നവഗ്രഹങ്ങളിലെ ക്രൂര ഗ്രഹങ്ങൾ, നിത്യവും പൂജിച്ചാലോ?

അസുരവംശത്തിൽ പിറന്ന ഭീകരന്മാരായ രണ്ടു ഗ്രഹങ്ങളാണ് രാഹുവും കേതുവും. പ്രകാശ ഗോളങ്ങളായ സൂര്യനും ചന്ദ്രനും എപ്പോള്‍ ഈ ഭീകരന്മാരുടെ താവളങ്ങളില്‍ എത്തിപ്പെടുന്നുവോ അപ്പോള്‍ തന്നെ അവര്‍ ഭയവിഹ്വലരായി വിറകൊള്ളും. കാരണം അപ്പോഴാണ് ഗ്രഹണങ്ങൾ ഉണ്ടാവുക. സൂര്യചന്ദ്രന്മാരുടെ ഗ്രഹണങ്ങൾക്ക് കാരണമാകുന്നതുപോലെ തന്നെ അവർ മനുഷ്യജീവിതത്തിലും ഗ്രഹണങ്ങൾക്ക് ഹേതുവാകാറുണ്ട്. സകലമാനവരെയും പീഢനങ്ങൾക്ക് അവർ ഇരയാക്കും. ആരെയും ഒഴിവാക്കാറില്ല. പക്ഷേ അവരെ ആരാധിക്കുകയും ഉചിതമായ നേർച്ച കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുന്ന പക്ഷം അവർ നിങ്ങൾക്ക് അനുഗ്രഹീതരാകും. നവഗ്രഹങ്ങളിൽ വച്ച് വിശിഷ്യ ക്രൂര ഗ്രഹങ്ങളായതുകൊണ്ട് അവരെ പതിവായി പൂജിയ്ക്കേണ്ടത് പരമ പ്രധാനമാണ്. രാഹു സംപ്രീതനായാൽ നിങ്ങൾക്ക് കരുണാദ്ര ഹൃദയം ലഭിക്കുകയും വ്യാധികളെല്ലാം ഓടി അകലുകയും ചെയ്യും. സർപ്പഭയം ഇല്ലാതാകും. കേതുവിന്റെ പ്രീതിയാൽ അതീന്ദ്രിയ ജ്ഞാനമാണ് നിങ്ങൾക്കു ലഭിക്കുക.

പ്രഹ്ലാദന്റെ സഹോദരിയായ സിംഹികയുടേയും മഹാബലശാലിയായ വിപ്രചിത്തിയുടെയും പുത്രന്റെ ഛേദിയ്ക്കപ്പെട്ട ശിരസ്സാണ് വാത പ്രകൃതിയും ബുദ്ധിശാലിയുമായ രാഹു. അറ്റുപോയ ശിരസ്സ് രാഹുവായി മാറിയപ്പോൾ കബന്ധം കേതുവായി മാറി. ദൃഷ്ടി ഗോചരമായ കേതുവിന്റെ വാൽ ഒരു വാൽനക്ഷത്രമാണെന്നാണ് ചിലരുടെ വിശ്വാസം. കറുപ്പും നീലയും നിറമുള്ള ധൂമാകൃതിയാണ് രാഹുവിന്. അവൻ വനവാസിയും ഭയങ്കരനുമാണ്. നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും അധീശനായ കേതു നിന്ദ്യനും ഭീകരനുമാണ്. രാഹുവിനു സദൃശനുമാണ്. നാനാ വർണ്ണങ്ങളാണവനുള്ളത്. ശിരസ്സിൽ ചന്ദ്രക്കല ധരിച്ചതാണ് രാഹുവിന്റെ ക്ഷേത്രബിംബം. കേതുവിന്റെ വിഗ്രഹം കരങ്ങളിൽ ദീപവും വാളും പിടിച്ചിട്ടുണ്ട്. ഈയം, വൈഢൂര്യം ഇവയുടെ അധിപൻ രാഹുവും, ഭൂമി, നീല രത്നം ഇവയുടെ അധിപൻ കേതുവുമാകുന്നു. ഇവരിരുവരും തെക്കുപടിഞ്ഞാറേ ദിക്കിന്റെ നാഥന്മാരുമാണ്. രാഹുവിന് സ്വർഭാനു, തമസ്സ്, സൈംഹികേയൻ, വിധുന്തുദൻ, അഭ്രപിശാചൻ, ഭരണിഭു, അഹി, അഗു, പാതൻ എന്നിങ്ങനെയും, കേതുവിന് ശിഖി, മൃത്യുതനയൻ, അകചൻ, അശ്ലേഷഭാവൻ, മുകുന്ദൻ എന്നിങ്ങനെയും പേരുകളുണ്ട്.

