Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമനാമത്തിന്റെ മഹത്വം, ഭക്തിയോടെ ജപിച്ചാൽ ഫലം ഉറപ്പ്

രാമ

ദേവീദേവന്മാരെ ആരാധിക്കാനുള്ള പ്രധാനപ്പെട്ട മന്ത്രങ്ങളാണ് മൂലമന്ത്രങ്ങൾ. ശ്രീ മഹാവിഷ്ണുവിന്റെ 'ഓം നമോ നാരായണായ' എന്ന മൂലമന്ത്രത്തിന്റെ ബീജാക്ഷരമായ 'രാ' യും ഭഗവാൻ ശിവശങ്കരന്റെ 'ഓം നമ:ശിവായ' എന്ന മൂലമന്ത്രത്തിന്റെ ബീജാക്ഷരമായ 'മ'യും യോജിച്ചാണ് 'രാമ' നാമം രൂപപ്പെട്ടിരിക്കുന്നത്. വൈഷ്ണവശക്തിയും ശൈവശക്തിയും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന നാമമാണ് രാമനാമം.  

മൂലമന്ത്രത്തിലെ പ്രധാനപ്പെട്ട അക്ഷരത്തെയാണ് ബീജാക്ഷരം എന്നുപറയുന്നത്. ഈ ബീജാക്ഷരമാണ് മൂലമന്ത്രത്തെ അർഥവത്താക്കുന്നത് .നമ:ശിവായ മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ 'മ' മാറ്റിയാല്‍ 'നശിവായ' എന്നാകും, 'നാശമാകട്ടെ' എന്നാണതിന്‍റെ അര്‍ഥം. അതുപോലെ 'ഓം നമോ നാരായണായ' മന്ത്രത്തില്‍ നിന്നും ബീജാക്ഷരമായ 'രാ' എടുത്തുമാറ്റിയാല്‍ 'ഓം നമോ നായണായ' എന്നാകും, 'തനിക്കു മുന്നിൽ ഒരു വഴിയുമില്ല' എന്നാണതിന്‍റെ അര്‍ഥം.

കാട്ടാളനായിരുന്ന വാല്മീകി 'മരാ മരാ' എന്ന് ചൊല്ലി മുനിയായതും പിന്നീട് രാമായണം രചിച്ചതുമായ കഥ ഏവർക്കും അറിവുള്ളതാണല്ലോ? രാമന്റെ അയനം അഥവാ ശ്രീരാമന്റെ ജീവിതയാത്രയാണ് രാമായണം .ഏഴുകാണ്ഡങ്ങളിലായി ഇരുപത്തിനാലായിരം ശ്ലോകങ്ങളിലായാണ് വാല്മീകി മഹർഷി രാമായണം എഴുതിയിരിക്കുന്നത്. 

എല്ലാ മന്ത്രങ്ങളുടെയും മാതാവായാണ് 'ഗായത്രി മന്ത്രം' അറിയപ്പെടുന്നത്. അതായത് മന്ത്രങ്ങളിൽ ഗായത്രിയേക്കാൾ ശ്രേഷ്ഠമായത് മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. ഗായത്രിമന്ത്രത്തിലെ ഇരുപത്തിനാല് അക്ഷരങ്ങൾ ഇരുപത്തിനാലായിരം ശ്ലോകങ്ങളായി വിപുലീകരിച്ചതാണ് രാമായണം. രാമനാമം ജപിക്കുമ്പോൾ ശിവചൈതന്യവും വിഷ്ണുചൈതന്യവും ഒരുപോലെ ഭക്തന് ലഭിക്കുന്നു.

കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള ഏറ്റവും ഉത്തമമാർഗ്ഗമാണ് രാമനാമജപം.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ"