കണ്ണകിദേവിയും ആറ്റുകാലമ്മയും; ദുഃഖം തീർക്കുന്നൊരമ്മേ
ദുഃഖം തീർക്കുന്നൊരമ്മേ... ’ഓം ജയന്തീ മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹാ സ്വധാ നമോസ്‌തുതേ’ ദേവീ സ്‌തുതി ആറ്റുകാലിനു ഉണർത്തുപാട്ടായി ഒഴുകി വരുന്നു. പുണ്യം തേടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പ് സഫലമാകാൻ ഇനി ദവസങ്ങൾ മാത്രം. ഫെബ്രുവരി 25നാണ് ഈ വർഷത്തെ പൊങ്കാല. കുംഭച്ചൂടിലും
ദുഃഖം തീർക്കുന്നൊരമ്മേ... ’ഓം ജയന്തീ മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹാ സ്വധാ നമോസ്‌തുതേ’ ദേവീ സ്‌തുതി ആറ്റുകാലിനു ഉണർത്തുപാട്ടായി ഒഴുകി വരുന്നു. പുണ്യം തേടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പ് സഫലമാകാൻ ഇനി ദവസങ്ങൾ മാത്രം. ഫെബ്രുവരി 25നാണ് ഈ വർഷത്തെ പൊങ്കാല. കുംഭച്ചൂടിലും
ദുഃഖം തീർക്കുന്നൊരമ്മേ... ’ഓം ജയന്തീ മംഗളാ കാളീ ഭദ്രകാളീ കപാലിനീ ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ സ്വാഹാ സ്വധാ നമോസ്‌തുതേ’ ദേവീ സ്‌തുതി ആറ്റുകാലിനു ഉണർത്തുപാട്ടായി ഒഴുകി വരുന്നു. പുണ്യം തേടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പ് സഫലമാകാൻ ഇനി ദവസങ്ങൾ മാത്രം. ഫെബ്രുവരി 25നാണ് ഈ വർഷത്തെ പൊങ്കാല. കുംഭച്ചൂടിലും
ദുഃഖം തീർക്കുന്നൊരമ്മേ...
’ഓം ജയന്തീ മംഗളാ കാളീ
ഭദ്രകാളീ കപാലിനീ
ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ
സ്വാഹാ സ്വധാ നമോസ്‌തുതേ’
ദേവീ സ്‌തുതി ആറ്റുകാലിനു ഉണർത്തുപാട്ടായി ഒഴുകി വരുന്നു. പുണ്യം തേടിയുള്ള ഒരു വർഷത്തെ കാത്തിരിപ്പ് സഫലമാകാൻ ഇനി ദവസങ്ങൾ മാത്രം. ഫെബ്രുവരി 25നാണ് ഈ വർഷത്തെ പൊങ്കാല. കുംഭച്ചൂടിലും ഭക്‌തിയുടെ കുളിർമഴ പെയ്യുന്ന ആ ദിനത്തിൽ ഭക്‌തലക്ഷങ്ങൾ അമ്മയുടെ സവിധത്തിലേക്ക് ഒഴുകിയെത്തും. അമ്മയുടെ പരമകാരുണ്യത്തിനു മുന്നിൽ പെൺമക്കളെല്ലാം നാമജപത്തോടെ പൊങ്കാലയിടും. എങ്ങും നിറയുന്ന അമ്മേ... മഹാമായേ... എന്ന സ്‌തുതികൾ. അപ്പോൾ ഭക്‌തിസാന്ദ്രമായ ഹൃദയങ്ങൾ ഒരേ താളത്തിൽ ഇങ്ങന ഉരുവിടും.
‘സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നായാണീ നമോസ്‌തുതേ’
തലമുഴുവൻ വെള്ളികെട്ടിയ മുത്തശ്ശിയും ചെറുപ്പക്കാരികളും എല്ലാം അമ്മയുടെ മുന്നിൽ പിഞ്ചുപൈതങ്ങളാകും. ‘പൊങ്കാലയിട്ടാൽ, അമ്മയെ കണ്ടാൽ, ദുഃഖങ്ങൾ അകലും എന്നെ സംബന്ധിച്ചിടത്തോളം മനസ്സ് ഇത്രയധികം ശാന്തമാക്കുന്ന മറ്റൊരനുഭവമില്ല...‘ തൊഴുകൈകളോടെ ഭക്തർ പറയുന്നു. പൊങ്കാല ദിവസം സൂര്യനും മുൻപേ തിരുവനന്തപുരം ഉണരും. അന്നു തലസ്‌ഥാന നഗരിക്ക് അണിഞ്ഞൊരുങ്ങിയ സുന്ദരിയുടെ മുഖമാകും. ബസ് സ്‌റ്റാൻഡുകളിലും റയിൽവേസ്‌റ്റേഷനിലും സൂചി കുത്താനിടമില്ലാത്ത പോലെ സ്‌ത്രീകളുടെ തിരക്ക്.
