Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധ്യാസമയത്ത് ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ!

astro-naamajapam

പരമ്പരാഗതമായി തൃസന്ധ്യാസമയത്തേക്കുറിച്ച്‌ കേരളീയർക്കിടയിൽ  വ്യക്‌തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായാണ്‌  പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്‌. സന്ധ്യാ സമയത്ത്  അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ പലകാര്യങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നു. 

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം. 

വിളക്ക് കൊളുത്തുമ്പോൾ 

ചിത് പിംഗല ഹന ഹന  ദഹ ദഹ പച പച 

സർവജ്ഞാ ജ്ഞാപയ സ്വാഹ

ദീപം കണ്ടു തൊഴുമ്പോൾ  

ശിവം ഭവതു കല്യാണം

ആയുരാരോഗ്യ വർധനം

മമ ദുഃഖവിനാശായ

സന്ധ്യാദീപം നമോസ്തുതേ

ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച്  ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം.കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും .ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ. പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് .

ഗണപതി - ഓം ഗം ഗണപതയേ നമ:

സരസ്വതി - ഓം സം സരസ്വ െത്യെ നമ:

ഗുരു  - ഓം ഗും ഗുരുഭ്യോ നമ :

ശിവൻ - ഓം നമഃശിവായ

ദേവി - ഓം ഹ്രീം ഉമായൈ നമ :

സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ

നാഗരാജാവ് - ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ

മഹാവിഷ്ണു - ഓം നമോ നാരായണായ

മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ'

ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

സന്ധ്യാ സമയത്ത് ചെയ്യാൻ പാടില്ലാത്തവ

തൃസന്ധ്യയ്ക്കു ഭക്ഷണം, അതിഥികളെ സൽക്കരിക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ ,സ്നാനം, വിനോദ വ്യായാമങ്ങൾ, തുണികഴുകൽ ,വീട് വൃത്തിയാക്കൽ ഇവയൊന്നുമരുതെന്നാണ്  കാലങ്ങളായുള്ള  വിശ്വാസം. ഈ സമയത്ത്  ഭവനത്തിൽ  കലഹമുണ്ടാക്കുന്നത് ഒഴിവാക്കുക. വീട്ടിൽ നിന്ന്‌ തൃസന്ധ്യയ്ക്ക്‌ പുറത്തോട്ടു പോകുകയുമരുത്‌.