നേത്ര–ചർമ്മ രോഗങ്ങൾ അകലും, ഈ വ്രതം അനുഷ്ഠിച്ചോളൂ

പലവിധ നേത്രരോഗങ്ങൾ കൊണ്ട് വലയുന്നവർ ആണോ നിങ്ങൾ. എന്നാൽ ഇതിനുള്ള ഉത്തമപരിഹാരമാണ് ഞായറാഴ്ച വ്രതം. സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിനായിട്ടാണ് ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത്. ആദിത്യദൃഷ്ടി കൊണ്ടുള്ള ദോഷങ്ങൾ ഈ വ്രതാനുഷ്ഠാനത്തോടെ ശമിക്കും എന്നാണ് വിശ്വാസം. നേത്ര രോഗത്തിനു പുറമേ ചർമ്മ സംബന്ധമായ എല്ലാ രോഗങ്ങളും മാറുന്നതിനും ഞായറാഴ്ച വ്രതം എടുക്കുന്നത് ഉത്തമമാണ്.

ഞായറാഴ്ച ദിവസം നവഗ്രഹ ക്ഷേത്രങ്ങളിൽ ആദിത്യന് ചുവന്ന പൂക്കൾകൊണ്ട് അർച്ചന നടത്തുന്നത് ഏറെ ഗുണകരമാണ്. നവഗ്രഹ പ്രതിഷ്ഠകൾ സമീപത്ത് ഇല്ലാത്തവർക്ക് ശിവക്ഷേത്രങ്ങളിൽ വഴിപാട് കഴിക്കുന്നത് ആദിത്യപ്രീതിക്ക് ഉപകരിക്കും. രക്തചന്ദനം പ്രസാദമായി ധരിക്കുകയും ഗായത്രിമന്ത്രം ഉരുവിടുകയും ചെയ്യണം. വ്രതം എടുക്കുന്നവർ ഒരു നേരം മാത്രം അരി ആഹാരം കഴിക്കുകയും ഉപ്പ് എണ്ണ എന്നിവ പൂർണമായി അന്നത്തെ ദിവസം വർജിക്കുകയും ചെയ്യേണ്ടതാണ്.

ഇതിനുപുറമേ ഞായറാഴ്ച ദാനകർമ്മങ്ങൾ നടത്തുന്നത് ഉത്തമമാണ്. സൂര്യാസ്തമയത്തിനു മുൻപായി ആദിത്യ സ്തോത്രങ്ങൾ ഉരുവിടുന്നതും ആദിത്യ കഥകൾ വായിക്കുന്നതും ഗുണം ചെയ്യും.

ഞായറാഴ്ച വ്രതം കൃത്യതയോടെ അനുഷ്ഠിക്കുന്നവർക്ക് ചർമ്മ രോഗങ്ങളിൽനിന്നും കണ്ണിനു വന്നുചേരുന്ന വിവിധ രോഗങ്ങളിൽനിന്നും മുക്തി ലഭിക്കും. ഞായറാഴ്ച ദിവസങ്ങളിൽ ആദിത്യനമസ്കാരം ചെയ്യുന്നതും അത്യുത്തമമാണ്.