അമാവാസിയും വെള്ളിയാഴ്ചയും പതിമൂന്നും, പേടിക്കണോ?

വെള്ളിയാഴ്ചയും പതിമൂന്നും സാധാരണയായി ഒന്നിച്ചു വരാറുണ്ട് .എന്നാൽ വെള്ളിയാഴ്ചയും പതിമൂന്നും കറുത്തവാവും ഒന്നിച്ചു വരുന്ന ദിനം വിരളമാണ്. സംഖ്യാശാസ്ത്രപ്രകാരം 13 ഭാഗ്യംകെട്ട സംഖ്യയാണ് .ഈ അക്കത്തിനു കാലാകാലങ്ങളായി മോശം അക്കമെന്ന ദുഷ്പ്പേരും കൂടെയുണ്ട് . സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കാത്തവർ പോലും 13 എന്ന അക്കത്തെ കൂട്ടുപിടിക്കാറില്ല. ഈ ദിനത്തിൽ  ശുഭകാര്യങ്ങൾ‌ ഒന്നും ചെയ്യാറില്ലെന്നത് പരസ്യമായ രഹസ്യമാണ്. വീട്ടുനമ്പറും വാഹനങ്ങളുടെ നമ്പറും സിനിമകളുടെ റിലീസും സ്പോർട്സ് താരങ്ങളുടെ ജെഴ്സികളിലും 13  ഉപയോഗിക്കാറില്ല .ഹോട്ടലുകളിൽ 13 നമ്പർ മുറി സ്വീകരിക്കാൻ പലരും മടികാട്ടുന്നു. എന്തിനേറെ രാഷ്ട്രീയ നേതാക്കൻമാർ പോലും 13 എന്ന നമ്പറുള്ള കോട്ടേഴ്സുകളും വണ്ടികളും ഉപയോഗിക്കാറില്ലെന്നതു വാർത്തയായിരുന്നു. ആഭിചാരം, മന്ത്രവാദം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്പര്‍ കൂടിയാണ് പതിമൂന്ന്.

അതുപോലെതന്നെയാണ് വെള്ളിയാഴ്ചയുടെയും അമാവാസി അഥവാ കറുത്തവാവിന്റേയും കാര്യം. ഈ ദിനങ്ങളിൽ പൊതുവെ ശുഭകർമ്മങ്ങൾ നടത്താറില്ല. ഹൈന്ദവ വിശ്വാസപ്രകാരം അമാവാസിദിനത്തിൽ മനുഷ്യശരീരത്തിൽ നെഗറ്റീവ് എനർജിയുടെ  സ്വാധീനം ഉണ്ടാകുന്നു .ഈ  ദോഷഫലങ്ങൾ  ഒഴിവാക്കുന്നതിനാണു പൂർവികർ അമാവാസിനാളുകളിൽ ഒരിക്കലോടെ വ്രതം അനുഷ്ഠിച്ചിരുന്നത്. വെള്ളിയാഴ്ചയും കറുത്തവാവും ദിനങ്ങൾ ദുരാത്മാക്കളുടെ സഞ്ചാരദിനം ആണെന്ന വിശ്വാസവും സമൂഹത്തിൽ നിലനിൽക്കുന്നു .

അപ്പോൾ ഈ 13 ഉം വെള്ളിയും അമാവാസിയും ഒരുമിച്ചുവന്നാലോ? അങ്ങനെയൊരു ദിനമാണ് 2018 ജൂലൈ 13 വെള്ളിയാഴ്ച.  അത്യപൂർവതയുള്ള  ദിനം. സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല മറ്റു പലരും ഒരു മോശം ദിനമാണിതെന്നാണ് വിശ്വസിക്കുന്നത്. ചരിത്രത്തിലും വിശ്വാസങ്ങളിലും പല അനിഷ്ട സംഭവങ്ങളും ദുരന്തങ്ങളും ഉണ്ടായത് 13 എന്ന തിയതിയിലും വെള്ളി ,കറുത്ത വാവ് എന്നീ ദിനങ്ങളിലുമായതിനാലാവാം ഇത്തരം വിശ്വാസങ്ങൾ ഉണ്ടായത്.