ദാനം ഇങ്ങനെ ചെയ്തു നോക്കൂ, ദോഷം അകലും, പതിന്മടങ്ങ് ഫലം

ഏറ്റവും ശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണ് ദാനം. പ്രതിഫലേച്ഛയില്ലാതെ അർഹതയുള്ളവർക്കു ദാനം ചെയ്യുമ്പോഴാണ് അത്  ശ്രേഷ്ഠമാകുന്നത്. നമുക്ക് ആവശ്യമില്ലാത്തവയല്ല ദാനം ചെയ്യേണ്ടത്.  അർഹിക്കുന്നവന്റെ ആവശ്യം മനസ്സിലാക്കിവേണം ദാനം ചെയ്യാൻ. "പാത്രമറിഞ്ഞു ദാനം " എന്ന് പഴമക്കാർ ഉപദേശിക്കുന്നത് വെറുതെയല്ല . ദാനം ചെയ്യുമ്പോൾ അത് സ്വീകരിക്കുന്ന ആൾക്ക് ഉപകാരപ്പെടുന്ന രീതിയിലാവണം. ഒരു കരം കൊണ്ടു ചെയ്യുന്നത് മറ്റേ കരം അറിയരുത് എന്ന പ്രമാണത്തിലൂന്നിവേണം ദാനം ചെയ്യാൻ. നാലുപേരെ അറിയിച്ചുകൊണ്ട് ചെയ്യുന്നവ ഒരിക്കലും ദാനം ആവുന്നില്ല.

ഉത്തമമായ ദാനത്തിലൂടെ ഗ്രഹദോഷങ്ങൾ ഒരുപരിധിവരെ നീങ്ങുമെന്നാണ് വിശ്വാസം. ജാതകപ്രകാരം നവഗ്രഹങ്ങളിലെ ഏതു ഗ്രഹം മൂലമാണോ ദോഷം അതനുസരിച്ചുള്ളവ ദാനം ചെയ്യുന്നത് ഉത്തമമാണ്. 

സൂര്യൻ 

നവഗ്രഹങ്ങളിലെ നായകനായ സൂര്യന് പ്രാധാന്യമുള്ള ദിനമാണ് ഞായർ . അന്നേദിവസം ദാനം ചെയ്യുന്നത് സൂര്യപ്രീതികരമാണ് . ഗോതമ്പ്, ശർക്കര ,ചെമ്പ് ,ഓറഞ്ചോ ചുവപ്പോ നിറമുള്ള വസ്ത്രം എന്നിവയിലേതെങ്കിലും ദാനം ചെയ്യുന്നത് ശ്രേഷ്ഠമാണ് .

ചന്ദ്രൻ 

തിങ്കളാഴ്ചയാണ് ചന്ദ്രന് പ്രാധാന്യമുള്ള ദിനം .അന്നേദിവസം വെളുത്ത നിറമുള്ള വസ്തുക്കൾ ദാനം ചെയ്‌യുന്നത്‌ ഉത്തമമാണ് . വെള്ളി ,പാൽ ,കൽക്കണ്ടം ,പഞ്ചസാര ,അരി, വെള്ള വസ്ത്രം ഇവയിലേതെങ്കിലും ദാനം ചെയ്യുന്നത് ചന്ദ്രദോഷത്തിനു പരിഹാരമാണ്.

ചൊവ്വ 

ചുവന്ന നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് ഉത്തമം. തുവര ,ശർക്കര ,ചുവന്ന വസ്ത്രം ,ചെമ്പ് ,രക്തചന്ദനം എന്നിവയിലേതെങ്കിലും അർഹതപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ചൊവ്വയുടെ ദോഷകാഠിന്യം കുറയ്ക്കും 

ബുധൻ 

പച്ച നിറത്തിലുള്ളവ ദാനം ചെയ്‌താൽ ബുധപ്രീതിയ്ക്കും ജ്ഞാന വർദ്ധനവിനും ഐശ്വര്യത്തിനും കാരണമാകും. ദാനം ബുധനഴ്ച ദിനത്തിലാണെങ്കിൽ അത്യുത്തമം. ചെറുപയർ ,പച്ച നിറത്തിലുള്ള വസ്ത്രം , വൃക്ഷതൈകൾ ,പച്ചക്കറികൾ ഇവ ദാനം ചെയ്യാവുന്നതാണ് .

വ്യാഴം

വ്യാഴത്തിന് പ്രീതികരമായ മഞ്ഞ നിറത്തിലുള്ളവ ദാനം ചെയ്യുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് ഉത്തമമാണ്. സ്വർണ്ണം, മഞ്ഞൾ , കടല ,ശർക്കര ,പനംകൽക്കണ്ടം ,പരിപ്പ് ,മഞ്ഞനിറത്തിലുള്ള വസ്ത്രം എന്നിവ ദാനം ചെയ്യുന്നത് വ്യാഴ പ്രീതിക്ക് കാരണമാവും.

ശുക്രൻ

വെള്ളി ,അമര, തൈര് ,വെണ്ണ ,കൽക്കണ്ടം,നാണയം ,വെള്ള വസ്ത്രം എന്നിവ ദാനം ചെയ്യുന്നത് ശുക്രപ്രീതികരമാണ്. വെള്ളിയാഴ്ച ദിവസം ഇവ ദാനം ചെയ്‌താൽ ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താൽ കുടുംബത്തിൽ ഐശ്വര്യം നിറയും .

ശനി 

ശനിയാഴ്ച ദിനത്തിൽ എള്ള് ദാനം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ശനിദോഷം മൂലം കഷ്ടതയനുഭവിക്കുന്നവർക്ക്‌ ഉത്തമ പരിഹാരമാണ് .കൂടാതെ കറുത്ത വസ്ത്രം ,ഇരുമ്പ്, എള്ള് ചേർത്ത പലഹാരങ്ങൾ ,ശർക്കര എന്നിവയും ദാനം ചെയ്യാവുന്നതാണ് .

രാഹു 

രാഹുവിന് പ്രധാനം ഉഴുന്നാണ് .ശനിയാഴ്ചദിവസം ഉഴുന്ന് ദാനം ചെയ്യുന്നത് അത്യുത്തമം. കടുക് ,ചന്ദനം, നീലയോ കറുപ്പോ നിറത്തിലുള്ള വസ്ത്രം എന്നിവ ദാനം ചെയ്യാവുന്നതാണ് .

കേതു 

ശനിയാഴ്ച വൈകിട്ടോ ഞായറാഴ്ച രാവിലെയോ കേതു പ്രീതികരമായവ ദാനം ചെയ്യുന്നത് ഉത്തമം. മുതിര ,പാൽ എന്നിവ ദാനം ചെയ്യുന്നത് കേതു ദോഷത്തിനു പരിഹാരമാണ്.