രദ്ധിച്ചാൽ മതിയാകും. നെറ്റിയുടെ മുകൾഭാഗം വളരെ മൃദുലവും തിളക്കമാർന്നതുമാണെങ്കിൽ ആ വ്യക്തിയുടെ മാതാപിതാക്കൾ ആരോഗ്യകാര്യങ്ങളിലും തൊഴിൽ കാര്യങ്ങളിലും ഭാഗ്യമുള്ളവരായിരിക്കും. മാത്രമല്ല, ആ വ്യക്തിയുടെ കുട്ടിക്കാലം ഏറെ സന്തോഷം നിറഞ്ഞതാകാനുമാണ് സാധ്യത. നെറ്റിത്തടത്തിൽ ചെറിയ വടുക്കളോ സ്വാഭാവിക തൊലിനിറത്തേക്കാൾ നിറം കുറവോ ആണെങ്കിൽ ആ വ്യക്തിയുടെ കുട്ടിക്കാലത്തു മാതാപിതാക്കൾ ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിരിക്കാം.
നെറ്റിത്തടത്തിനു അല്പം താഴെയും പുരികത്തിനു മുകളിലായും സ്ഥിതി ചെയ്യുന്ന ഭാഗം ഉരുണ്ടതും തിളക്കമുള്ളതുമെങ്കിൽ മികച്ച തൊഴിൽ സാധ്യതയെയാണ് ആ ഭാഗം സൂചിപ്പിക്കുന്നത്. ആ വ്യക്തിയ്ക്കു വിദ്യാഭ്യാസ കാലഘട്ടം പൂർത്തിയാക്കിയ ഉടൻ തന്നെ മികച്ച തൊഴിൽ ലഭിക്കുകയും സന്തുഷ്ടമായ ജീവിതം പ്രാപ്യമാകുകയും ചെയ്യും. നെറ്റിയുടെ മേല്പറഞ്ഞ ഭാഗം, അല്പം കുഴിവുള്ളതോ, ഇരുണ്ട നിറമുള്ളതോ ആണെങ്കിൽ അത് ആ വ്യക്തിയുടെ ബുദ്ധിചാതുര്യത്തെയാണു സൂചിപ്പിക്കുന്നതെങ്കിലും ആ വിവേകം അയാളെ 21 മുതൽ 25 വയസുവരെ തുണയ്ക്കാനുള്ള സാധ്യതകൾ കുറവാണ്.
ജീവിതത്തിൽ ഒരു വ്യക്തി വിജയിക്കുമോ എന്നു സൂചന നൽകും പുരികങ്ങൾക്കിടയിലുള്ള ഭാഗം. ഈ ഭാഗം തെളിമയുള്ളതും ഉരുണ്ടതുമാണെങ്കിൽ ആ വ്യക്തിയ്ക്കു 27 വയസിനുശേഷം വളരെ വിജയകരമായ ഒരു ജീവിതമായിരിക്കും. വളരെ സൗഹൃദപരമായി എല്ലാവരോടും പെരുമാറുന്ന, കാര്യങ്ങളെ എപ്പോഴും തുറന്ന സമീപനത്തോടെ വീക്ഷിക്കുന്ന സ്വഭാവത്തിനുടമയായിരിക്കും ഇക്കൂട്ടർ. ഇരുപുരികങ്ങൾ വളരെ അടുത്തതും കട്ടിയുള്ളതുമെങ്കിൽ ആ വ്യക്തിയുടെ ജീവിതം സുഖകരവും അയാൾ നല്ല രീതിയിൽ ധനം സമ്പാദിക്കുന്ന ആളുമായിരിക്കും. പുരികങ്ങൾ അടുത്തതും ബന്ധിക്കപ്പെട്ടിരിക്കുന്നതുമാണെങ്കിൽ ആ വ്യക്തി നിഷേധാത്മകമായി ചിന്തിക്കുന്നയാളും നിർബന്ധബുദ്ധിക്കുടമയും ക്ഷമാശീലം തീരെയില്ലാത്തയാളുമായിരിക്കും.
