ശ്രീരാമഭക്തനായ ഹനുമാൻ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല. മറ്റൊന്ന് ഹനുമാൻ സദാ രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥന കൊണ്ട് ഹനുമാന് പ്രാർഥനയ്ക്ക് തടസ്സം നേരിടുമെങ്കിൽ ഒരിക്കലും ഹനുമത്‌ഭജനം സാധിക്കില്ലല്ലോ. രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യണം.
സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾക്കാൻ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തർപ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്. ബ്രാഹ്മണശ്രേഷ്ഠന്മാർക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നത്.
എന്തെല്ലാമാണ് രാമായണ പാരായണത്തിന്റെ ചിട്ടകൾ?
യാതൊരു കേടുപാടുമില്ലാത്ത രാമായണമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച് ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾ ആദ്യമായി ഗ്രന്ഥം എടുത്ത് രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് 11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിന് മുന്നിലിരുന്ന് പാരായണം ചെയ്യാം. ശ്രീരാമപട്ടാഭിഷേക ചിത്രം മാത്രമേ വീട്ടിൽ വയ്ക്കാവൂ. അല്ലാത്ത പടം വയ്ക്കാൻ പാടില്ല, അപൂർണ്ണമാണ്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. മറ്റു കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. ഏകാഗ്രതയും ശ്രദ്ധയും വേണം. രാമായണപാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തിൽ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തിരിക്കണം. ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോൾ യുദ്ധകാണ്ഡത്തിന്റെ അവസാനഭാഗത്തു നൽകിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാൻ.
ഒരു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന ചിട്ടകളെന്തെല്ലാം?
മുൻപ് പറഞ്ഞ വിധിപ്രകാരം തന്നെ രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതുവരെ കെടാവിളക്ക് സൂക്ഷിക്കണം.
കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർ എന്തുചെയ്യണം?
ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.
ചിലർ ഒരു ചടങ്ങ് പോലെ രാമായണം പാരായണം ചെയ്ത് തീർക്കുന്നു. ഇതിനിടയ്ക്ക് ടിവി കാണലും വീട്ടുകാര്യവും ഓഫീസ് കാര്യവും ഫോണ്‍ സംഭാഷണങ്ങളും ചർച്ചയുമെല്ലാമുണ്ട്. ഏകാഗ്രതയും ഭക്തിയോടെയും വേണം രാമായണം പാരായണം ചെയ്യേണ്ടത്. ഫലം സുനിശ്ചിതം.