എരിതീയിൽ നിന്നും ചിറകടിച്ച് പറന്നുയരുന്ന ഫീനിക്സ് എന്ന സാങ്കൽപ്പിക പക്ഷിയുടെ രൂപം ആഗോളപ്രശസ്തമാണ്. പുനർജീവനത്തിന്റെ പ്രതീകമായ ഫീനിക്സ് അനന്തമായ അനശ്വരതയുടെ നേർക്കാഴ്ച്ചയായാണ് പാശ്ചാത്യരും പൗരസ്ത്യരും ഒരേസ്വരത്തിൽ അവകാശപ്പെടുന്നത്. ഫെങ്ങ്ഷൂയിയിൽ ഈ സാങ്കൽപ്പിക ജീവിയ്ക്ക് ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്. സ്ത്രീലാവണ്യത്തിന്റേയും, ദീപ്തിയുടേയും സൗന്ദര്യശാസ്ത്രം ഒത്തുചേരുന്ന മായികകാന്തിയാണ് ചീനയിലെ ഫീനിക്സിനുള്ളത്. ചൈനീസ് പുരാണങ്ങൾ ഉദ്ഘോഷിക്കുന്നതനുസരിച്ച് ഫീനിക്സ് പക്ഷിവംശത്തിന്റെ ചക്രവർത്തിയാണ്. സ്വർണക്കോഴിയുടെ ശിരസും, പഞ്ചവർണ പക്ഷിയുടെ കൊക്കും, മണ്ഡാറിയൻ താറാവിന്റെ ശരീരവും, ആനറാഞ്ചിയുടെ ചിറകും, മയൂരചേഷ്ടകളും, വെൺകൊറ്റിയുടെ പാദങ്ങളും ഒത്തുചേർന്ന പൗരാണികരൂപമാണ് ഫീനിക്സിന് ഏഷ്യക്കാർ നൽകുന്നത്. വാക്കുകൾക്കധീതമായ കാവ്യഭംഗിയാണ് മണ്ഡാറിയൻ ഭാഷ ഫീനിക്സിന് നൽകുന്നത്. സ്വർഗരാജ്യത്തിന്റെ സൗന്ദര്യവും സൗഭാഗ്യങ്ങളും ഭൂമിയിലേയ്ക്ക് ഒഴുകിയെത്തുന്നത് ഫീനിക്സ് പക്ഷിരാജനിലൂടെയാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഫീനിക്സിന്റെ സ്വർണപതംഗങ്ങളിൽ നിന്നും അലയടിക്കുന്ന ശബ്ദം സംഗീതമായും, ശ്വാസം അതിജീവനത്തിനുള്ള ഊർജ്ജമായും പരിണമിക്കുന്നു.
വിളവെടുപ്പ് വസന്തമാക്കുന്ന ഫീനിക്സ് മഹേന്ദ്രജാലം
കൃഷിയുടേയും വിളവെടുപ്പിന്റേയും പുഷ്ക്കലകാലം ഫീനിക്സിലൂടെ സാധ്യമാകുമെന്ന് ചൈനാക്കാർ വിശ്വസിക്കുന്നു. പ്രകൃതിക്ഷോഭങ്ങളിൽ നിന്നും കൃഷിയേയും വിത്തുഫലങ്ങളേയും, പ്രകൃതിയേയും സംരക്ഷിച്ച് ഹരിതാഭവും ഫലഭൂയിഷ്ടവുമായി ഭൂമിയെ മാറ്റിയെടുക്കുന്നതിൽ ഫീനിക്സിനുള്ള പങ്ക് മഹനീയമായി അവർ കണക്കാക്കുന്നു. ഭാഗ്യഹീനരെന്ന് സ്വയം പ്രഖ്യാപിക്കുന്നവർക്ക് ആത്മവിശ്വാസവും, ജീവിതസൗഭാഗ്യങ്ങളിലേക്ക് തിരിച്ചുവരാനുള്ള ഊർജ്ജവും ആത്മവിശ്വാസവും ഫീനിക്സ് വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്ക് വശീകരണസൗന്ദര്യം സ്വന്തമാക്കാൻ ഫീനിക്സ് ഉപാസനയിലൂടെ സാധ്യമായേക്കാം. ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ മൃദുലമായി കൈകാര്യം ചെയ്യാനും ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കാനും ഷെങ്ങ് ചീ ദിശയിൽ ഫീനിക്സ് സ്ഥാപിച്ച് ഉറപ്പുവരുത്താം. ഇത്രയേറെ ഫെങ്ങ്ഷൂയിയിൽ വാഴ്ത്തപ്പെട്ട മറ്റൊരു പ്രതിഭാസവും ഉണ്ടായിട്ടില്ല. ഇത്രയേറെ വശ്യസൗന്ദര്യവും ഫെങ്ങ്ഷൂയിയിൽ കാണാൻ കഴിയില്ല.
ലേഖകന്റെ വിലാസം :
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772