ഒരു വ്യക്തിയുടെ ജീവിതചക്രത്തിൽ മധ്യകാലത്തെ സൂചിപ്പിക്കുന്ന മുഖഭാഗം ഇരുകണ്ണുകളുടെ മധ്യഭാഗത്തു നിന്നാരംഭിക്കുകയും നാസികയുടെ അഗ്രത്തിൽ അവസാനിക്കുകയും ചെയ്യുന്നു. ഈ ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വരകളോ മറുകുകളോ കറുത്ത പാടുകളോ ഉണ്ടെങ്കിൽ അത് അനാരോഗ്യത്തെയും പങ്കാളിയുമായുള്ള പ്രശ്നങ്ങളെയുമാണ് കാണിക്കുന്നത്.
ഇരുകണ്ണുകൾക്ക് താഴെയുള്ള ഭാഗം തെളിച്ചമുള്ളതും ഉരുണ്ടതും പുറത്തേക്കുതള്ളി നിൽക്കുന്നതുമെങ്കിൽ വളരെ അഗാധമായ രീതിയിൽ പ്രണയത്തിലേർപ്പെടുന്നവരായിരിക്കും ഇക്കൂട്ടർ. വളരെ എളുപ്പത്തിൽ പ്രണയത്തിൽ വീഴുന്നവരും ആത്മാർഥമായി സ്നേഹിക്കുന്നവരുമാണ് ഇത്തരം വ്യക്തികൾ. എന്നാൽ കണ്ണിനു താഴെയുള്ള മേല്പറഞ്ഞ ഭാഗങ്ങൾ ചുളിവാർന്നതും കുഴിഞ്ഞതും മൃദുത്വമില്ലാത്തതുമാണെങ്കിൽ ആ വ്യക്തിയ്ക്കു സ്വാർത്ഥത കൊണ്ടോ അമിതാസക്തി കൊണ്ടോ പ്രണയബന്ധത്തിൽ പരാജയം സംഭവിക്കാം.
ഗർഭധാരണം, സന്താനങ്ങൾ എന്നിവയെ കുറിക്കുന്ന മുഖഭാഗമാണ് മൂക്കുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന മേൽചുണ്ടിനു മുകളിലുള്ള ഭാഗം. നീളം കൂടിയതും വീതിയുള്ളതും കുഴിവുള്ളതുമാണ് ഈ ഭാഗമെങ്കിൽ ഇവർക്ക് കുഞ്ഞുങ്ങളുണ്ടാകാൻ യാതൊരു തടസവുമുണ്ടാകില്ല. മാത്രമല്ല, നീണ്ട ആയുർബലത്തെയും ഈ ഭാഗം പ്രതിനിധാനം ചെയ്യുന്നു. നാസികയ്ക്കു താഴെയുള്ള മേല്പറഞ്ഞ ഭാഗം വളരെ ചെറുതും പരന്നതുമെങ്കിൽ അത് ഉന്മേഷക്കുറവിനെയും വന്ധ്യതയേയുമാണ് സൂചിപ്പിക്കുന്നത്. ഈ ഭാഗം വളരെ ചെറുതെങ്കിൽ, അകാല മരണത്തിനുള്ള സാധ്യതയുമുണ്ട്.
കീഴ്ചുണ്ടിന് താഴ്ഭാഗം / താടി ദൃഢവും വൃത്താകൃതിയാർന്നതും വിശാലവുമെങ്കിൽ വാർധക്യത്തിൽ, അതായതു 60 വയസിനു മുകളിൽ ഇക്കൂട്ടർക്കു സന്തോഷകരമായ ജീവിതമായിരിക്കും. താടിയെല്ല് ദുർബലവും ഇരുണ്ട നിറമുള്ളതുമെങ്കിൽ, വാർധക്യത്തിലെ അസന്തുഷ്ടിയെ സൂചിപ്പിക്കുന്നു. ഇക്കൂട്ടരുടെ വാർധക്യം രോഗങ്ങൾ നിറഞ്ഞതാകാനുള്ള സാധ്യതകളും കൂടുതലാണ്.