ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്. ദേവീപ്രീതികരമായ കർമ്മങ്ങൾ ഭവനത്തിൽ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനമാണിത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണമീ ദിനാചരണം എന്നും വിശ്വാസമുണ്ട്.
സൂര്യോദയത്തിനുമുന്നെ വീടും പരിസരവും വൃത്തിയാക്കി ശരീരശുദ്ധി വരുത്തിയശേഷം നിലവിളക്കു കൊളുത്തി പ്രാർഥിക്കുക. നിലവിളക്കിന് മുൻപിലോ പ്രധാനവാതിലിൽനിന്നുകാണത്തക്കരീതിയിലോ അഷ്ടമംഗല്യം ഒരുക്കിവയ്ക്കുക. പ്രധാനവാതിലിനു മുകളിലായി മാവിലകൊണ്ടോ ആലിലയും മാവിലയും ചേർത്തോ തോരണം ചാർത്തുക.
ഭഗവതിക്ക് നേദിക്കുക എന്ന സങ്കൽപ്പത്തിൽ "അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി " എന്ന് മൂന്നുതവണ ജപിച്ചുകൊണ്ട് അരിയിടുക. അന്നദാനം നടത്തുന്നത് ശ്രേഷ്ഠമാണ്. അന്നേദിവസം ഭവനത്തിൽ മത്സ്യമാംസാദികൾ പാകം ചെയ്യുന്നത് ഒഴിവാക്കുക. കുടുംബാംഗങ്ങൾ കഴിവതും സസ്യാഹാരം കഴിക്കുക.
കലഹങ്ങൾ, പരദൂഷണം, കുറ്റപ്പെടുത്തൽ എന്നിവ പാടില്ല. ഭവനത്തിൽ സത്സംഗം, ഭജന, ലളിതാസഹസ്രനാമ ജപം എന്നിവ നടത്തുന്നത് അത്യുത്തമം. സന്ധ്യസമയത്തു വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങൾ ജപിക്കണം. അഷ്ടഗന്ധം പുകയ്ക്കുന്നതും നന്ന്.
പൗർണമി ദിവസം വീടിന്റെ പ്രധാനവാതിലിന്റെ നീളത്തിലും വീതിയിലുമുള്ള കറുകമാല, വെറ്റിലമാല എന്നിവ കട്ടിളയിൽ ചാർത്തുക. പിറ്റേന്ന് മാലകൾ ശുദ്ധജലത്തിൽ മുക്കി വീടിനകത്തും പുറത്തും പുരയിടത്തിലും തളിക്കുക. വാസ്തുദോഷങ്ങൾ മാറാൻ ഒരു ഉത്തമ പരിഹാരമാണിത്. തളിച്ചശേഷം മാലകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഒഴുക്കുള്ള വെള്ളത്തിൽ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു കളയണം.