Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം മാറ്റിമറിക്കാം, വെറും 12 കാര്യങ്ങൾ!

ജീവിതവിജയം യാദൃശ്ചികമായി ലഭിക്കുന്ന ഒന്നല്ല .അതിനു നിരന്തരമായ പരിശ്രമം ആവശ്യമാണ്. ലക്ഷ്യബോധത്തോടെ കൃത്യമായ രീതിയില്‍ മുന്നേറാൻ  ജീവിതത്തിന് ഒരു ചിട്ട അത്യന്താപേക്ഷിതമാണ്. അലസതവെടിഞ്ഞു ഇഷ്ടത്തോടെ ചില ചിട്ടകൾ ശീലമാക്കിയാൽ അത് നമ്മുടെ  ജീവിതത്തെത്തന്നെ മാറ്റിമറിക്കും .നമുക്ക് ചുറ്റും  അദൃശ്യമായ ഒരു ശക്തി ഉണ്ടെന്ന് മനസ്സിലാക്കി എപ്പോഴും ഈശ്വരചിന്തയോടെ ജീവിതത്തിൽ മുന്നേറണം.

1. സൂര്യോദയത്തിനുമുന്നേ വലതുവശം ചരിഞ്ഞു എഴുന്നേറ്റ് കരവന്ദനത്തിനു ശേഷം ഭൂമിദേവിയെ തൊട്ടുതൊഴുക .

2. കുളിച്ച് ശുഭ്ര വസ്ത്രങ്ങൾ ധരിച്ച് നിലവിളക്ക്‌ കൊളുത്തി ഗണപതി വന്ദനത്തിനുശേഷം ഇഷ്ടദേവതയെ പ്രാർഥിക്കുക.

3. നിത്യേന പ്രത്യക്ഷദൈവവും ഉർജ്ജസ്രോതസ്സുമായ സൂര്യദേവനെ പ്രാർഥിക്കുക. സാധിക്കുമെങ്കിൽ സൂര്യനമസ്കാരം ശീലമാക്കുക.

4.  ഭക്ഷണത്തിന് മുൻപും ശേഷവും ഈശ്വരനോട് നന്ദി പറയുക.

5. വീട്ടിൽനിന്നിറങ്ങുമ്പോൾ  മുതിര്‍ന്നവരോടു യാത്ര ചോദിക്കുക. പരീക്ഷ, ഇന്റര്‍വ്യൂ, പുതിയ സംരംഭങ്ങൾ , ഇടപാടുകള്‍ എന്നിവയ്‌ക്കു പുറപ്പെടുന്നതിന് മുന്നേ  മുതിര്‍ന്നവരുടെ പാദം തൊട്ടു തൊഴുന്നത് ഈശ്വരാധീനം വർധിപ്പിക്കും.

6. പുസ്തകപാരായണം ,വൃക്ഷലതാതി സംരക്ഷണം ,പരിസര ശുചീകരണം, സാത്വികമായ ഭക്ഷണം എന്നിവ ശീലമാക്കുക. 

7. അറിഞ്ഞുകൊണ്ട് മറ്റൊരാളെ ദ്രോഹിക്കുക, മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക  , മനഃപൂർവമുള്ള  കളിയാക്കൽ എന്നിവ തീർത്തും ഒഴിവാക്കുക. നന്മ ചെയ്‌താല്‍ ശനിദശാകാലവും കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി  എന്നീ  കാലഘട്ടങ്ങളും വലിയ ദോഷം കൂടാതെ കടന്നുപോകും. കൂടാതെ സജ്‌ജനരക്ഷകനായ ശനിഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുകയും ചെയ്യും.

8. പണം കടം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യരുത്‌. അത്‌ ശത്രുക്കളെ സൃഷ്‌ടിക്കും. ആരെങ്കിലും സഹായമഭ്യർഥിച്ചാൽ അവനവനാൽ കഴിയുന്ന രീതിയിൽ സഹായിക്കുക .

9. അഹങ്കാരം,അസൂയ, വാശി, പക, നിന്ദ, ക്രോധം എന്നീ വികാരങ്ങള്‍ മനസ്സില്‍നിന്നും മാറ്റാൻ ശ്രമിച്ച്‌ അവിടെ ഈശ്വരചിന്ത നിറയ്ക്കുക.

10. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ? അതിനാൽ കൺകണ്ട ദൈവങ്ങളായ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക.

11. സാധിക്കുന്ന അവസരങ്ങളിൽ ക്ഷേത്രദർശനം ശീലമാക്കുക. വ്രതാനുഷ്ഠാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.

12. സന്ധ്യാസമയത്ത്  വിളക്ക് കൊളുത്തി നാമജപത്തിന് പ്രാധാന്യം  നൽകുക. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് മോചനം നേടാൻ എളുപ്പമാർഗ്ഗമത്രേ നാമജപം.