ചന്ദ്രന്റെ സഹോദരനും ക്ഷിപ്രകോപിയുമായ ദുർവ്വാസാവ് മഹർഷിയുടെ ശാപഫലമായി സംഭവിയ്ക്കാനിടയായ പാലാഴി മഥന സമയത്താണ് രാഹുവും, കേതുവും പരസ്പരം വിഘടിക്കപ്പെട്ടത്. ദക്ഷശാപമേറ്റ ചന്ദ്രന് ക്ഷയമുണ്ടായതുപോലെ ദുർവ്വാസാവിന്റെ ശാപമേറ്റ് ദേവന്മാരുടെ ഉജ്ജ്വല തേജസ്സും പ്രതാപവും സൗഭാഗ്യങ്ങളും ക്ഷയിച്ചു. നിസ്തേജരും, നിസ്സഹായരുമായ ദേവന്മാർ ബ്രഹ്മാവിനോട് ആലോചിച്ചു. ബ്രഹ്മദേവൻ മഹാവിഷ്ണുവിനോടും. ഭഗവാൻ അവരെ ഉപദേശിച്ചത് ഇപ്രകാരമാണ്. കാലം ഇപ്പോള്‍ നിങ്ങളുടെ വൈരികളായ അസുരന്മാർക്ക് അനുകൂലമാണ്. നിങ്ങൾക്കിത് ദുഷ്ടകാലവുമാണ്. സമയം നിങ്ങൾക്ക് അനുകൂലമാകുന്നതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. അമൃതാണ് നിങ്ങൾക്കാവശ്യം. അതു ലഭിക്കുന്നതിന് പാലാഴി മഥനം നടത്താൻ നിങ്ങള്‍ ശത്രുക്കളായ അസുരന്മാരുമായി സഹകരിച്ച് പ്രവർത്തിക്കണം. അതുകൊണ്ട് നിങ്ങളിപ്പോൾ ചെയ്യേണ്ടത് അവരുമായി ഒരു സന്ധിയിലേർപ്പെടണം. അതാണ് ഇപ്പോഴത്തെ അവസ്ഥയിൽ നിങ്ങൾക്ക് ഭൂഷണമായിത്തീരുക. ദേവന്മാർ അതനുസരിച്ചു. ഔഷധ ഗുണമുള്ള എല്ലാ സസ്യ തരു ലതാദികളും പാലാഴിയിൽ നിക്ഷേപിച്ച ശേഷം മന്ദരപർവ്വതത്തെ കടകോലായും വാസുകിയെ പാശമായും ഉപയോഗിച്ച് ദേവന്മാരും അസുരന്മാരും അത്യുത്സാഹത്തോടെ പാലാഴി കടയുവാനാരംഭിച്ചു. വിഷ്ണു ഭഗവാൻ കൂർമ്മാവതാരമെടുത്തു പാൽക്കടലിന്റെ അധോഭാഗത്ത് സ്ഥിതി ചെയ്ത് തന്റെ മുതുകിൽ മന്ദരപർവ്വതത്തെ താങ്ങി നിർത്തുകയും അദൃശ്യരൂപത്തിൽ ഉപരിഭാഗത്തു നിന്ന് അതേസമയം മന്ദരം മുകളിലേക്ക് ഉയർന്നു പൊങ്ങിപ്പോകാത്ത വിധം കീഴ്പ്പോട്ട് മർദ്ദം ചെലുത്തുകയും ചെയ്തു കൊണ്ടിരുന്നു. പാലാഴി മഥനവേളയിൽ മന്ദരപർവ്വതത്തിന്റെ അടിഭാഗം കൂർമ്മത്തിന്റെ മുതുകിൽ തുടർച്ചയായി ഉരസി കൊണ്ടിരുന്നപ്പോൾ അത് താരാട്ട് പാട്ട് പോലെയനുഭവപ്പെട്ട് കൂർമ്മം നിദ്രാവസ്ഥയിലായി. അപ്പോഴത്തെ അവന്റെ നിശ്വാസങ്ങളാണ് ഇന്നു നാം സാഗരങ്ങളിൽ കാണാറുള്ള വേലിയേറ്റവും വേലിയിറക്കവും. ശ്രീമദ് ഭാഗവതം ഇപ്രകാരമാണ് മഥനത്തെ വർണ്ണിക്കുന്നത്. അസുരന്മാരും ദേവന്മാരും രോഷോന്മത്തരായ മദ്യപരെ പോലെ സർവ്വശേഷിയുമുപയോഗിച്ച് പാലാഴി കടയുകയും സകല ജീവികളെയും സംഭ്രമചിത്തരാക്കുകയും ചെയ്തു. സ്വന്തം അറിവിലും പ്രതാപത്തിലും അഹങ്കരിച്ചിരുന്ന അസുരന്മാര്‍ വാസുകിയുടെ വാലറ്റത്തിനു പകരം ശിരോഭാഗമാണ് തങ്ങള്‍ പിടിക്കുക എന്ന് വാശിപിടിച്ചതിനെ തുടർന്ന് മഹാവിഷ്ണു ദേവന്മാരിൽ നിന്ന് അതിനുള്ള സമ്മതം വാങ്ങിയിരുന്നു.

