ഏകാദശി വ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ശ്രീകൃഷ്ണൻ അവിൽപ്പൊതി പങ്കുവച്ച് സതീർത്ഥ്യനായ കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ് സങ്കല്പം. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗ്ഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി ഡിസംബർ 19നാണ്.
സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം.
സ്വർഗ്ഗവാതിൽ ഏകാദശി വ്രതാനുഷ്ഠാനം എങ്ങനെ?
സ്വർഗ്ഗവാതിൽ ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസംതന്നെ (18-12-2018) ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂർണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ മാത്രം ഭക്ഷിച്ചു ഉപവാസം അനുഷ്ഠിക്കാം. എണ്ണ തേച്ച് കുളിക്കുവാനും പകൽസമയം ഉറങ്ങുവാനും പാടില്ല. വെളുത്ത വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം.
അന്നേദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിലിൽ കൂടി പുറത്ത് കടക്കുകയും ചെയ്യണമെന്നാണ് വിശ്വാസം. മറ്റു ചിന്തകൾക്ക് ഇടനൽകാതെ വിഷ്ണുസൂക്തം, പുരുഷസൂക്തം ,ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്. ഏകാദശിദിവസം ഉടനീളം പൂർണ്ണ മനസ്സോടെ നാരായണ നാമം ജപിക്കുക.
ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് സ്വർഗ്ഗവാതിൽ ഏകാദശി വ്രതം അവസാനിപ്പിക്കാം.പാരണ വീടൽ എന്നാണ് ഇതിന് പറയുന്നത്.
"ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത"
(പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ)
ഈ ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാൻ.
കുരുക്ഷേത്രയുദ്ധത്തിൽ തളർന്ന അർജ്ജുനന് ശ്രീ കൃഷ്ണൻ ഗീത ഉപദേശിച്ചതും അന്നെദിവസം ആണെന്നാണ് കരുതുന്നത്. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ഗീതാജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നു.ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ വിഷ്ണു പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിൽ എല്ലാം സ്വർഗ്ഗവാതിൽ ഏകാദശി ദിവസം വളരെ പ്രധാനമായി ആണ് ആചരിക്കുന്നത്.
ഫലസിദ്ധി
വിഷ്ണു പ്രീതി യിലൂടെ മോക്ഷ പ്രാപ്തി ലഭിക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് സ്വർഗ്ഗവാതിൽ ഏകാദശി വ്രതം. പൂർണ മനസോടെയും നിഷ്ഠയോടെയും ഏകാഗ്രതയോടെയും സ്വർഗ്ഗവാതിൽ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർക്കും അവരുടെ ഗതി കിട്ടാതെയുള്ള പിതൃക്കൾക്കും പൂർണ്ണഫലം കൈവരുമെന്നാണ് വിശ്വാസം.