വാഹനം വാങ്ങുമ്പോൾ നല്ല സമയം മാത്രം നോക്കിയാൽ പോരാ, അറിയണം ഇക്കാര്യങ്ങൾ കൂടി!!

പ്രധാനപ്പെട്ട എന്തുതീരുമാനം കൈകൊള്ളുമ്പോഴും അതിനു ജ്യോതിശാസ്ത്രത്തെ ആശ്രയിക്കുന്നവർ നിരവധിയുണ്ട് നമ്മുടെ നാട്ടിൽ. വീട് വെക്കുമ്പോഴും കാർ വാങ്ങുമ്പോഴും വിവാഹക്കാര്യത്തിനും തുടങ്ങി  എന്തിനും ഏതിനും നല്ല സമയം നോക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും. വിവാഹവും ഭവന നിർമാണവും പോലെത്തന്നെ  ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നു തന്നെയാണ് ഒരു വാഹനം സ്വന്തമാക്കുക എന്നതും. വാഹനം വാങ്ങുമ്പോൾ നല്ല സമയം നോക്കുന്നതിനൊപ്പം കുറെയേറെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. അവ എന്തൊക്കെയെന്നറിയേണ്ടേ?

ഒരു വ്യക്തിയുടെ ജാതകവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് ഒരു കാർ, അല്ലെങ്കിൽ ഒരു ബൈക്ക് സ്വന്തമാക്കുക എന്നത്. വ്യക്തിയുടെ ലഗ്ന കുണ്ഡലി അഥവാ ജനനപത്രം അനുസരിച്ചു, ലഗ്ന കുണ്ഡലിയുടെ നാലാമത്തെ ഗൃഹം, ഒരു വാഹനത്തിന്റെ ഉടമ ആകാൻ കഴിയുമോ എന്നതിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. ശുക്രൻ, ലഗ്ന കുണ്ഡലിയിലെ നാലാമത്തെ ഗൃഹത്തിലെത്തുമ്പോൾ ആ വ്യക്തി തീർച്ചയായും ഒരു വാഹനത്തിന്റെ ഉടമയായി മാറുമെന്നു ജ്യോതിശാസ്ത്രം ഉറപ്പിച്ചു പറയുന്നു. വാഹനം വാങ്ങുമ്പോൾ ആളുകൾ ഏറ്റവുമധികം ആശങ്കപ്പെടുന്നതു അപകടങ്ങളെക്കുറിച്ചോർത്താണ്. രാഹുവിന്റെയും കേതുവിന്റെയും അപഹാരങ്ങളാണ് അപകടങ്ങളിലേക്കു വഴിവെയ്ക്കുന്നത്. രാഹുവും കേതുവും ഒരു വ്യക്തിയുടെ ലഗ്നകുണ്ഡലിയിലെ ഒരേ പാതയിൽ വരുന്നപക്ഷം അപകടങ്ങൾക്കു സാധ്യത ഏറെയാണ്. 

കാറിന്റെ നിറം തെരഞ്ഞെടുക്കുമ്പോൾ 

കാറിന്റെ നിറം തെരഞ്ഞെടുക്കുക എന്നതു ഓരോ വ്യക്തിയുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നിരിക്കിലും നിറങ്ങൾ തെരെഞ്ഞെടുക്കുമ്പോളും ശ്രദ്ധിക്കണമെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ചില നിറങ്ങൾ ചിലർക്ക് ഏറെ  അനുയോജ്യമായിരിക്കും. ഓരോ വ്യക്തികളുടെയും രാശിയുടെയും ജനന സമയത്തെ  ചന്ദ്ര സ്ഥാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും യോജിച്ച നിറമേതെന്നു കണ്ടെത്തുന്നത്. അത്തരം നിറങ്ങൾ വാഹങ്ങൾക്കു തെരഞ്ഞെടുക്കുന്നത് ശ്രേഷ്ഠമാണ്. 

ഗ്രഹങ്ങളുടെ അടിസ്ഥാനത്തിലും ഓരോരുത്തർക്കും അനുയോജ്യമായ നിറങ്ങൾ ഏതെന്നു മനസിലാക്കാൻ കഴിയുന്നതാണ്. 

വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ തെരഞ്ഞെടുക്കുമ്പോൾ 

വാഹനത്തിന്റെ രജിസ്‌ട്രേഷൻ  നമ്പർ തെരെഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ഭാഗ്യഅക്കം അയാളുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണമായി ഒരു വ്യക്തിയുടെ ജനനത്തീയതി 16 ആണെന്നു കരുതുക 1 + 6 = 7, 7 ആണ് ആ വ്യക്തിയുടെ ഭാഗ്യഅക്കം. ഭാഗ്യനമ്പറോ അതല്ലെങ്കിൽ ഒമ്പത് എന്ന ഒറ്റസംഖ്യയോ വാഹനത്തിന്റെ രജിസ്റ്റർ നമ്പറായി തെരെഞ്ഞെടുക്കാവുന്നതാണ്. ലഭിച്ച രജിസ്റ്റർ നമ്പറിലേ ഓരോ അക്കങ്ങളും കൂട്ടുമ്പോൾ ഒരു വ്യക്തിയുടെ ഭാഗ്യഅക്കമോ ഒമ്പതോ ലഭിക്കുകയാണെങ്കിൽ ആ നമ്പർ വാഹനത്തിന്റെ രജിസ്റ്റർ നമ്പറാക്കാം.  മിക്ക ഫാൻസി നമ്പറുകളുടെയും ഉദാഹരണമായി 9999, 3303 തുടങ്ങിയവയെല്ലാം കൂട്ടുമ്പോൾ കിട്ടുന്ന തുക ഒമ്പതു തന്നെയാണ്. ഫാൻസി നമ്പറുകൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുന്നത് ഗുണാനുഭവങ്ങൾ സമ്മാനിക്കുമെന്നുറപ്പാണ്. 

