ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഭാഗമാണ് പ്രസാദം സ്വീകരിക്കൽ .പൂജാരിയിൽ നിന്ന് തീർഥം വാങ്ങിയ ശേഷമാണ് നാം പ്രസാദം സ്വീകരിക്കുക. തീർഥം വെറും ജലമല്ല. അഭിഷേകജലമാണ് .ശാസ്ത്രീയമായി പലപ്രത്യേകതകളുമുള്ള പുണ്യജലം .രണ്ടു ഗുണങ്ങളാണ് തീ൪ത്ഥസേവയിലൂടെ ലഭിക്കുന്നത്. ഭഗവൽ വിഗ്രഹ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയും തുളസി , മഞ്ഞള്‍ തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന ഔഷധഗുണവും.
ഭഗവാന്റെ ബിംബത്തിൽ ചാർത്തുന്ന മാലകളും പൂക്കളുമൊക്കെ ഔഷധ ഗുണങ്ങളുമുള്ളവയാണ്. നിത്യവും പ്രഭാതത്തിലെ അഭിഷേകത്തിനു ശേഷം പിറ്റേന്നു രാവിലെ മാത്രമേ അഭിഷേകം നടക്കൂ. അത്രേം സമയം തുളസി, തെച്ചി, കൂവളം, ചെമ്പരത്തി തുടങ്ങീ ഔഷധഗുണമുള്ള പൂക്കൾ ബിംബത്തിൽ ഉണ്ടാവും . ശ്രീകോവിലിനകത്തെ വിളക്കിലെ നാളത്തിന്റെയും കർപ്പൂരം, സാമ്പ്രാണി എന്നിവയുടെയും ചൂട് കൊണ്ട് ഔഷധപുഷ്പങ്ങളിലെയും ഇലകളിലെയും തൈലങ്ങള്‍ വിഗ്രഹത്തില്‍ ആവിയായി രൂപപ്പെടുന്നു. നിര്‍മ്മാല്യം കഴിഞ്ഞതിന് ശേഷം ജലം കൊണ്ട് അഭിഷേകം ചെയ്യുമ്പോള്‍ ആ അഭിഷേക ജലത്തിലുമുണ്ടാവും ഈ ഔഷധഗുണങ്ങള്‍. അല്പം തീർഥജലം കുടിക്കുന്നതിലൂടെ ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിച്ച് രക്തത്തിലെ മാലിന്യങ്ങളെ നീക്കി ശരീരം ശുദ്ധമാകും.
കൈവെള്ളയില്‍ സ്വീകരിക്കുന്ന തീർഥം കൈ രേഖയിലൂടെ മുഖത്തിന് അഭിമുഖമായി ഒഴുക്കിയാണ് സേവിക്കേണ്ടത് . ഇരുചുണ്ടുകളിലും തൊടാതെ തീർഥം സേവിക്കുന്നത് ഉത്തമമാണ്. സേവിച്ച തീ൪ത്ഥജലത്തിന്റെ ബാക്കി ശിരസ്സിലും മുഖത്തും ദേഹത്തുമുഴുവനും തളിക്കണം. സേവിച്ച തീ൪ത്ഥജലത്തില്‍ നിന്നും ഒരു തുള്ളി പോലും താഴെ വീഴാതെ ശ്രദ്ധിക്കണം.