ശതസൂര്യപ്രഭയാർന്ന ആറ്റുകാലമ്മയ്‌ക്ക് സന്താന സൗഭാഗ്യത്തിനായി, മംഗല്യത്തിനായി, ഉദ്യോഗലബ്‌ധിക്കായി, ഇഷ്‌ടകാര്യസാധ്യത്തിനായി അങ്ങനെ പലവിധ പ്രാർഥനകളുമായാണ് സ്‌ത്രീകൾ പൊങ്കാലയിടുന്നത്. പൊങ്കാലയിടുമ്പോൾ ദേവിക്കു സ്വയം നൈവേദ്യമർപ്പിക്കുന്നു എന്നാണ് സങ്കൽപ്പം.കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ഉത്സവം തുടങ്ങി ഒൻപതാം ദിവസമാണ് ലോകപ്രശസ്‌തമായ പൊങ്കാല. ക്ഷേത്രത്തിനരികിൽ പൊങ്കാലയിടാനായി മൂന്നു ദിവസം മുൻപേ അടുപ്പുകൂട്ടി കയർകൊണ്ട് അതിരുതിരിച്ച് പേരെഴുതി സ്‌ഥലം റിസർവ് ചെയ്യുന്നവരും ഉണ്ട്.
ക്ഷേത്രപരിസരത്തെ വീടുകളുടെ മുറ്റത്തും ദിവസങ്ങൾക്കു മുൻപേ പൊങ്കാലക്കാർ അവകാശം സ്‌ഥാപിച്ചിരിക്കും. ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന അടുപ്പുകൾ തലേ ദിവസം തന്നെ കിലോമീറ്ററുകൾ താണ്ടും. നാലു വശത്തും ആളിക്കത്തുന്ന തീനാളങ്ങൾ. മുകളിൽ കത്തി ജ്വലിക്കുന്ന കുംഭസൂര്യൻ. പഞ്ചാഗ്നി മധ്യേ നിന്ന് ഉടലും മനവും തപിപ്പിച്ച് അന്നപൂർണ്ണേശ്വരിയായ ആറ്റുകാലമ്മയ്‌ക്കു നിവേദ്യം തയ്യാറാക്കുമ്പോൾ അലിഞ്ഞുപോകുന്നത് മനസ്സിലെ അഹന്തയും വിദ്വേഷങ്ങളും ദുരിതങ്ങളും.
കണ്ണകിദേവിയും ആറ്റുകാലമ്മയും
’ശ്രീമാതാ ശ്രീമഹാരാജ്‌ഞി...
ശ്രീമദ് സിംഹാസനേശ്വരീ...’
ഭക്‌തിയുടെ പടവുകളിലൂടെ മനസ്സിനെ കൈ പിടിച്ചു കയറ്റുന്ന ലളിതാ സഹസ്രനാമം മുഴങ്ങുന്നു. പരാശക്‌തിയായ അമ്മയെ ദുർഗ്ഗയായും ലക്ഷ്‌മിയായും സരസ്വതിയായും സങ്കൽപ്പിച്ചു പ്രാർഥിക്കുന്നവരുണ്ട്. ക്ഷേത്രത്തെ സംബന്ധിച്ചുള്ള ഐതിഹ്യം ഇതാണ്.
മുല്ലുവീട്ടിൽ കാരണവർ എന്ന ദേവീഭക്‌തൻ കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ അക്കരെ ഒന്നെത്തിക്കാമോയെന്നൊരു ബാലിക ആവശ്യപ്പെട്ടു. അദ്ദേഹം ബാലികയെ പുഴ കടക്കാൻ സഹായിച്ചു. പിന്നെ, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുക്കാനുള്ള ഒരുക്കം തുടങ്ങി. പക്ഷേ, അതിനു മുമ്പ് പെട്ടെന്ന് ബാലിക അപ്രത്യക്ഷമായി. സ്‌നേഹമയനായ ആ കാരണവർക്ക് വല്ലാത്ത സങ്കടം തോന്നി. പക്ഷേ, അന്ന് ആ കാരണവരുടെ സ്വപ്‌നത്തിൽ ബാലിക പ്രത്യക്ഷപ്പെട്ടു. തന്നെ അടുത്തുള്ള കാവിൽ കുടിയിരുത്തണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് അദ്ദേഹം സ്വപ്‌നത്തിൽ പറഞ്ഞ സ്‌ഥാനത്ത് ചെറിയൊരു കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽ ശ്രീകുരുംബയായി വാഴുന്ന പാർവ്വതീദേവിയുടെ അവതാരമായ കണ്ണകീദേവിയായിരുന്നു ആ ബാലിക എന്നാണ് വിശ്വാസം.
