വടസാവിത്രി വ്രതം നോറ്റാൽ...

മിഥുനമാസത്തിലെ  പൗർണമി നാളിൽ സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് വടസാവിത്രി വ്രതം.വടവൃക്ഷം എന്നാൽ ആൽമരം.  ആല്‍മരവുമായി ബന്ധപ്പെട്ട് അനുഷ്ഠിക്കുന്ന വ്രതമായതിനാലാണ് ഈ പേര് വന്നത്.  ദാമ്പത്യ ക്ലേശം നീങ്ങാനും ഭർതൃസൗഖ്യത്തിനും ദീർഘസുമംഗലീ ഭാഗ്യത്തിനും അനുഷ്ഠിക്കുന്ന കാമ്യവ്രതമാണിത്.വ്രതങ്ങൾ അവയുടെ ഉദ്ദേശങ്ങൾക്കനുസൃതമായി  നിത്യവ്രതം, നൈമിത്തികവ്രതം ,കാമ്യവ്രതം എന്നിങ്ങനെ മൂന്നായി  തിരിച്ചിരിക്കുന്നു . കാമ്യവ്രതം എന്നാൽ പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി അനുഷ്ഠിക്കുന്ന വ്രതം എന്നാണ് അർഥം . ഈ വർഷം വടസാവിത്രി വ്രതം ജൂൺ 28 (മിഥുനം 14) വ്യാഴാഴ്ച പൗർണ്ണമിദിനത്തിലാണ് വരുന്നത്. 

വടക്കേ ഇന്ത്യയില്‍ പൊതുവെ വടസാവിത്രി പൂര്‍ണിമ അല്ലെങ്കില്‍ വടപൂര്‍ണിമ എന്നറിയപ്പെടുന്നു . വിവാഹിതരായ സ്ത്രീകള്‍ മാത്രം ആചരിക്കുന്ന വ്രതം എന്ന പ്രത്യേകതയും ഇതിനുണ്ട് .  വിവാഹിതരായ സ്ത്രീകള്‍ പൗർണമി ദിനത്തിൽ സൂര്യോദയത്തിനുമുന്നെ കുളിച്ചു കുറിതൊട്ട് നിലവിളക്ക് കൊളുത്തി ഇഷ്ടദൈവത്തെ പ്രാർഥിക്കുക .സമീപത്തുള്ളതോ ക്ഷേത്രത്തിലെയോ ആല്‍മരത്തിനു ചുവട്ടിൽ തൊഴുതു പ്രാര്‍ഥിച്ച ശേഷം  അരയാല്‍മരത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കണം .ചിലയിടങ്ങളിൽ ആല്‍മരത്തിനു ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനോടൊപ്പം മരത്തെ നൂലുകൊണ്ട് ചുറ്റാറുണ്ട് .വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂല്‍കൊണ്ടുബന്ധിച്ച് അര്‍ച്ചന നടത്തി പ്രാർഥിച്ചാൽ ദീര്‍ഘസുമംഗലികളായിരിക്കുമെന്നാണ്  വിശ്വാസം. 

പതിയുടെ ആയുസ്സിനു വേണ്ടി  ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. ആരോഗ്യസ്ഥിതിയനുസരിച്ചു ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാവുന്നതാണ്.അന്നേദിവസം കഴിവതും ഈശ്വരചിന്തയോടെ കഴിച്ചുകൂട്ടുക.ഫലമൂലാദികൾ മാത്രം കഴിച്ചും വ്രതം അനുഷ്ഠിക്കാവുന്നതാണ്.

ആൽമരത്തിന് പ്രദക്ഷിണം വയ്ക്കുമ്പോൾ ജപിക്കേണ്ട മന്ത്രം

മൂലതോ ബ്രഹ്മ രൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ

അഗ്രത :ശിവരൂപായ വൃക്ഷ രാജായ തേ നമ :