വളരുന്ന സ്റ്റാർട്ടപ് ഹബ്ബ്: ടോപ്10ൽ കൊച്ചി; പുത്തൻ യൂണികോണുകളിൽ ചൈനയെ പിന്തള്ളി ഇന്ത്യ, തിളങ്ങി വനിതകളും
ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ഫണ്ടിങ്ങിലും ഇടപാടുകളിലും 2024ൽ ടോപ്10ൽ ഇടംപിടിച്ച് കൊച്ചി. 2024ൽ 203 ഇടപാടുകളുമായി ഏറ്റവും മുന്നിൽ ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകളാണ്. 2023ൽ ഇന്ത്യയിൽ രണ്ട് പുതിയ യൂണികോണുകളേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ഫണ്ടിങ്ങിലും ഇടപാടുകളിലും 2024ൽ ടോപ്10ൽ ഇടംപിടിച്ച് കൊച്ചി. 2024ൽ 203 ഇടപാടുകളുമായി ഏറ്റവും മുന്നിൽ ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകളാണ്. 2023ൽ ഇന്ത്യയിൽ രണ്ട് പുതിയ യൂണികോണുകളേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ഫണ്ടിങ്ങിലും ഇടപാടുകളിലും 2024ൽ ടോപ്10ൽ ഇടംപിടിച്ച് കൊച്ചി. 2024ൽ 203 ഇടപാടുകളുമായി ഏറ്റവും മുന്നിൽ ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകളാണ്. 2023ൽ ഇന്ത്യയിൽ രണ്ട് പുതിയ യൂണികോണുകളേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ഫണ്ടിങ്ങിലും ഇടപാടുകളിലും 2024ൽ ടോപ്10ൽ ഇടംപിടിച്ച് കൊച്ചി. മൊത്തം 34 ഇടപാടുകളിലൂടെ (deals) 27 മില്യൻ ഡോളറിന്റെ നിക്ഷേപ സമാഹരണമാണ് (funding) കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾ നടത്തിയത്.
നിക്ഷേപത്തിൽ 10-ാം സ്ഥാനവും ഇടപാടുകളുടെ എണ്ണത്തിൽ ചണ്ഡീഗഢ്, വഡോദര എന്നിവയെ പിന്നിലാക്കി എട്ടാം സ്ഥാനവും കൊച്ചി നേടിയെന്ന് ഇൻക്42 ഡേറ്റാലാബ്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. കേരള സ്റ്റാർട്ടപ് മിഷൻ, പ്രൈം വെഞ്ചർ പാർട്ണേഴ്സ്, ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ്‍വർക്ക്, ആ! വെഞ്ചേഴ്സ് (ah! ventures) തുടങ്ങിയവയാണ് കൊച്ചിയിൽ 2024ലെ ഇടപാടുകളിൽ ശ്രദ്ധേയ പങ്കുവഹിച്ചത്.
ഇന്ത്യയിലാകെ 12 ബില്യൻ ഡോളർ ഫണ്ടിങ്
2021ലും 2022ലും മികവുറ്റ ഫണ്ടിങ് സ്വന്തമാക്കിയ ഇന്ത്യൻ സ്റ്റാർട്ടപ് മേഖല 2023ൽ നേരിട്ടത് കനത്ത ക്ഷീണമായിരുന്നു. ഇതിൽ നിന്ന് നേരിയ കയറ്റം മാത്രമാണ് 2024ൽ ദൃശ്യമായത്. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കഴിഞ്ഞവർഷം 12 ബില്യൻ ഡോളർ നിക്ഷേപമായി സമാഹരിച്ചു. 2023ൽ ഇത് 10 ബില്യൻ ആയിരുന്നു. 2021ൽ 42 ബില്യനും 2022ൽ 25 ബില്യനും നേടിയശേഷമായിരുന്നു ഈ തളർച്ച. മൊത്തം നിക്ഷേപ സമാഹരണ ഇടപാടുകൾ 2024ൽ 2023ലെ 897ൽ നിന്ന് 993 ആയി ഉയർന്നു. അതേസമയം 2021ൽ 1,600 ഡീലുകളുണ്ടായിരുന്നു; 2022ൽ 1,900വും.