കരുണാമയിയാണെങ്കിലും മനംനൊന്തു വിളിക്കുന്ന മക്കളെ ആരെങ്കിലും ദ്രോഹിച്ചാൽ അമ്മ രുദ്രയാകുമെന്നാണ് ഭക്‌തരുടെ വിശ്വാസം. അതുകൊണ്ടുതന്നെ പൊങ്കാലയിടാൻ വരുന്നവരെ എല്ലാവരും നിറഞ്ഞ മനസ്സോടെയാണു സ്വീകരിക്കുക. അവർ സ്വന്തം വീടുപോലെ അടുക്കളയിൽ കയറി സഹായിക്കും. അങ്ങനെ ആറ്റുകാലുകാർക്ക് എത്ര സുഹൃത്തുക്കളെ കിട്ടിയിരിക്കുന്നു, ബന്ധുക്കളെ കിട്ടിയിരിക്കുന്നു.
പലതരം പൊങ്കാലകൾ
ഒന്നുമുതൽ അൻപത്തിയൊന്ന്, നൂറ്റൊന്ന്, ആയിരത്തൊന്നു കലത്തിൽവരെ പൊങ്കാലയിടുന്നവരുണ്ട്. അരി, ശർക്കര, തേങ്ങ, പഴം ഇവ ചേർത്തൊരുക്കുന്ന പായസമാണു പ്രധാന വഴിപാടായ പൊങ്കാല. വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയിൽ ഉണ്ടാക്കുന്ന തെരളി, പയറും ശർക്കരയും ചേർത്തുള്ള മണ്ടപ്പുറ്റ് ഇവയും പൊങ്കാലയ്‌ക്ക് തയ്യാറാക്കാറുണ്ട്. വിട്ടുമാറാത്ത തലവേദനയുള്ളവർ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് മണ്ടപ്പുറ്റ്. അരി, ശർക്കര, തേൻ, പാൽ, പഴം, കൽക്കണ്ടം, അണ്ടിപ്പരിപ്പ്, പഞ്ചസാര ഇവ ചേർത്തുള്ള നവരസപൊങ്കാലയും സ്‌ത്രീകൾ ഇടാറുണ്ട്.
കൊടിയേറ്റമില്ലാത്ത ഉത്സവം
മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്‌തമായി ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റം പതിവില്ല. കണ്ണകീചരിതം പാടി പഞ്ചലോഹക്കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവം തുടങ്ങും. കാപ്പിൽ ഒരെണ്ണം ദേവിയുടെ ഉടവാളിൽ മേൽശാന്തി കെട്ടും. രണ്ടാമത്തെ കാപ്പ് മേൽശാന്തിയുടെ കൈയിൽ കീഴ്‌ശാന്തി കെട്ടും. ഉത്സവ ദിവസങ്ങളിൽ തേര് വിളക്കുകൾ തലയിലേറ്റി നൃത്തം ചെയ്‌തു ഭക്‌തരെത്തും. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് പെൺകുട്ടികളുടെ താലപ്പൊലിയും ആൺകുട്ടികളുടെ കുത്തിയോട്ടവും. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള ബാലന്മാർക്കാണ് കുത്തിയോട്ട നേർച്ച നടത്തുന്നത്. പൊങ്കാല ദിവസം വൈകുന്നേരം മണക്കാട് ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിലേക്ക് കുത്തിയോട്ടക്കാരായ അകമ്പടിക്കാർക്കൊപ്പം വാദ്യമേളങ്ങളോടെ ദേവിയുടെ എഴുന്നള്ളത്തായി. പിറ്റേന്ന് ഉച്ചയോടെ തിരിച്ചെഴുന്നള്ളി ശ്രീകോവിലിൽ പ്രവേശിച്ച ശേഷം രാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കുന്നു.
പുണ്യകലശവുമായി മടക്കയാത്ര
’സർവ്വസ്വരൂപേ സർവ്വേശ സർവ്വ ശക്‌തി സമന്വിതേ
ഭയേഭ്യസ്‌ത്രാഹി നോദേവി ദുർഗ്ഗാദേവി നമോസ്‌തുതേ...’
പുണ്യം പോലെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു കവിയുമ്പോൾ ലക്ഷക്കണക്കിനു സ്‌ത്രീകളുടെ മനസ്സും നിറയും. വിമാനത്തിൽ നിന്നും ദേവിയുടെ അനുഗ്രഹം പോലെ പുഷ്‌പവൃഷ്‌ടിയും സാഫല്യത്തിന്റെ തീർഥവും ഏറ്റുവാങ്ങി ക്ഷമയോടെ തിക്കിലും തിരക്കിലും നിന്ന് അമ്മയെ കൺനിറയെ കണ്ടു തൊഴാനായി അവർ നീങ്ങും.പകൽ അസ്‌തമിക്കുമ്പോൾ അമ്പലമുറ്റത്ത് എഴുന്നള്ളത്തിനു മേളം തുടങ്ങും. ആറ്റുകാലമ്മയ്‌ക്കു പൊങ്കാല സമർപ്പിച്ച് സങ്കടങ്ങൾ ഒഴിഞ്ഞ്, ശാന്തമായ മനസ്സുമായി ഒരോ സ്‌ത്രീയും അപ്പോൾ വീട്ടിലേക്ക് മടങ്ങുകയാകും. ഒരു വർഷത്തേക്കുള്ള പുണ്യവും ഹൃദയത്തിൽ നിറച്ചുകൊണ്ട്.