Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹനിർമ്മാണവേളയിലെ അനുകൂല ശകുനങ്ങൾ

Nila vilakku ശുഭശകുനങ്ങളിൽ ഏതെങ്കിലും ഗൃഹത്തിന്റെ ശിലാന്യാസവേളയിൽ കണ്ടാൽ ഗൃഹനിർമ്മാണം സുഗമമായി നടക്കുമെന്നാണ് വിശ്വാസം

ഏതു മംഗളകർമ്മ സമയത്തും ശകുനം നോക്കുന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഗൃഹനിർമ്മാണവേളയിലും ഇത് സാധാരണയായി പാലിക്കപ്പെട്ടു വരുന്നതായി കാണുന്നു. ഗൃഹത്തിന് ശിലാന്യാസം നടത്തുന്ന അവസരത്തിൽ കാണുന്ന പ്രധാന ചില ശുഭസൂചനകളുണ്ട്. അവ ഗൃഹനിർമ്മാണത്തിന് അനുകൂലമായ നിമിത്തങ്ങളാണ്.

ശിലാന്യാസവേളയിൽ സ്വർണ്ണം, ഫലവർഗ്ഗങ്ങൾ തുടങ്ങിയവ ആരെങ്കിലും കൊണ്ടുവന്നാൽ അത് ശുഭസൂചകമാണ്. വീണാനാദം, ഓടക്കുഴല്‍ നാദം, ശംഖുനാദം, മൃദംഗനാദം എന്നിങ്ങനെയുള്ള സംഗീതപ്രധാനവും, വാദ്യോപകരണപ്രധാനവുമായ  ശബ്ദങ്ങൾ ശുഭസൂചനകൾ നൽകുന്നവയാണ്. കറുകപ്പുല്ല്, താമര, കരിമ്പ് തുടങ്ങിയവ ഗൃഹനാഥനും കുടുംബവും ശിലാന്യാസ സ്ഥലത്ത് വച്ച് കാണുന്നത് നല്ല ലക്ഷണമാണ്. പഴവർഗ്ഗങ്ങൾ ഏതും കാണുന്നത് ശുഭകരമാണ്. പൂർണ്ണകുംഭം, നിലവിളക്ക്, ദീപം, ചന്ദനം, നാളികേരം എന്നിവയുടെ സാന്നിധ്യം അനുകൂല ശകുനങ്ങളാണ്. ക്ഷേത്രങ്ങളിൽ നിന്നും വരുന്ന സ്തോത്ര ശബ്ദം, മംഗളധ്വനി, മന്ത്രധ്വനി എന്നിവ ഉത്തമ ലക്ഷണങ്ങളാണ്. കൊടിതോരണങ്ങൾ, രത്നങ്ങൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയും സദ്ഫലങ്ങൾ നൽകുന്ന ലക്ഷണങ്ങളാണ്.

കന്യകയായ സ്ത്രീ, സുമംഗലി ആയ സ്ത്രീ, ഗുരുനാഥൻ, ആദ്ധ്യാത്മിക പണ്ഡിതൻ, ക്ഷേത്രത്തിൽ നിന്നും വരുന്നതോ, ക്ഷേത്രത്തിലേക്ക് പോകുന്നതോ ആയ ദേവന്റെയോ ദേവിയുടെയോ എഴുന്നള്ളത്ത്, ക്ഷേത്രപുരോഹിതന്റെ ആഗമനം എന്നിവ നല്ല ഫലങ്ങളുടെ സൂചനയാണ്. ഒറ്റപ്പശു, ഒറ്റക്കാള, കന്നുകുട്ടിയോടൊപ്പമുള്ള പശു എന്നിവയും സദ്ഫലങ്ങള്‍ നൽകുന്ന പ്രധാന ഫലസൂചനകളിൽപ്പെടുന്നു.

ശുഭശകുനങ്ങളിൽ ഏതെങ്കിലും ഗൃഹത്തിന്റെ ശിലാന്യാസവേളയിൽ കണ്ടാൽ ഗൃഹനിർമ്മാണം സുഗമമായി നടക്കുമെന്നാണ് വിശ്വാസം. പ്രകൃതിയും, ഈശ്വരനും ആ മംഗളകർമ്മത്തെ അനുഗ്രഹിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ശുഭശകുനങ്ങളെ കണ്ടുവരുന്നത്.

Read more: Astrology news, Download yearly horoscope, Soul mate, Malayalam Panchangam, Vastu Tips in Malayalam, Astrology Tips in Malayalam