മുന്നിൽ സെപ്റ്റോയും ഫാംഈസിയും
സിംഗപ്പുരിൽ നിന്ന് ഇന്ത്യയിലേക്ക് കോർപ്പറേറ്റ് ഓഫിസ് മാറ്റാനൊരുങ്ങുന്ന അതിവേഗ ഇ-കൊമേഴ്സ് (ക്വിക് കൊമേഴ്സ്) കമ്പനിയായ സെപ്റ്റോ (Zepto) ആണ് 2024ൽ ഏറ്റവുമധികം തുക നിക്ഷേപസമാഹരണം നടത്തിയ സ്റ്റാർട്ടപ്. ഇന്ത്യയിൽ വൈകാതെ പ്രാരംഭ ഓഹരി വിൽപനയ്ക്കും (IPO) തയാറെടുക്കുന്ന കമ്പനി 665 മില്യൻ ഡോളർ നിക്ഷേപമാണ് നെക്സസ് വെഞ്ചർ പാർട്ണേഴ്സ്, ഗ്ലേഡ് ബ്രൂക്ക് ക്യാപിറ്റൽ പാർട്ണേഴ്സ് എന്നിവയിൽ നിന്ന് നേടിയത്. ഐപിഒയ്ക്കുള്ള അപേക്ഷ (DRHP) കമ്പനി മാർച്ച്-ഏപ്രിലോടെ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) സമർപ്പിച്ചേക്കും.
ടെമാസെക്, പ്രോസസ് വെഞ്ചേഴ്സ്, നാസ്പേഴ്സ്, ബ്രാൻഡ് ക്യാപിറ്റൽ എന്നിവയിൽ നിന്നായി 216 മില്യൻ ഡോളർ സമാഹരിച്ച ഹെൽത്ത്ടെക് സ്റ്റാർട്ടപ് ഫാംഈസിയാണ് രണ്ടാമത്. ഹോൺബിൽ ക്യാപിറ്റൽ, വെസ്റ്റ്ബ്രിജ് ക്യാപിറ്റൽ, ജിഎസ‍്‍വി വെഞ്ചേഴ്സ് എന്നിവയിൽ നിന്ന് 210 മില്യൻ ഡോളർ നേടിയ ഫിസിക്സ്‍വാലായാണ് മൂന്നാമത്.
കരുത്തോടെ ഇ-കൊമേഴ്സും ഫിൻടെക്കും
2024ൽ 203 ഇടപാടുകളുമായി ഏറ്റവും മുന്നിൽ ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പുകളാണ്. ഫണ്ടിങ്ങിൽ 2.5 ബില്യൻ ഡോളറുമായി ഫിൻടെക് കമ്പനികൾ ഒന്നാമതെത്തി. ഡീലുകളിൽ ഒന്നാംസ്ഥാനത്ത് ഇന്ത്യയുടെ സ്റ്റാർട്ടപ് തലസ്ഥാനമായ ബെംഗളൂരു തന്നെ. രണ്ടാമത് ന്യൂഡൽഹി എൻസിആർ. ഫണ്ടിങ്ങിൽ പക്ഷേ ഒന്നാമത് മുംബൈയാണ് (3,666 മില്യൻ ഡോളർ). ബെംഗളൂരുവിന് രണ്ടാംസ്ഥാനമേയുള്ളൂ (3,434 മില്യൻ).
തിളങ്ങി വനിതകളുടെ സ്റ്റാർട്ടപ്പും
വനിതകൾ നയിക്കുന്നതോ ആരംഭിച്ചതോ ആയ സ്റ്റാർട്ടപ്പുകൾ 2024ൽ മൊത്തം നിക്ഷേപസമാഹരണം 2023നെ അപേക്ഷിച്ച് ഇരട്ടിയാക്കി ഉയർത്തി. 2023ൽ 118 ഡീലുകളിലായി 0.48 മില്യൻ ഡോളറായിരുന്നു സമാഹരണം. 2024ൽ ഇത് 136 ഡീലുകളിലായി 0.93 മില്യനായി. ഡീലുകളിൽ മുന്നിൽ യഥാക്രമം ഇ-കൊമേഴ്സ്, ഫിൻടെക് സ്റ്റാർട്ടപ്പുകൾ. ഫണ്ടിങ്ങിൽ മുന്നിൽ ഫിൻടെക്കാണ്. രണ്ടാമത് ഇ-കൊമേഴ്സും.
