Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവാഭീഷ്ടസിദ്ധിക്ക് ഒരൊറ്റ പ്രാർഥന!

x-default

ഏത് കാര്യവും വിഘ്നം കൂടാതെ മംഗളകരമായി തീരുന്നതിനായി വിഘ്നേശ്വരനെ ഭക്തിയോടുകൂടി ആരാധിച്ച് പ്രസാദിപ്പിക്കേണ്ടതാണ്. ഗണപതിയിൽ എല്ലാ ദേവിദേവന്മാരുടേയും ഭാവങ്ങൾ അടങ്ങിയിരിക്കുന്നു. തടസങ്ങളെ തടഞ്ഞ് ഭക്തർക്ക് ഉദ്ദിഷ്ടകാര്യസിദ്ധിയും കീർത്തിയും നൽകുന്ന  ഗണപതി. ഏത് ദേവിദേവന്മാരെ ആരാധിച്ചാലും ആദ്യം ഗണപതി പ്രീതി നേടണം. പ്രധാന ദേവൻ ആരായാലും ഗണപതി പ്രതിഷ്ഠയില്ലാത്ത അമ്പലങ്ങള്‍ വിരളമാണ്. ശുഭകാര്യങ്ങൾ വർജ്ജിക്കേണ്ടുന്ന ചന്ദ്രാഷ്ടമം പോലുള്ള ദിവസങ്ങളിൽ പോലും ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളുണ്ടെങ്കിൽ അതായത് ചെയ്തേ തീരൂ എന്നുണ്ടെങ്കിൽ ഗണപതിയെ പ്രാർഥിച്ച് തുടങ്ങാം എന്നാണ് വിശ്വാസം. 

ഗണപതിയെ ബ്രഹ്മചാരിയായും ഗൃഹസ്ഥനായും പല രൂപഭാവങ്ങളിൽ ആരാധിച്ചു പോരുന്നു. ഗണപതിയുടെ രൂപഭേദങ്ങളിൽ ഒന്നാണ് ശ്രീവിദ്യാഗണപതി. ശ്രീവിദ്യാഗണപതിയെ പ്രാർഥിച്ചാൽ സകലകലകളിലും പ്രാവീണ്യം സിദ്ധിക്കുകയും ബുദ്ധിവികാസം ഉണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.  ദുഷ്ചിന്തകളിൽ നിന്നും ദുർമാർഗ്ഗത്തില്‍ നിന്നും പിന്തിരിപ്പിച്ച് ആത്മജ്ഞാനത്തെ നൽകി ശ്രീവിദ്യാഗണപതി തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു. ശ്രീവിദ്യാഗണപതിയെ മനസിൽ സങ്കൽപിച്ച് പ്രാർഥിച്ചാൽ വിദ്യാഭിവൃദ്ധിയും സർവ്വാഭീഷ്ടസിദ്ധിയും ഉണ്ടാകുന്നു. 

വൃത്തിയുള്ള പരിസരത്ത് ശുദ്ധിയുള്ള ശരീരവും മനസുമായി ഏകാഗ്രതയോടെ പ്രാർഥിച്ചാൽ ഉപാസിക്കുന്നവർക്ക് വേഗത്തിൽ അനുഗ്രഹവർഷം ചൊരിയുന്ന കാരുണ്യമൂർത്തിയാണ് ഗണപതി ഭഗവാൻ. ഗണപതിയെ മനസിൽ ധ്യാനിച്ച് സങ്കടഹരഗണപതി മൂലമന്ത്രം ജപിച്ചു പ്രാർഥിച്ചാൽ എല്ലാവിധ തടസ്സങ്ങളും മാറി കീർത്തിയും ഉദ്ദിഷ്ടകാര്യസിദ്ധിയും ലഭിക്കുന്നതാണ്. 

ഭഗവാൻ ശ്രീകൃഷ്ണൻ സ്യമന്തകമണി മോഷ്ടിച്ചു എന്ന അപവാദത്തില്‍ നിന്ന് മുക്തനാകാനായി അനുഷ്ഠിച്ച വ്രതമാണ് സങ്കടഹരചതുർത്ഥി വ്രതം. സങ്കടഹരചതുർത്ഥി ദിവസം വ്രതമനുഷ്ഠിച്ച് ചന്ദ്രദർശനം നടത്തി മൂലമന്ത്രം ജപിച്ച് കറുകകൊണ്ട് ഗണപതിക്ക് അർച്ചന നടത്തിയശേഷം രാത്രിഭക്ഷണം കഴിക്കാവുന്നതാണ്. ഈ വ്രതം അനുഷ്ഠിച്ച് ഗണേശ ഭഗവാനെ പ്രാർഥിക്കുന്നവർക്ക് എല്ലാ വിഘ്നങ്ങളേയും അകറ്റി എല്ലാ ദുരിതങ്ങളും ദൂരീകരിച്ച് ജീവിതവിജയം നേടാനും ഉദ്ദിഷ്ടകാര്യസിദ്ധിയും സമൃദ്ധിയും കീർത്തിയും ലഭിക്കും. 

സങ്കടഹരഗണപതി മൂലമന്ത്രം

ഓം ഗം ഗണപതയേ ഏകദന്തായ ഹേരംബായ

മോദക ഹസ്തായ നാളികേരപ്രിയായ സർവ്വാഭീഷ്ട പ്രദായിതേ

ശ്രീം ഹ്രീം ക്ലീം സൽജനം മേ വശമനായ സ്വാഹാ

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions