വിദ്യാർഥികളിൽ ചിലർക്കെങ്കിലും ഉദ്ദേശിക്കുന്നതു പോലെ പഠിക്കാൻ കഴിയുന്നില്ല. പഠിച്ചാൽ തന്നെ മാർക്ക് നേടാൻ കഴിയുന്നില്ല. ഇത്തരം പഠനവൈകല്യത്തിനു കാരണമെന്ത്? ഈ പഠനവൈകല്യങ്ങൾക്കു പ്രതിവിധിയുണ്ടോ? ജ്യോതിഷഗ്രന്ഥങ്ങൾ ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസപുരോഗതിയെക്കുറിച്ച് ആ വ്യക്തിയുടെ ജാതകത്തിലൂടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. ഗ്രഹസ്ഥിതിയിലെ രണ്ടാംഭാവവും വിദ്യാകാരകനായ ബുധന്റെ സ്ഥിതിയും മാത്രം നോക്കി ചിന്തിക്കേണ്ട വിഷയമല്ല ഇത്.
പ്രശ്നാനുഷ്ഠാനപദ്ധതി എന്ന ഗ്രന്ഥത്തിൽ “സാരസ്വതാദിവിദ്യാ....” എന്നു തുടങ്ങുന്ന ശ്ലോകത്തിൽ ഇതെക്കുറിച്ചു പറയുന്നത് ഇങ്ങനെ:
ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലം, ശുഭയോഗദൃഷ്ടികൾ, ബുധന്റെയും വ്യാഴത്തിന്റെയും ശുക്രന്റെയും ബലത്തോട് കൂടിയ ഇഷ്ടഭാവസ്ഥിതി, വിദ്യാസ്ഥാനങ്ങളായ രണ്ടിലും അഞ്ചിലും നാലിലും പാപന്മാരുടെ സ്ഥിതി ഇല്ലാതെ ഇരിക്കുക എന്നീ ലക്ഷണങ്ങളെല്ലാം വിദ്യാഗുണം, പരീക്ഷാവിജയം, ഔന്നത്യം, ഉൽകൃഷ്ടസ്ഥാനലബ്ധി മുതലായ ഗുണഫലങ്ങളെ ചെയ്യും. ഇതിനു വിപരീതമായ ലക്ഷണം കണ്ടാൽ ഫലം വിപരീതമായിരിക്കും.
അതായത്, വിദ്യാഭാവത്തെയോ വിദ്യാകാരകനെയോക്കൊണ്ടു മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഇത് എന്നർഥം. ജാതകത്തിലെ ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലം കൂടി കണക്കിലെടുക്കണം.
ജാതകത്തിൽ വിദ്യയ്ക്കുള്ള നല്ല യോഗങ്ങളുണ്ടെങ്കിലും ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലഹീനത പഠനവൈകല്യത്തിനു കാരണമാകും.
ഇതിനു പുറമെ രണ്ട്, നാല്, അഞ്ച്, ഒൻപത് എന്നീ ഭാവങ്ങളുടെയും ഭാവാധിപന്മാരുടെയും ബലവും മറ്റും വിദ്യാഭ്യാസകാര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഭാവാധിപന്മാര്‍ക്ക് ബലഹീനതയും പരസ്പര ബന്ധമില്ലാതെ വരികയും ചെയ്താൽ പഠന വൈകല്യം സംഭവിക്കാൻ സാധ്യതയുണ്ട് എന്നർഥം.
ജാതകത്തിൽ ബുധൻ, വ്യാഴം, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ബലഹീനതയും അനിഷ്ട ഭാവസ്ഥിതിയും വിദ്യാതടസ്സത്തിനു കാരണമാകും.
പഠനകാലത്തു ബലമില്ലാത്ത ഗ്രഹങ്ങളുടെ ദശാകാലവും അപഹാരകാലവും വരുന്നതും പഠനത്തിന്റെ വൈകല്യത്തിന് കാരണമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസകാലത്തു രാഹുദശ, കേതുദശ, ബലഹീനന്മാരായ മറ്റ് ഗ്രഹങ്ങളുടെ ദശകൾ എന്നിവ വന്നാൽ പഠനവൈകല്യം ഉണ്ടാകും. വിദ്യാഭ്യാസകാലത്ത് ഏതു ദശാകാലമാണോ വരുന്നത് ആ ദശയുടെ ഗുണദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കിയാകണം വിദ്യാഭ്യാസത്തെക്കുറിച്ച് വിലയിരുത്തുവാൻ.
വ്യക്തികൾ പഠനത്തിന് വിഷയങ്ങൾ തിരഞ്ഞെടുക്കേണ്ടതും ഇത്തരം കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. ഇല്ലെങ്കിൽ പഠനം മുന്നോട്ട് കൊണ്ടുപോകുവാൻ വളരെ പ്രയാസപ്പെടും. പഠനവൈകല്യം സംഭവിച്ച് ലക്ഷ്യത്തിലെത്തുവാൻ സാധിക്കാതെ വരുകയും ചെയ്യും.
പ്രതിവിധി
പഠനവൈകല്യം സംഭവിക്കാതിരിക്കാന്‍ പ്രതിവിധിയായി ജാതകം പരിശോധിച്ച് അതാത് കാലഘട്ടത്തിൽ നടക്കുന്ന ദശാനാഥന്മാരെ ഈശ്വരഭജനത്തിൽ കൂടി പ്രീതിപ്പെടുത്തുകയും മറ്റ് സൽകർമ്മങ്ങൾ ചെയ്യുകയും വേണം. ഇങ്ങനെ ചെയ്താല്‍ ഒരു പരിധിവരെ പഠനവൈകല്യം തീർന്ന് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യത്തിലെത്തുവാൻ സാധിക്കും.