തീർഥയാത്ര വെറുതെയല്ല, ഫലങ്ങൾ നിരവധി

എല്ലാ വർഷവും കുടുംബാംഗങ്ങളോടൊത്ത് പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ചിലർ ഒറ്റയ്ക്കും സുഹൃത്തുക്കളോടൊത്തും തീർഥയാത്ര ചെയ്യുന്നു. ഇതിന് വല്ല പുണ്യവുമുണ്ടോ? വെറുതേ പണവും സമയവും ചെലവാക്കി മറ്റ് വല്ല കാര്യവും ചെയ്തു കൂടേ എന്നു ചിന്തിക്കുന്നവരും ഇല്ലാതില്ല.

ഏഴരശനി, കണ്ടകശനി, ശനിദശ എന്നീ കാലങ്ങളിൽ വീട് വിട്ടു താമസിക്കേണ്ടി വരികയും വനവാസവും ഒക്കെ അനുഭവിക്കേണ്ടി വരും. അത് കൂടാതെയും പല ദുരിതങ്ങളും ഈ കാലത്ത് ഉണ്ടാകാം. അപവാദം കേൾക്കേണ്ടി വരിക, അപകടങ്ങൾ ഉണ്ടാവുക എന്നിവയിൽ നിന്നും ഒക്കെ രക്ഷപ്പെടാൻ തീർഥയാത്ര നമ്മെ സഹായിക്കും. പ്രത്യേകിച്ച് മലമുകളിൽ പോവുകയും അവിടെ താമസിക്കുകയും ചെയ്യുമ്പോൾ കാനനവാസം അൽപമെങ്കിലും അനുഭവിച്ചത് കൊണ്ട് വലിയ ബുദ്ധിമുട്ടുകളിൽ നിന്നാണ് നാം രക്ഷപ്പെടുന്നത്.

എല്ലാ മാസവും ശബരിമലയ്ക്കും, പഴനിയിലും, മൂകാംബികയിലും ഒക്കെ പോകുന്നവർ ദുരിതങ്ങളിൽ നിന്നും സ്വയം മോചിതരാവുകയാണ് ചെയ്യുന്നത്.

ഇടവക്കൂറുകാർ (കാർത്തിക ¾, രോഹിണി, മകയിരം ½) ഇവർക്ക് ശനി ഇപ്പോള്‍ അഷ്ടമത്തിലാണ്. മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണർതം ¾) ഇവർക്ക് ഏഴിലെ ശനി കണ്ടകശനിയാണ്. കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½) ഇവർക്ക് നാലിൽ ശനി കണ്ടകശനിയാണ്. വൃശ്ചികക്കൂറ് (വിശാഖം ¼, അനിഴം, തൃക്കേട്ട), ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼), മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) ഇവർക്ക് മൂന്ന് രാശിക്കാർക്കും ഏഴരശനിയാണ്. മീനക്കൂറ് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി) പത്തിൽ ശനി കണ്ടകശനിയാണ്.

ഏഴരശനിയും അഷ്ടമശനിയും കണ്ടകശനിയും ഒക്കെ കുറയ്ക്കാൻ ശനീശ്വരനെ ഭജിക്കുകയാണ് വേണ്ടത്. ശിവക്ഷേത്രം, ഹനുമാൻ ക്ഷേത്രം, ധർമ്മശാസ്താക്ഷേത്രം, അയ്യപ്പസ്വാമി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ നടത്തുന്നതും ദോഷങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു.

എല്ലാ വർഷവും ഒരേ സ്ഥലത്ത് തന്നെ പോകണമെന്നില്ല. എല്ലായിടത്തും സകുടുംബം പോകണമെന്നും ഇല്ല. ഭാര്യയും മക്കളും പോയി വരാൻ പ്രാപ്തരാണെങ്കിൽ അവരെ തീർഥയാത്രയ്ക്ക് അയയ്ക്കുക. നിങ്ങൾക്ക് വീട്ടിലിരിക്കാം. മറിച്ചും ആകാം. അതൊക്കെ ഓരോരുത്തരുടെയും തിരക്കും സൗകര്യവും അനുസരിച്ചാകാം. ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും പുണ്യസ്ഥലങ്ങൾ സന്ദർശിച്ചാൽ അതിന്റെ ഫലം ഉണ്ടാകും. പോയ വിശേഷങ്ങൾ കേട്ടാൽ അതിന്റെ പാതി ഫലം ലഭിക്കും എന്നാണ് വിശ്വാസം. ഗംഗയിൽ പോയി കുളിച്ച് കാശിനാഥനെ കണ്ട് തൊഴുത കഥ കേട്ടാൽ കേൾക്കുന്നയാൾക്ക് പകുതി പുണ്യം കിട്ടും എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും.

പുണ്യസ്ഥലത്തേക്ക് പോകുന്ന മകനെയോ ഭർത്താവിനെയോ അതിൽനിന്നും പിന്തിരിപ്പിച്ചാല്‍ ദോഷം ഒഴിവാകാനുള്ള വഴിയാണ് അടയുന്നത് എന്നും മനസ്സിലാക്കുക.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421