തികഞ്ഞ മാന്യന്മാരെപോലെ ബോധപൂർവ്വം പെരുമാറിയ ദേവന്മാർ വാസുകിയുടെ വാൽഭാഗത്ത് പിടിമുറുക്കി മഥനം നടത്തുന്നതിനിടയിൽ, ഉഗ്രമഥനത്തിന്റെ ഫലമായി പരിക്ഷീണിതനായ വാസുകി വമിച്ച കാളകൂട വിഷക്കൊടുങ്കാറ്റ് ഏറ്റ് അസുരന്മാർ തകർന്നടിയുന്നത് കാണുന്നുണ്ടായിരുന്നു.പാലാഴി മഥനത്തെ തുടർന്ന് ആദ്യം ഉയർന്നുവന്നത് പ്രപഞ്ചത്തെ മുഴുവൻ സംഹരിക്കാൻ ശേഷിയുള്ള ഹലാഹല വിഷമായിരുന്നു. ഭയചകിതരായവരെല്ലാം ശ്രീപരമേശ്വര സന്നിധിയിലേയ്ക്കോടി. അദ്ദേഹമത് കവിൾക്കൊണ്ടുവെങ്കിലും കുടിച്ചിറക്കിയില്ല. പകരം സ്വന്തം കണ്ഠത്തിൽ സ്തംഭിപ്പിച്ച് നിർത്തി. അങ്ങനെ ശ്രീപരമേശ്വരൻ നീലകണ്ഠനായി. അദ്ദേഹത്തിന്റെ കൈകുമ്പിളിൽനിന്നും ചോർന്നു വീണ മാരക വിഷത്തുള്ളികൾ തേളുകളും പാമ്പുകളും വിഷമുള്ള ഉരഗങ്ങളും വിഷസസ്യങ്ങളും ഏറ്റുവാങ്ങി. മഥനവേളയിൽ വിശേഷമായ പലതും പൊങ്ങിവന്നു. അതെല്ലാം ദേവാസുരന്മാർ പരസ്പരം പങ്കിട്ടെടുത്തുകൊണ്ടിരുന്നു. അമൃതകുംഭവും കയ്യിൽ പിടിച്ചുകൊണ്ട് ഔഷധ ദേവനായ ധന്വന്തരിയാണ് അവസാനമായി പൊങ്ങിവന്നത്. ഉടൻ തന്നെ അസുരന്മാർ അമൃതകുംഭം കൈക്കലാക്കി. കൃത്യസമയത്ത് മോഹിനി പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിൽ അസുരന്മാർ അമൃതപാനം ചെയ്യുമായിരുന്നു. തങ്ങൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു കോമളാംഗിയായ തരുണീ രത്നത്തെ ഭോജനശാലക്കു സമീപം കണ്ട അസുരന്മാർ കാമപരവശരായി. മഹാവിഷ്ണുവിന്റെ മറ്റൊരു വേഷപകർച്ചയാണോ മോഹിനി എന്നൊരു നേരിയ സംശയം പോലും അസുരന്മാർക്കുണ്ടായില്ല. ദേവന്മാർക്കും അസുരന്മാർക്കും തുല്യമായി അമൃത് വിഭജിച്ചു നൽകാമെന്ന് മോഹിനി പറഞ്ഞു. പക്ഷേ, ഒരുപാധിയും മുന്നോട്ടുവച്ചു. മോഹിനി പറയുന്നത് അനുസരിച്ച് അതിന്റെ ന്യായാന്യായങ്ങൾ വിവേചിക്കുവാൻ പാടില്ല. എല്ലാവരും പ്രവർത്തിച്ചു കൊള്ളണമെന്നായിരുന്നു ആ ഉപാധി. കാമാന്ധരായ ആ അസുരന്മാർ അത് സമ്മതിച്ചു

