ഭൂമിയുടെ റിലീഫ് മാപ് (മലകൾ, താഴ്‌വരകൾ, നദികൾ, ചെറുനദികൾ, വിസ്തൃത സമതലങ്ങൾ എന്നിവ ഉൾപ്പെട്ടത്) അതിന്റെ ആകൃതി വെളിപ്പെടുത്തുന്നതുപോലെ, ഹസ്തരേഖാശാസ്ത്രത്തിൽ കൈത്തലത്തിലെ മേടുകളും (mount), രേഖകളും (lines) മറ്റു ചിഹ്നങ്ങളും (configurations), ജീവിതത്തിന്റെ മൊത്തത്തിലുള്ള ചിത്രം വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. ആദ്യമായി രേഖകളുടെ കാര്യമെടുക്കാം. രേഖകളുടെ വലുപ്പം, ആകൃതി, അവ ആഴമുള്ളതോ ഇല്ലാത്തതോ, ശാഖകളുള്ളതോ, പൊടിപ്പുകളും തൊങ്ങലുകളുമുണ്ടോ, എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു, അവ കൈത്തലത്തിൽ എവിടെ കാണപ്പെടുന്നു, എന്തിനെയെല്ലാം ബന്ധിപ്പിക്കുന്നു, ഏതു രേഖകളെ ഖണ്ഡിക്കുന്നു, കീറിമുറിക്കുന്നു എന്നിവയൊക്കെ സൂക്ഷ്മമായി പരിശോധിച്ചുവേണം ഫലപ്രവചനം നടത്താൻ.
എല്ലാ കൈത്തലങ്ങളിലും പ്രധാനമായി ആറു രേഖകൾ. മുകളിൽ നിന്ന് താഴേക്ക് മൂന്ന് എണ്ണം, ഹൃദയരേഖ (Heart line), ബുദ്ധി (ശീർഷ) രേഖ (Head line), ജീവ (ആയുർ)രേഖ (Life line). വലത്തേകൈയ്യിൽ ഇടത്തുനിന്ന് വലത്തേക്ക് ബുധരേഖ (Mercury line), സൂര്യ(ആദിത്യ) രേഖ (Sunline), ശനിരേഖ (Saturn line). ഇതിനെ വിധിരേഖ എന്നും വിളിക്കും. ഓരോ മുഖ്യരേഖയും ജീവിതത്തിന്റെ ഗതിവിഗതികളിൽ സ്വാധീനം ചെലുത്തുകയും ജീവിതപ്രയാണത്തിന്റെ വഴികൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.
മുഖ്യരേഖകൾ (Major lines) കൂടാതെ കൈത്തലത്തിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ ചെറുരേഖകളുമുണ്ട്. ഇവ Minor lines എന്നാണറിയപ്പെടുന്നത്. വിവാഹരേഖ (Marriage line), സ്വാധീന രേഖകൾ (Lines of influence), ശുക്രവലയം (Girdle of venus), സൂര്യവളയം (മോതിരം) എന്നൊക്കെയാണ് ഇവ അറിയപ്പെടുന്നത്.
വരകൾ സൂചിപ്പിക്കുന്ന വിവരങ്ങൾ
ഹൃദയ രേഖ- വികാരവിചാരങ്ങൾ, സ്നേഹം, അനുകമ്പ, ദയ, അരക്ഷിതബോധം, വിവാഹങ്ങൾ, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം, അസ്വാതന്ത്ര്യം, ആശ്രയത്വം.
ശിരോരേഖ – ജോലി, പ്രൊഫഷൻ, ബുദ്ധി, വിവേകം, കാര്യഗ്രഹണശേഷി, ജോലിയോടുള്ള ആഭിമുഖ്യം, വിജയസാധ്യതകൾ, ആന്തരിക കഴിവുകൾ.
ജീവരേഖ – ജീവിതത്തിന്റെ ദൈർഘ്യമല്ല ജീവരേഖ സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെയാണ്. നമ്മുടെ ഉന്മേഷം, ഊർജസ്വലത, ക്രയോൻമുഖത, ചൊടി, ചുണ, മനഃശ്ശക്തി, ആത്മവിശ്വാസം, യുക്തിഭദ്രത, ന്യായാന്യായ വിവേചനം ഇവയൊക്കെ ജീവരേഖ നിർണയിക്കും.
ബുധരേഖ – ആരോഗ്യം (വിശിഷ്യാ നാഡീവ്യവസ്ഥയുടെ), വ്യാപാരം, വാണിജ്യം, സാഹസിക കാര്യങ്ങൾ, അന്വേഷണാത്മകത.
സൂര്യരേഖ – ആന്തരികോർജം, സൃഷ്ടിപരമായ കഴിവുകൾ, ചിന്താശേഷി ഇവയുടെ വിനിയോഗം, നൈസർഗിക കഴിവുകളുടെ വികാസം.
ശനിരേഖ – സ്വഭാവശുദ്ധി, മഹിമ, തൊഴിൽരംഗം, സൗഹൃദങ്ങൾ, ദൈനംദിന ജീവിതപ്രശ്നങ്ങൾ, വിജയിക്കാനുള്ള ശേഷി, മാനസിക വ്യാപാരങ്ങൾ എന്നിവ.
ലേഖകൻ
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755
Email: nandakumartvm1956@gmail.com