ആയുർദോഷങ്ങൾ അകറ്റി രോഗങ്ങൾക്ക് ശമനവും ദീർഘായുസും നൽകുന്ന മന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം. സംഹാരമൂർത്തിയായ പരമശിവന്റെ പ്രീതിക്കായാണ് മൃതസഞ്ജീവനി മന്ത്രം ചൊല്ലുന്നത്. ചിട്ടയോടെയും ഏകാഗ്രതയോടെയും പൂർണമനസ്സോടെയും ഈ മന്ത്രം ചൊല്ലി ശിവനെ ഉപാസിക്കുന്നത് ദീർഘനാളായുള്ള രോഗങ്ങൾക്ക് ശമനം നൽകാൻ സഹായകരമാണെന്നാണ് കരുതുന്നത്.
മന്ത്രം
ഓം ജൂംസ: ഈം സൗ: ഹംസ സഞ്ജീവനി
മമ ഹൃദയ ഗ്രന്ഥി പ്രാണം
കുരു കുരു സോഹം
സൗ: ഈം സ: ജൂം അമൃഠോം നമഃശിവായ
മൃതസഞ്ജീവനി മന്ത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കഥ പുരാണത്തിലുണ്ട്. അസുരഗുരുവായ ശുക്രാചാര്യരുടെ അടുത്ത് നിന്നും മൃതസഞ്ജീവനി മന്ത്രം പഠിച്ചെടുക്കാൻ ദേവഗുരുവായ ബൃഹസ്പതിയുടെ മകൻ കചനെ ദേവന്മാർ നിയോഗിച്ചു. ഇതനുസരിച്ച് കചൻ ശുക്രാചാര്യാരുടെ ശിഷ്യനായി. എന്നാൽ ശുക്രാചാര്യരുടെ മകളായ ദേവയാനിയുമായി അനുരാഗത്തിലായ കചനോട് മറ്റ് അസുരന്മാർക്ക് ശത്രുതയായി. ഇതേതുടർന്ന് ഒന്നിലധികം തവണ കചനെ അസുരന്മാർ വധിക്കുകയും എന്നാൽ ദേവയാനിയുടെ അഭ്യർഥനപ്രകാരം മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ച് ശുക്രാചാര്യൻ അവനെ മരണത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.
ഇതോടെ കചനോട് അസുരന്മാർക്ക് ഉണ്ടായ ശത്രുത ഇരട്ടിക്കുകയാണ് ചെയ്തത്. ശുക്രാചാര്യർക്ക് രക്ഷിക്കാനാവാത്തവിധം കചനെ കൊലപ്പെടുത്താൻ അവർ തീരുമാനിച്ചു. ഇത്തവണ അവർ കചന്റെ ശരീരം അരച്ചു മദ്യത്തിൽ കലക്കി ആചാര്യനു കുടിക്കാൻ കൊടുത്തു. അങ്ങനെ കചൻ ശുക്രാചാര്യരുടെ ഉദരത്തിൽ ചെന്നു പെട്ടു. ധ്യാന ദൃഷ്ടിയിലൂടെ കചൻ തന്റെ ഉദരത്തിലാണുള്ളതെന്ന് ശുക്രാചാര്യൻ മനസ്സിലാക്കി. മൃതസഞ്ജീവനി യന്ത്രം ഉപയോഗിച്ച് കചനെ രക്ഷിച്ചാൽ തന്റെ വയറുപിളർന്ന് കചൻ പുറത്തുവരുന്നതോടെ താൻ മരണപ്പെടും എന്ന് മനസ്സിലാക്കിയ ശുക്രാചാര്യൻ ഒരു പരിഹാരം കണ്ടെത്തി. ഗുരു മൃതസഞ്ജീവനി മന്ത്രം ഉറക്കെ ചൊല്ലി തന്റെ ഉദരത്തിലുള്ള കചനോട് അത് ഏറ്റുചൊല്ലി ഹൃദിസ്ഥമാക്കാൻ ആവശ്യപെട്ടു. മൃതസഞ്ജീവനി മന്ത്രത്തിന്റെ ശക്തികൊണ്ട് പുനർജീവിച്ച കചൻ പുറത്തെത്തി ശുക്രാചാര്യർക്ക് അതേ മന്ത്രം ഉപയോഗിച്ച് ജീവൻ നൽകി. ദേവന്മാർ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കിയ സന്തോഷത്തോടെ കചൻ തിരികെ ദേവലോകത്തേക്ക് മടങ്ങി.
പ്രപഞ്ചം നിയന്ത്രിക്കുന്ന ദേവന്മാർ വരെ അതി പ്രാധാന്യത്തോടെ കണ്ടിരുന്ന മന്ത്രമാണ് മൃതസഞ്ജീവനി മന്ത്രം എന്ന് പുരാണങ്ങൾ പറയുന്നു.