പഠനത്തിൽ തിളങ്ങാൻ...

പുതിയ ഒരു അധ്യയനവർഷം കൂടി ആരംഭിക്കുകയായി. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. അതിനുവേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാൻ ഇവർ ഒരുക്കമാണ്. അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ ചിട്ടയോടെ പഠനം ആരംഭിക്കണം. ഈ ചിട്ടകൾ വിദ്യാഭ്യാസകാലത്തുടനീളം നിലനിർത്താൻ മാതാപിതാക്കളുടെ സ്നേഹവും കരുതലും അത്യാവശ്യവുമാണ്. ചുട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ പ്രമാണം.

ഒരാളുടെ കഴിവുകൾ, വ്യക്തിത്വം എന്നിവ രൂപപ്പെടുന്ന കാലഘട്ടമാണ് വിദ്യാഭ്യാസകാലം. അതിനാൽ ഈ കാലഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധയും പരിശീലനവും ഈശ്വരാധീനവും ലഭിച്ചാൽ കുട്ടിയുടെ ഭാവി ശോഭനമാവും. പഠനത്തിൽ വളരെ നന്നായി ശോഭിക്കുന്ന കുട്ടിയാണെങ്കിലും ഈശ്വരാധീനമില്ലെങ്കിൽ എങ്ങും എത്താനാകില്ല. പ്രഭാതത്തിൽ കുളികഴിഞ്ഞു പ്രാർത്ഥിക്കണം. ആദ്യം ഗണപതിയേയും വിദ്യാദേവതയായ സരസ്വതിയെയും ഗുരുവിനെയും വണങ്ങിയശേഷം ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമായ ദക്ഷിണാമൂര്‍ത്തിയെയും ഭഗവാൻ ശ്രീകൃഷ്ണനെയും ഭക്തിയോടെ വന്ദിക്കണം.പ്രഭാതത്തിൽ സൂര്യദേവനോടുള്ള പ്രാർഥനയായ ഗായത്രിമന്ത്രജപവും ബുദ്ധിവികാസത്തിന്‌ ഉത്തമമാണ്.

ഗണേശമൂലമന്ത്രം - ഓം ഗം ഗണപതയേ നമഃ

സരസ്വതീമൂലമന്ത്രം  - ഓം സം സരസ്വ െത്യെ നമഃ

ഗുരുമൂലമന്ത്രം - ഓം ഗും ഗുരുഭ്യോ നമഃ

ദക്ഷിണാമൂർത്തീമൂലമന്ത്രം - ഓം ദം ദക്ഷിണാമൂർത്തയേ നമഃ

യുവഭാവത്തിൽ തെക്കോട്ട് ദർശനമായി ആലിന്റെ ചുവട്ടിലിരിക്കുന്ന ശിവരൂപമാണ്‌ ദക്ഷിണാമൂർത്തി. പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ പ്രധാനപ്രതിഷ്ഠയുടെ തെക്കുഭാഗത്തായി ദക്ഷിണാമൂർത്തി പ്രതിഷ്ഠയുണ്ട്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രവും ഏറ്റുമാനൂർ മഹാദേവക്ഷേത്രവും ഇതിനുദാഹരണമാണ്. വിദ്യാ ഗുണത്തിനായി ഇവിടെ അർച്ചന നടത്തി പ്രാർഥിക്കുന്നത് ഉത്തമമാണ്. ബുദ്ധി വികാസത്തിനായി ദക്ഷിണാമൂർത്തീമന്ത്രം നിത്യവും ജപിക്കാം 

ദക്ഷിണാമൂർത്തീമന്ത്രം

"ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയശ്ച  സ്വാഹാ"

കുട്ടികളിൽ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവശുദ്ധിയും വർദ്ധിപ്പിക്കാൻ നിത്യേന ഭഗവാൻ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് വിദ്യാഗോപാലമന്ത്രം ജപിക്കണം. അർത്ഥമറിഞ്ഞു ജപിക്കുന്നത് ഇരട്ടിഫലം നൽകും 

വിദ്യാഗോപാലമന്ത്രം

"കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ/ 

രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ// "

അർഥം - "പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും. "

പ്രാർത്ഥനകൊണ്ട് മാത്രം വിജയിക്കാനാവുമെന്ന് കരുതരുത്. താൻപാതി ദൈവം പാതി എന്നാണല്ലോ? തെളിഞ്ഞ ഭക്തിയോടെയും നിരന്തരമായ പരിശ്രമത്തോടെയും നമ്മുടെ കഴിവുകളെ വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്.