ചൈനയെ പിന്തള്ളി ഇന്ത്യ
പുതിയ യൂണികോണുകളുടെ (Unicorn) എണ്ണത്തിൽ 2024ൽ ചൈനയെ പിന്തള്ളാൻ ഇന്ത്യക്ക് കഴിഞ്ഞു. 100 കോടി ഡോളറിലധികം നിക്ഷേപമൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് യൂണികോണുകൾ എന്നുവിളിക്കുന്നത്. കഴിഞ്ഞവർഷം ഇന്ത്യയിൽ 6 പുതിയ യൂണികോണുകൾ പിറന്നു; ചൈനയിൽ 3 എണ്ണം മാത്രം. 47 എണ്ണവുമായി യുഎസ് ആണ് ഒന്നാമത്.
2023ൽ ഇന്ത്യയിൽ രണ്ട് പുതിയ യൂണികോണുകളേ ഉണ്ടായിരുന്നുള്ളൂ. ചൈനയിൽ യൂണികോണുകളുടെ എണ്ണത്തിൽ 2023നേക്കാൾ 63% ഇടിവുണ്ടായി. ഇന്ത്യയിൽ 2021ൽ 45, 2022ൽ 22 എന്നിങ്ങനെ പുത്തൻ യൂണികോണുകൾ പിറന്നിരുന്നു. കഴിഞ്ഞവർഷം ഇന്ത്യയിൽ സ്റ്റാർട്ടപ് ഏറ്റെടുക്കലുകളും ലയനങ്ങളും കുത്തനെ കുറഞ്ഞിട്ടുണ്ട്. 2023ലെ 123ൽ നിന്ന് 71ലേക്കാണ് കുറഞ്ഞത്. 2021ൽ 210, 2022ൽ 240 എന്നിങ്ങനെ ഏറ്റെടുക്കൽ/ലയനങ്ങൾ നടന്നിരുന്നു.
നിക്ഷേപകരും ഇൻകുബേറ്റർമാരും
ടൈറ്റൻ ക്യാപിറ്റൽ, അയൺ പില്ലർ, അദാനി, റിലയൻസ്, ടാറ്റ, മാരുതി സുസുക്കി, ഗോദ്‍റെജ്, ബ്രാൻഡ് ക്യാപിറ്റൽ, വിപ്രോ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവയായിരുന്നു കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നുള്ള പ്രമുഖ നിക്ഷേപകർ.
ആക്സൽ, ആന്റ്ലർ, സോഫ്റ്റ്ബാങ്ക്, ടൈഗർ ഗ്ലോബൽ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ, ക്വോൽകോം, ജനറൽ അന്റ്ലാന്റിക്, സാംസങ് വെഞ്ചേഴ്സ്, ടിപിജി എന്നിവയായിരുന്നു മുൻനിര വിദേശ നിക്ഷേപ സ്ഥാപനങ്ങൾ. ബയോ-നെസ്റ്റ്, കേരള സ്റ്റാർട്ടപ് മിഷൻ, നാസ്കോം എന്നിവയായിരുന്നു മുൻനിര ആക്സലേറ്റർ/ഇൻകുബേറ്റർമാർ.
നിക്ഷേപകരായി താരങ്ങളും
ചലച്ചിത്ര, കായികമേഖലകളിൽ നിന്നുള്ള പ്രമുഖരും കഴിഞ്ഞവർഷം സ്റ്റാർട്ടപ്പുകളുടെ നിക്ഷേപകവേഷമണിഞ്ഞ് മുന്നോട്ടെത്തി. ദീപിക പഡുകോൺ, കരൺ ജോഹർ, രൺവീർ സിങ്, മഹേഷ് ബാബു, നയൻതാര, സമാന്ത പ്രഭു, സോനു സൂദ്, ശിൽപ ഷെട്ടി, ശ്രദ്ധാ കപൂർ തുടങ്ങിയവർ ചലച്ചിത്ര രംഗത്തുനിന്ന് നിക്ഷേപകരായി എത്തി.
എം.എസ്. ധോണി, വീരേന്ദർ സേവാഗ്, ഹാർദിക് പാണ്ഡ്യ. പി.വി. സിന്ധു, പുല്ലേല ഗോപിചന്ദ്, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹർഷാ ഭോഗ്‍ലെ, ശ്രേയസ് അയ്യർ എന്നിവർ കായികരംഗത്തു നിന്നുമെത്തി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business