വാഹനം വാങ്ങുന്ന ദിനം 

വാഹനം വീട്ടിലെത്തിക്കുന്ന ദിവസത്തിനുമുണ്ട് പ്രാധാന്യം. വാഹനം ഷോറൂമിൽ നിന്നും വാങ്ങുന്ന ദിവസവും സമയവും നല്ലതാണോ എന്ന് നോക്കണം. ചന്ദ്രന്റെ നിലയനുസരിച്ചു വേണം ദിവസം തെരഞ്ഞെടുക്കാൻ. പൂർണചന്ദ്ര ദിവസത്തിനു അഞ്ചു ദിവസം മുമ്പോ അഞ്ചു ദിവസത്തിനു ശേഷമോ വാഹനം സ്വന്തമാക്കുന്നതാണ് ഏറ്റവും ഉചിതം. പൗര്ണമിയ്ക്കു ആറു മുതൽ പത്തുദിവസം വരെ മുമ്പോ പിമ്പോ വാഹനം വാങ്ങുന്നതും മോശമല്ല. എന്നാൽ പൗര്ണമിയ്ക്കു ശേഷം  11 മുതൽ 15 വരെയുള്ള ദിവസങ്ങൾ വാഹനം വീട്ടിലെത്തിക്കുന്നതിനു ഗുണകരമല്ല. 

വാഹനം വാങ്ങുന്ന സമയം 

വാഹനം വാങ്ങുന്ന ദിനം പോലെ തന്നെ പ്രധാനമാണ് ആ സമയവും. രാഹുകാലത്തു വാഹനം സ്വീകരിക്കരുതെന്നു പൊതുവെ പറയാറുണ്ട്. അതുവളരെ ശരിയായ വസ്തുതയാണ്. ഒരു ദിവസത്തിൽ ഒന്നര മണിക്കൂർ വീതം രാഹുകാലം ഉണ്ടാകാറുണ്ട്. ഈ സമയം വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതു ഒഴിവാക്കേണ്ടതാണ്. ഓരോ ദിവസത്തെയും രാഹുകാലത്തിന്റെ സമയം ഇപ്രകാരമാണ്. 

ഞായറാഴ്ച - 04.30 PM to 06.00 PM

തിങ്കളാഴ്ച - 07.30 AM to 09.00 AM

ചൊവ്വാഴ്ച - 03.00 PM to 04.30 PM

ബുധനാഴ്ച - 12.00 PM to 01.30 PM

വ്യാഴാഴ്ച - 01.30 PM to 03.00 PM

വെള്ളിയാഴ്ച - 10.30 AM to 12.00 PM

ശനിയാഴ്ച - 09.00 AM to 10.30 AM

വാഹനത്തിൽ അലങ്കാര പണികൾ ചെയ്യുമ്പോൾ 

വാഹനങ്ങളിൽ ചിലരെങ്കിലും ദൈവങ്ങളുടെ ചിത്രങ്ങളോ ചെറുവിഗ്രഹങ്ങളോ വെക്കാറുണ്ട്. അങ്ങനെ വെക്കുമ്പോൾ വിഘ്നേശ്വരന്റെ ചിത്രങ്ങളോ വിഗ്രഹങ്ങളോ വെക്കുന്നതാണ് നല്ലത്. എന്തുകൊണ്ടെന്നാൽ കേതുവുമായി ബന്ധപ്പെട്ട ദേവൻ ഗണപതിയാണ്. തടസങ്ങളോ അപകടങ്ങളോ ഒഴിഞ്ഞുപോകുന്നതിനു വിഘ്നേശ്വരനെ പൂജിക്കുന്നതാണ് ഉചിതം. വാഹനത്തിൽ ഗണപതിയുടെ വിഗ്രഹം സൂക്ഷിക്കുന്നതു ആപത്തുകളിൽ നിന്നും രക്ഷപ്പെടുന്നതിനു സഹായിക്കുമെന്നാണ് വിശ്വാസം. 

പുതിയ വാഹനത്തിലെ ആദ്യ യാത്ര 

പുതിയ വാഹനത്തിലെ ആദ്യ യാത്ര ദേവാലയങ്ങളിലേക്കാകുന്നതാണ് ഗുണകരം. വിഘ്നേശ്വര ക്ഷേത്രങ്ങളോ ഹനുമാൻ ക്ഷേത്രങ്ങളോ സന്ദർശിക്കുന്നതും വാഹനപൂജ ചെയ്യിക്കുന്നതും മഹത്തരമാണ്.