Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവചനത്തിന്റെ പൂച്ച് പുറത്തായി , ഇനി?

Football Prediction

റഷ്യയിൽ ലോകകപ്പ് ഫുട്ബോൾ അരങ്ങുതകർക്കുമ്പോൾ ലോകമെങ്ങും പ്രവചനങ്ങളും അരങ്ങുതകർക്കുകയാണ്. പണ്ടു നീരാളിയായിരുന്നു താരമെങ്കിൽ, ഇപ്പോൾ പൂച്ചയും മുള്ളൻപന്നിയും ഹിപ്പോപ്പൊട്ടാമസുമൊക്കെ രംഗത്തുണ്ട്. 

തത്തയെക്കൊണ്ടു മനുഷ്യന്റെ ഭാവിവരെ പ്രവചിച്ചുകൊണ്ടിരിക്കുന്നവരല്ലേ നമ്മൾ ഇന്ത്യക്കാർ. എങ്കിലും ലോകകപ്പിലെ പ്രവചനത്തിന്റെ ആകാംക്ഷയും ഉത്കണ്ഠയുമൊക്കെ ഒന്നു വേറെതന്നെ. 

നൈജീരിയയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അർജന്റീന തോൽക്കുമെന്നായിരുന്നു അച്ചിലിപ്പൂച്ചയെന്നു ട്രോളുകാർ കളിയാക്കി വിളിക്കുന്ന ആക്കിലെസ് എന്ന പൂച്ചയുടെ പ്രവചനം. പക്ഷേ, കളി കഴിഞ്ഞപ്പോൾ അർജന്റീന ജേതാക്കൾ! ( പക്ഷേ, ഇന്നലെ ഫ്രാൻസിനോട് അർജന്റീന തോറ്റു പുറത്തായെന്നതു വേറെ കാര്യം)

Achilles-Cat

ഈയൊരു പ്രവചനം തെറ്റിയെന്നുവച്ച് പൂച്ചയെ കളിയാക്കുകയൊന്നും വേണ്ട. ഈ ലോകകപ്പിലെതന്നെ പല കളികളിലും കൃത്യമായ പ്രവചനം നടത്തിയിട്ടുണ്ട് കക്ഷി. 

സെന്റ് പീറ്റേഴ്സ്ബർഗ് ഹെർമിറ്റേജ് മ്യൂസിയത്തിൽ വളർത്തുന്ന നൂറോളം പൂച്ചകളിലൊന്നായ ആക്കിലെസ് എന്ന തൂവെള്ളപ്പൂച്ചയാണ് ലോകകപ്പ് ഫുട്ബോളിലെ ആദ്യമത്സരങ്ങളിലെ വിജയികളെ പ്രവചിച്ചു താരമായത്. രണ്ടു പാത്രങ്ങളിൽ പാൽ വയ്ക്കും. കളിക്കുന്ന രാജ്യങ്ങളുടെ കൊടി ഓരോ പാത്രത്തിനടുത്തും ഉണ്ടാകും. പൂച്ച ഏതു പാത്രത്തിലെ പാലാണു കുടിക്കുന്നതെന്നു നോക്കിയാണു വിജയികളെ പ്രവചിക്കുന്നത്. ഇത്തവണത്തെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റഷ്യ ജയിക്കുമെന്നു പ്രവചിച്ചതു ശരിയായതോടെയാണു പൂച്ചയെ ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് ഈജിപ്തുമായുള്ള കളിയിലും റഷ്യയുടെ വിജയം പ്രവചിച്ചു. അതിനുശേഷം മൊറോക്കോയ്ക്കെതിരെ ഇറാനും കോസ്റ്ററിക്കയ്ക്കെതിരെ ബ്രസീലും വിജയിക്കുമെന്ന പ്രവചനംകൂടി ശരിയായതോടെ പൂച്ച താരമായി. പക്ഷേ, അർജന്റീനയും നൈജീരിയയും തമ്മിലുള്ള മത്സരത്തിൽ നൈജീരിയ ജയിക്കുമെന്നു ‘പ്രവചിച്ച’തോടെ പൂച്ചയുടെ പൂച്ചു വെളിച്ചത്തായി. 

football-2

എന്തൊക്കെയായാലും, ലോകകപ്പ് പ്രവചനങ്ങളുടെ കാര്യത്തിൽ പഴയ നീരാളിയുടെ റെക്കോർഡ് തിരുത്താൻ ഒരു ജീവിക്കും കഴിഞ്ഞിട്ടില്ല. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്ബോളിലെ പ്രവചനങ്ങളിലൂടെ പോൾ എന്ന നീരാളി ജനമനസ്സുകളിലേക്കു പടർന്നുകയറി. ജർമനിയിലെ ഒബർഹോസനിലുള്ള സീ ലൈഫ് സെന്ററിൽ വളർത്തിയിരുന്ന ഈ നീരാളി 2008ലെ യൂറോ കപ്പിലും 2010ലെ ലോകകപ്പിലുമായി നടത്തിയ 14 പ്രവചനങ്ങളിൽ പന്ത്രണ്ടും ശരിയായതാണ് ആ റെക്കോർഡ്. 2010ലെ ലോകകപ്പ് ഫൈനലിൽ സ്പെയിൻ വിജയിക്കുമെന്ന പ്രഖ്യാപനംകൂടി ശരിയായതോടെ നീരാളി പ്രവചനലോകത്തിന്റെ നിറുകയിലെത്തി. ഫൈനൽ പ്രവചനത്തിന്റെ കാര്യത്തിൽ നീരാളിക്ക് ഒരു എതിരാളിയുണ്ടായിരുന്നു. സിംഗപ്പൂരിൽ ഒട്ടേറെ ശരിയായ പ്രവചനങ്ങൾ നടത്തി പേരെടുത്തിരുന്ന മണിത്തത്ത 2010ലെ ലോകകപ്പ് ഫൈനലിൽ ഹോളണ്ട് ജയിക്കുമെന്നാണു പ്രവചിച്ചിരുന്നത്. എന്നാൽ, സിംഗപ്പൂരിലെ മണിത്തത്തയെയും നീരാളി കടത്തിവെട്ടുകയായിരുന്നു. 

ജർമനിയിലെ ഷെംനിറ്റ്സ് മൃഗശാലയിലെ ലിയോൺ എന്ന മുള്ളൻപന്നിയും സെർബിയയിലെ പെറ്റി എന്ന ഹിപ്പോപ്പൊട്ടാമസും ഘാനയിലെ ആന്റൻ എന്ന കുരങ്ങനുമൊക്കെ ലോകകപ്പ് പ്രവചനക്കാര്യത്തിൽ അരക്കൈ നോക്കിയവയാണ്. ഇതിൽ പലതിന്റെയും പ്രവചനം ഇപ്പോഴും തുടരുന്നു.