പിറ്റേന്ന് ദേവന്മാരും അസുരന്മാരും നിരനിരയായി ഉപവിഷ്ടരായ പന്തിയിൽ മോഹിനി ദേവന്മാർക്കായി അമൃത് വിളമ്പാനാരംഭിച്ചു. മോഹിനിയുടെ ആകാരഭംഗിയിൽ കണ്ണുംനട്ടിരുന്ന അസുരന്മാർ കോരിത്തരിച്ച് മിഴിച്ചിരുന്നുപോയി. ഇതിനിടയിൽ ഒരു വൃദ്ധദേവന്റെ രൂപമെടുത്ത് രാഹു സൂര്യചന്ദ്രന്മാർക്കിടയില്‍ കടന്നിരുന്ന് ഒരു തുള്ളി അമൃത് വായിലാക്കി. ചതി മനസ്സിലാക്കിയ സൂര്യ–ചന്ദ്രന്മാർ ഉടനടി മഹാവിഷ്ണുവിനെ വിവരം ധരിപ്പിക്കുകയും അദ്ദേഹം ചക്രായുധമുപയോഗിച്ച് രാഹുവിന്റെ ശിരസ്സറുക്കുകയും ചെയ്തു. അമൃതിന്റെ തുള്ളി ഈ സമയം രാഹുവിന്റെ കണ്ഠത്തിലെത്തിച്ചേർന്നതിനാൽ ശിരസ്സ് അമർത്യമായി. തന്റെയീ ദുർഗ്ഗതിക്കു കാരണക്കാരായ സൂര്യചന്ദ്രന്മാരെ രാഹു പീഢിപ്പിക്കുന്നതിന്റെ കാരണമിതാണ്. അത്യാവേശത്തോടെ രാഹു സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നുണ്ടെങ്കിലും (ഇത് സാങ്കൽപ്പികമാണ്) അൽപസമയത്തിനു ശേഷം ഛേദിക്കപ്പെട്ട കണ്ഠഭാഗത്തിലൂടെ സൂര്യചന്ദ്രന്മാര്‍ പുറത്തുവരുന്നു. ഗ്രഹണം അവസാനിക്കുന്നതോടുകൂടി അവർ വീണ്ടും പ്രത്യക്ഷപ്പെടുന്നു. രാഹുവിന്റെ കബന്ധത്തിന് ജീവൻ വച്ചതാണ് പിന്നീട് കേതുവായിത്തീർന്നത്. ഭൂമിയിൽ രാഹുവിന്റെ രക്തം വീണിടത്തെല്ലാം വെളുത്തുള്ളി മുളച്ചു പൊന്തി. അമൃതിനു തുല്യമായ ഔഷധഗുണമുണ്ട് വെളുത്തുള്ളിക്ക്. പക്ഷേ അതു ഭക്ഷിക്കുന്നവരുടെ മനസ്സ് രാഹുവിന് തുല്യമായ ഗുണദോഷങ്ങൾക്ക് വിധേയമാകും.

ജ്യോത്സ്യൻ

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

കൂറ്റനാട് വഴി, പാലക്കാട് ജില്ല

Ph: 9846309646

Whatsapp: 8547019646

Email: astronetpgd100@gmail.com