ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം . ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്.ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലെയും .ഈ മാസം ജൂലൈ 10 നും 25 നും പ്രദോഷം വരുന്നു.ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവർക്കു ദുരിതകാഠിന്യം കുറയ്ക്കാൻ ഉത്തമമാർഗമത്രേ പ്രദോഷവ്രതം.
ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ദേവിക്ക് പൗർണമി ദിനം പോലെ ,വിഷ്ണുവിന് ഏകാദശി പോലെ മഹാദേവന് പ്രാദാന്യമുള്ള ദിനമാണ് പ്രദോഷം.പ്രദോഷസന്ധ്യയിൽ പാർവതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു.ഈ സമയം സകല ദേവീദേവന്മാരും അവിടെ സന്നിഹിതരായിരിക്കും .പ്രദോഷവ്രതാനുഷ്ഠാനത്തിലൂടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്.
ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്. പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തിയാൽ സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുന്നത് ഉത്തമമാണ് . കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം ജപിക്കാവുന്നതാണ്. ശിവപഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം ,ശിവാഷ്ടകം എന്നിവ ജപിച്ചുകൊണ്ടു പ്രദോഷദിനം മുഴുവൻ മഹാദേവനെ ഭജിക്കണം .
വ്രതാനുഷ്ഠാനം
പ്രദോഷദിനത്തിന്റെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം .തലേന്ന് ഒരിക്കലൂണ് നിർബന്ധമാണ്. പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തിലകൊണ്ട് അർച്ചന, കൂവളമാല സമർപ്പണം ,പുറകുവിളക്കിൽ എണ്ണ ,ജലധാര എന്നിവ നടത്തുക . പകൽ മുഴുവൻ ഉപവാസം നന്ന്, അതിനു സാധിക്കാത്തവർക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറുണ്ണാം. പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. എണ്ണതേച്ചുകുളി പാടില്ല. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ , മലരോ , പഴമോ കഴിച്ച് ഉപവാസമവസാനിപ്പിക്കാം. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്.
ശിവപഞ്ചാക്ഷരി സ്തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ
മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ
വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ
യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