സർപ്രൈസ് പൊളിച്ച് എൽജി; ഹ്യുണ്ടായിക്ക് പിന്നാലെ ഇന്ത്യയിൽ വീണ്ടുമൊരു ‘കൊറിയൻ’ ഐപിഒ, സെബിക്ക് അപേക്ഷ സമർപ്പിച്ചു
കാത്തിരിപ്പിന് വിരാമം! പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയും ഇന്ത്യൻ ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന് (സെബി) എൽജി ഇലക്ട്രോണിക്സ് സമർപ്പിച്ചു.
കാത്തിരിപ്പിന് വിരാമം! പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയും ഇന്ത്യൻ ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന് (സെബി) എൽജി ഇലക്ട്രോണിക്സ് സമർപ്പിച്ചു.
കാത്തിരിപ്പിന് വിരാമം! പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയും ഇന്ത്യൻ ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന് (സെബി) എൽജി ഇലക്ട്രോണിക്സ് സമർപ്പിച്ചു.
കാത്തിരിപ്പിന് വിരാമം! പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയും ഇന്ത്യൻ ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന് (സെബി) എൽജി ഇലക്ട്രോണിക്സ് സമർപ്പിച്ചു. കമ്പനിയുടെ ഇന്ത്യയിലെ ബിസിനസിന്റെ (എൽജി ഇലക്ട്രോണിക്സ് ഇന്ത്യ) ഐപിഒയാണ് നടത്തുന്നത്.
180 കോടി ഡോളർ (15,250 കോടി രൂപ) ഉന്നമിടുന്നതായിരിക്കും എൽജി ഐപിഒയെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 10.01 കോടി ഓഹരികളാണ് എൽജി വിറ്റഴിക്കുക. ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിയുടെ ഇന്ത്യാ വിഭാഗമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ 27,870 കോടി രൂപയുടെ ഐപിഒയാണ് ഇന്ത്യയുടെ ചരിത്രത്തിലെ റെക്കോർഡ്. 2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയായിരുന്നു ഹ്യുണ്ടായ് മറികടന്നത്.
ഹ്യുണ്ടായിക്ക് സമാനമായി നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) മാത്രമുള്ളതായിരിക്കും എൽജിയുടെയും ഐപിഒ. അതായത്, പുതിയ ഓഹരികളുണ്ടാകില്ല. ഐപിഒ വഴി സമാഹരിക്കുന്ന പണം പൂർണമായും എൽജിയുടെ മാതൃകമ്പനിക്ക് തന്നെ ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) എൽജി ഇലക്ട്രോണിക്സ് ഇന്ത്യയിൽ 7% വളർച്ചയോടെ 21,557 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു. 12% വളർച്ചയോടെ 1,511 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ മൊത്തം വിൽപനയിൽ 27% റഫ്രിജറേറ്ററുകളും 21% വാഷിങ് മെഷീനുകളുമാണ്. ടിവി, എ.സി എന്നിവയുടെ പങ്ക് 20 ശതമാനം വീതവും.
കൊറിയൻ ഡിസ്കൗണ്ടും ഇന്ത്യയിലെ ഐപിഒയും
എന്തുകൊണ്ടാണ് കൊറിയൻ കമ്പനികൾ വിദേശത്തെ ഉപസ്ഥാപനങ്ങളുടെ ഐപിഒ നടത്തുന്നത്? എന്തുകൊണ്ട് ഇന്ത്യയിലെ ഐപിഒയ്ക്ക് പ്രാധാന്യം നൽകുന്നു? കൊറിയൻ കമ്പനികൾ സ്വരാജ്യത്ത് നേരിടുന്ന 'കൊറിയൻ ഡിസ്കൗണ്ട്' ആണ് ഇതിനു പിന്നിൽ. ദക്ഷിണ കൊറിയയിൽ ഹ്യുണ്ടായിക്കും എൽജിക്കും സാംസംങ്ങിനുമൊക്കെ ഓഹരിമൂല്യം തീരെക്കുറവാണ്. അതായത്, അവയുടെ ഓഹരി വില അത്ര ആകർഷകമല്ല. ഉത്തര കൊറിയയുമായി നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, സ്വന്തം രാജ്യത്തെ ഭരണപരമായ നയങ്ങൾ എന്നിങ്ങനെ ഇതിന് കാരണങ്ങളും പലത്.
കൊറിയൻ ഡിസ്കൗണ്ട് അഥവാ കൊറിയയിലെ കുറഞ്ഞമൂല്യം എന്ന ഈ പ്രശ്നത്തിൽ നിന്ന് കരകയറാനും ഉയർന്ന മൂല്യം നേടാനുമുള്ള മാർഗങ്ങളിലൊന്നാണ് വിദേശ വിപണികളിലെ ഐപിഒ. ഇന്ത്യയിൽ ഉയർന്ന മൂല്യം പ്രതീക്ഷിച്ചു തന്നെയാണ് ഹ്യുണ്ടായിയെ പോലെ എൽജിയും ഇവിടെ ഐപിഒ നടത്തുന്നതും. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദങ്ങളിലെ വരുമാനം വിലയിരുത്തിയാൽ ഹ്യുണ്ടായിയുടെ പ്രൈസ് ടു ഏണിങ്സ് (പിഇ വാല്യൂവേഷൻ) 26 മടങ്ങാണ് (26x). ഇത് മികച്ച നിലയുമാണ്. അതേസമയം, മാതൃകമ്പനിയായ ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷന് കൊറിയയിൽ 5x മാത്രമേയുള്ളൂ. ഇന്ത്യയിലെ എതിരാളികളായ മാരുതി സുസുക്കിക്ക് ഇത് 29.3-30.4x, മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 30-37x, ടാറ്റ മോട്ടോഴ്സിന് 10-11.4x എന്നിങ്ങനെയായിരുന്നു.
വരുമോ സാംസങ്ങും?
കൊറിയൻ ഇലക്ട്രോണിക്സ് ഭീമന്മാരായ സാംസങ്ങും ഹ്യുണ്ടായ്, എൽജി എന്നിവയുടെ പാത സ്വീകരിച്ച് ഇന്ത്യയിൽ ഐപിഒ നടത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതേക്കുറിച്ച് സാംസംങ് മനസ്സ് തുറന്നിട്ടില്ല. അതേസമയം, മറ്റുചില വിദേശ ബ്രാൻഡുകളും അവയുടെ ഇന്ത്യാഘടകത്തിന്റെ ഐപിഒ ആലോചിക്കുന്നുണ്ട്. കേരളക്കമ്പനിയായ ഈസ്റ്റേണിന്റെ മുഖ്യ ഓഹരി ഉടമകളായ നോർവേ കമ്പനി ഓർക്ല, യുഎസ് ബ്രാൻഡായ കൊക്ക-കോളയുടെ ഉപസ്ഥാപനം ഹിന്ദുസ്ഥാൻ കൊക്ക-കോള തുടങ്ങിയവ അതിലുൾപ്പെടുന്നു.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)