ഫ്വക് ലക് സാവു എന്നീ പേരുകളിൽ അറിയപ്പെടുന്ന ത്രിമൂർത്തികൾ തേജസ്വികളും, വിവേകികളുമായ ജ്ഞാനികളാണ്. ഓരോ ദർശനത്തിലും, ഐശ്വര്യം വർഷിക്കുന്ന ഈ മൂവർ ജ്ഞാനികൾ ചിരഞ്ജീവികളാണെന്ന് മണ്ഡേറിയൻ പുരാണങ്ങൾ സമർത്ഥിക്കുന്നു. കുടുംബാംഗങ്ങളിൽ ഓരോരുത്തരോടും അർപ്പണമനോഭാവവും ദീർഘവീക്ഷണവുമുള്ള ഓരോ ചീനക്കാരനും ഈ ത്രിമൂർത്തികളുടെ ഉപാസകർ ആയിരിക്കുമെന്ന് ഫെങ്ങ്ഷൂയി പറയുന്നു. ഫ്വക് സമ്പത്തും ഐശ്വര്യവും പ്രധാനം ചെയ്യുമ്പോൾ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന റൂ – യീ വീണയുമായി നിലനിൽക്കുന്ന ലക് സൗഭാഗ്യം സമ്മാനിക്കുന്നു. സാവു വരദാനമായി നൽകുന്നത് സ്വാസ്ഥ്യവും, ദീർഘായുസ്സുമാണ്. ഈ ദേവത്രയങ്ങളുടെ വിവിധ തരത്തിലുള്ള രൂപങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും, നിധികുംഭത്തിനെ പുണർന്ന് അനുചരന്മാരോടൊപ്പം നിൽക്കുന്ന ത്രിമൂർത്തീ രൂപങ്ങളാണ് ഏറെ ഫലവത്തെന്ന് പണ്ഡിതന്മാർ അവകാശപ്പെടുന്നു.
പതിനായിരം ഭാഗ്യദായക വസ്തുക്കൾക്ക് തുല്യമാണ് ഈ മൂവർ മൂർത്തികളുടെ രൂപമെന്ന് ചൈനീസ് ഗ്രന്ഥങ്ങൾ വിളംബരം ചെയ്യുന്നു. ഈ ഭാഗ്യതാരകങ്ങളുടെ സാമീപ്യത്താൽ കവചമൊരുക്കിയ ഭവനത്തിലോ സ്ഥാപനത്തിലോ അഭിവൃദ്ധിയ്ക്ക് തടസമുണ്ടാകില്ലെന്നാണ് വിശ്വാസം. നമ്മൾ സമ്പാദ്യമായി കാത്തുസൂക്ഷിക്കുന്ന സ്വർണ രത്ന വസ്തുവകകൾക്ക് സംരക്ഷണവും വളർച്ചയും ഈ മൂർത്തികളിലൂടെ സാധ്യമാക്കാം. കിടപ്പ്മുറിയിലോ ശുദ്ധിയില്ലാത്ത ഇടങ്ങളിലോ ഈ ചിരഞ്ജീവികളെ പ്രതിഷ്ഠിക്കരുതെന്നും, കഴിയുമെങ്കിൽ പ്രാർഥനാമുറിയിൽ പ്രതിഷ്ഠിക്കണമെന്നും ഫെങ്ങ്ഷൂയിയിൽ പ്രത്യേകം പരാമർശിക്കുന്നു.
സ്വാസ്ഥ്യപൂര്‍ണമായ ജീവിതത്തിനായി സാവു ശ്രേഷ്ഠൻ
സാവു എന്ന പദത്തെ ദീർഘായുസിന്റെ പര്യായമായാണ് മണ്ഡേറിയൻ ഭാഷ നിർവചിക്കുന്നത്. താളപ്പിഴകളിലൂടെ ദേഹങ്ങളെ തളർന്ന് പോകാതെ കാത്തുരക്ഷിക്കാൻ സാവൂ ശ്രേഷ്ഠന് കഴിയുമെന്നും, ത്രിമൂർത്തികളിൽ പ്രധാനിയായ സാവുവിന്റെ സാമീപ്യത്താൽ മാറാരോഗങ്ങളും, പകർച്ചവ്യാധികളും നമ്മളെ തീണ്ടില്ലെന്നുമാണ് വിശ്വാസം. റൂ യീ വീണാധാരിയായ സാവുവിന്റെ രൂപങ്ങൾ ആമ, മാന്‍പേട, വെൺകൊറ്റി, വാനരൻ എന്നിവയുമായി കാണപ്പെടുന്നു. വടക്ക് പടിഞ്ഞാറ് ദിശയില്‍ പ്രധാന വാതിലിന് അഭിമുഖമായി ഈ സന്യാസി ശ്രേഷ്ഠനെ പ്രതിഷ്ഠിക്കാൻ ഫെങ്ങ്ഷൂയി നിർദേശിക്കുന്നു. ചുവന്ന നാടയില്‍ ബന്ധിപ്പിച്ച മൂന്ന് സാവൂ നാണയങ്ങളും അഭിവൃദ്ധി വർധിപ്പിക്കാൻ സഹായകമാകുന്നു. ഈ നാണയങ്ങൾ തലയിണയുടെ അടിയിൽ വയ്ക്കണമെന്നും ഇതിലൂടെ ദുഃസ്വപ്നങ്ങൾ ഒഴിവാക്കാനും സുഖനിദ്ര ലഭിക്കാനും കഴിയുന്നു. രാത്രികാലങ്ങളിൽ മാത്രം പ്രകടമാകുന്ന രാപ്പനി പോലുള്ള രോഗങ്ങളും, ഉറക്കമില്ലായ്മയും പരിഹരിക്കാൻ ഇതിലൂടെ സാധ്യമാകുന്നു.
ലേഖകൻ
Dr. Shaji K Nair (RMP AM)
Fengshui Vasthu Consultant
Reiki Master, Crystal & Angel healer
Email: thejss3@gmail.com
9388166888, 9447252772
Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam