മാതാപിതാക്കൾ തമ്മിലുള്ള വഴക്കും അകൽച്ചയുമൊക്കെ കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന മുറിവുകൾ വളരെ വലുതാണ്. തന്റെ ഒരു കുഞ്ഞു വിദ്യാർഥിയുടെ സങ്കടം മനസിലാക്കി അതിന് പരിഹാരം കണ്ടെത്തിയ ഒരു അധ്യാപികയുടെ കുറിപ്പാണ് ഇത്തവണ ‘സ്കൂൾമുറ്റ’ത്തിൽ. തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ഒരു വിദ്യാർഥിയെ കുറിച്ചുള്ള ഓർമകൾ

മാതാപിതാക്കൾ തമ്മിലുള്ള വഴക്കും അകൽച്ചയുമൊക്കെ കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന മുറിവുകൾ വളരെ വലുതാണ്. തന്റെ ഒരു കുഞ്ഞു വിദ്യാർഥിയുടെ സങ്കടം മനസിലാക്കി അതിന് പരിഹാരം കണ്ടെത്തിയ ഒരു അധ്യാപികയുടെ കുറിപ്പാണ് ഇത്തവണ ‘സ്കൂൾമുറ്റ’ത്തിൽ. തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ഒരു വിദ്യാർഥിയെ കുറിച്ചുള്ള ഓർമകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതാപിതാക്കൾ തമ്മിലുള്ള വഴക്കും അകൽച്ചയുമൊക്കെ കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന മുറിവുകൾ വളരെ വലുതാണ്. തന്റെ ഒരു കുഞ്ഞു വിദ്യാർഥിയുടെ സങ്കടം മനസിലാക്കി അതിന് പരിഹാരം കണ്ടെത്തിയ ഒരു അധ്യാപികയുടെ കുറിപ്പാണ് ഇത്തവണ ‘സ്കൂൾമുറ്റ’ത്തിൽ. തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ഒരു വിദ്യാർഥിയെ കുറിച്ചുള്ള ഓർമകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതാപിതാക്കൾ തമ്മിലുള്ള വഴക്കും അകൽച്ചയുമൊക്കെ  കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന മുറിവുകൾ വളരെ വലുതാണ്. തന്റെ ഒരു കുഞ്ഞു വിദ്യാർഥിയുടെ സങ്കടം മനസിലാക്കി അതിന് പരിഹാരം കണ്ടെത്തിയ ഒരു അധ്യാപികയുടെ കുറിപ്പാണ് ഇത്തവണ ‘സ്കൂൾമുറ്റ’ത്തിൽ. തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ഒരു വിദ്യാർഥിയെ കുറിച്ചുള്ള ഓർമകൾ ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് അധ്യാപികയായ ഡെയ്സി ഉമ്മച്ചൻ. 

ഡെയ്സി ഉമ്മച്ചന്റെ കുറിപ്പ്

ADVERTISEMENT

പുറത്തേക്കുള്ള ഓട്ടത്തിനിടയിൽ ചരൽകല്ലിൽ തെന്നിവീണതിനാലാണ് എനിക്കവനെ പിടിത്തം കിട്ടിയത്. എന്നിട്ടുമെന്റെ കൈയിൽ നിന്ന് കുതറിമാറി ഓടാനുള്ള അവന്റെ ശ്രമം ഞാനെന്റെ സർവ്വ ശക്തിയുമുപയോഗിച്ചാണ് തടഞ്ഞത്. യുകെജിയിൽ പഠിക്കുന്ന ഒരഞ്ചു വയസുകാരന് ഇത്ര ശക്തിയോ, ഞാന്‍ അദ്ഭുതപ്പെട്ടു. കൈമുട്ടുകളിലും കാൽ മുട്ടുകളിലുമെല്ലാം ചെറുതായി ചോര കനിഞ്ഞിട്ടും വേദനറിയാതെ അവനെന്നോടു പറഞ്ഞു ‘വിട് മിസേ എന്നെ വിട്, എന്റെ പപ്പയാ ആ പോണത്.’

സത്യമായും ഞാനപ്പോഴാണ് സ്കൂൾ ഗേറ്റിന് പുറത്തേക്ക് ഒരാൾ ധൃതിപിടിച്ച് ഇറങ്ങി പോകുന്നത് ശ്രദ്ധിച്ചത്.

എന്റെ ക്ലാസിലെ കുട്ടികളേയെല്ലാം പുറത്ത് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി മരച്ചുവട്ടിലിരുത്തി ഒരു പാട്ടുപാടി കൊടുക്കുന്നതിനിടെയാണ് അവൻ കുട്ടികൂട്ടത്തിൽ നിന്ന് അപ്രതീക്ഷിതമായി പൊടുന്നനെ ഓടിപോയത്. ഒരാൾ ഓഫീസിലേക്ക് പോകുന്നതും പെട്ടന്ന് തിരികെ പോകുന്നതും ആക്ഷൻ സോംഗിനിടെ കണ്ടെങ്കിലും മുഖപരിചയം തോന്നാത്തതുകൊണ്ട് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. കുട്ടികൾക്ക് അഭിമുഖമായി അയാൾ തിരികെ പോയതുകൊണ്ടാകും അവനയാളെ കണ്ടതും പുറകേ ഓടിയതും.

പഴയ കാലത്തൊക്കെ എൽ കെ ജിയിൽ ചേർക്കാൻ കൊണ്ടുവരുന്ന കുട്ടികളിൽ ചിലർ നിലവിളിക്കുകയും മാതാപിതാക്കളുടെ പുറകേ ഇറങ്ങി ഓടുകയുമൊക്കെ ചെയ്യുമായിരുന്നെങ്കിലും ഇപ്പോഴൊക്കെ കുട്ടികളെല്ലാം ആവേശത്തോടെയാണ് കളിചിരികളുമായി സ്കൂളിലേക്ക് വരുന്നതും പോകുന്നതുമെല്ലാം. ചെറിയ കുട്ടികൾക്കൊക്കെയൊരു സ്നേഹ കൂടാരമാണിന്ന് സ്കൂളുകൾ. സ്കൂളിലേക്കു വരുന്നത് അവർക്ക് സന്തോഷകരമാണെന്നു മാത്രമല്ല, ക്ലാസില്ലാത്ത ദിവസങ്ങൾ അവർക്കിഷ്ടവുമല്ല. കുട്ടികളെല്ലാവരും അവരുടെ അമ്മമാരെ പോലെ തന്നെയാണ് ഞങ്ങൾ അധ്യാപികമാരെയെല്ലാം കരുതുന്നത്.

ADVERTISEMENT

എന്റെ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണവനെങ്കിലും ഇടയ്ക്ക് മൗനിയായി സങ്കടപ്പെട്ടിരിക്കുന്ന പതിവുള്ളതിനാൽ അവന്റെ സങ്കടത്തിനു കാരണമറിഞ്ഞ നാൾ മുതൽ ഭക്ഷണം വാരികൊടുത്തും പരമാവധി കൂടെ കൂട്ടിയും കൂട്ടുകൂടിയും മിഠായി കൊടുത്തുമൊക്കെ കരുതലോടെ ഞാനവനേ ശ്രദ്ധിച്ചിരുന്നു. പരസ്പരം പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ ഈ കുരുന്നിനെ അവന്റെ പിതാവ് വന്നാൽ കാണാൻ പോലും അനുവദിക്കരുതെന്ന നിബന്ധനയോടെയായിരുന്നത്രെ സ്കൂളിൽ ചേർത്തിരുന്നത്. ഉയർന്ന ജോലിയുള്ള മാതാപിതാക്കൾ തമ്മിൽ ഡിവോഴ്സ് കേസും മകന്റെ സംരക്ഷണാവകാശ കേസും സ്വത്തു കേസുമെല്ലാം തീർപ്പാകാതെ കോടതിയിലുണ്ടുതാനും.

ഒട്ടെല്ലാ രാത്രികളിലും അവനെക്കുറിച്ച് ചോദിച്ചറിയാൻ എന്നെ വിളിക്കാറുള്ള ഒരു കൂട്ടുകാരിയേപ്പോലെ എന്നോടിടപെടാറുള്ള ഒരു നല്ല സ്ത്രീയായിരുന്നു അവന്റെ അമ്മ. ഒരിക്കൽ സ്കൂളിൽ വന്ന് കുറേയേറെ സംസാരിച്ചിരിക്കുന്ന സമയത്ത് ഞാനവരോട് ചോദിച്ചു എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും പരസ്പരം ക്ഷമിച്ചും സഹിച്ചും വിട്ടുവീഴ്ച ചെയ്ത് നിങ്ങൾ വീണ്ടും ഒന്നായിരുന്നെങ്കിൽ അവനതെന്തൊരു സന്തോഷമാകുമായിരുന്നു എന്ന്. ‘യു മൈൻഡ് യുവർ ബിസിനസ്’ ഒരു പൊട്ടിതെറി പോലെ കൂടുതലെന്തെല്ലാമോ വീണ്ടും വിളിച്ചു പറഞ്ഞും പിറുപിറുത്തും അവർ പോകുന്നതുകണ്ട് ഞാനന്ന് ശരിക്കും പേടിച്ചുപോയി. വേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നിയ അതേ വികാരമായിരുന്നു ഉണ്ടായ സംഭവമെല്ലാം ഞാൻ പറഞ്ഞുകേട്ടപ്പോൾ മറ്റുള്ളവർക്കും.

ഞങ്ങളുടെ നിസഹായാവസ്ഥ അറിയാവുന്നതിനാൽ അവനറിയാതെ അവനെയൊന്നു കണ്ടു പൊയ്ക്കോട്ടെയെന്ന് ചോദിച്ചാണ് അയാൾ വരാറുണ്ടായിരുന്നതെന്ന് ഞാനറിഞ്ഞതപ്പോഴാണ്. അതുകൊണ്ടാണയാൾ ‘പപ്പാ പപ്പാ’യെന്ന അവന്റെ പിൻവിളിയും രോദനവും കേട്ടിട്ടും കേൾക്കാത്തമാതിരി മതിൽ കെട്ടിനപ്പുറത്തേക്ക് മറഞ്ഞതെന്ന് ഞാനൂഹിച്ചു.

അന്നു രാത്രി വൈകി അവരെന്നെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ അറ്റന്റ് ചെയ്യാൻ ഞാൻ മടിക്കുന്നതുകണ്ട് എല്ലാ കാര്യങ്ങളും ഭർത്താവിനോട് പറഞ്ഞിരുന്നതിനാൽ അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ഞാൻ കോൾ അറ്റന്റ് ചെയ്തു.

ADVERTISEMENT

പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി 'സോറി മിസേ' എന്നു പറഞ്ഞൊരു കരച്ചിലായിരുന്നു അപ്പോഴാ സ്ത്രീയുടേത്. കുറേയേറെ സമയം സംസാരിച്ചശേഷം ഫോൺ കട്ട് ചെയ്യുമ്പോൾ അവരീയിടെ അങ്ങിനെ സ്വയമറിയാതെ എല്ലാവരോടും പൊടുന്നനേ ദേഷ്യപ്പെടുന്ന സ്വഭാവമുണ്ടെന്നും മകനെ എങ്ങിനെയെങ്കിലും നഷ്ടപ്പെടുമോയെന്നും എപ്പോഴെങ്കിലും അയാൾ വന്ന് തട്ടികൊണ്ടുപോകുമോയെന്ന ഭയമാണെന്നും എന്നോട് അപ്പോൾ എന്തെല്ലാമോ പറഞ്ഞുപോയതിന് ആയിരംവട്ടം ക്ഷമയെന്നുമെല്ലാം പറഞ്ഞു. 

‘പക്ഷേ, മിസേ, മിസ്സൊരാൾ മാത്രമാണ് ഇതുവരേ നിങ്ങൾക്കവനു വേണ്ടി വീണ്ടും ഒന്നിച്ചുകൂടെയെന്നൊരു ചോദ്യം ചോദിച്ചത്’ എന്ന അവരവസാനം പറഞ്ഞ ഒരു വാക്കാണ് അപ്പോളെന്റെ മനസിനേ പിടിച്ചുലച്ചത്. ‘ഞാനിന്നിനി മമ്മീടെയടുത്തേക്ക് പോണില്ല, മിസിന്റെ കൂടെ പോന്നോട്ടെ, അവിടെയാണെങ്കിൽ എനിക്ക് മമ്മിയും പപ്പയുമൊക്കെയുണ്ടാവൂല്ലോ’ എന്ന് അവരുടെ മകനന്ന് പറഞ്ഞകാര്യം അവർക്ക് താങ്ങാൻ പറ്റിയില്ലെങ്കിലോ എന്നോർത്ത്, ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും ഞെട്ടുമെന്ന പഴമൊഴിയോർമ വന്നതിനാൽ ഏതായാലും ഞാനതവരോടു പറഞ്ഞില്ല.

പക്ഷേ, ഞാനും ഭർത്താവും പിന്നെ ഞങ്ങടെ സഹപ്രവർത്തകരിൽ ചിലരും ചേർന്ന് അന്നു മുതൽ അവരെ എങ്ങിനെയെങ്കിലും ഒന്നിപ്പിക്കാനായി ഒരു തീവ്രയജ്ഞത്തിലായിരുന്നു. ഒരുപാടുപേരെ കണ്ടും അതിൽ പലരേയും കൊണ്ട് പറയിച്ചും അവസാനം അവർ രണ്ടുപേരേയും ഒന്നിച്ചിരുത്തി പരസ്പരം മാപ്പുപറയിച്ച് ഒന്നിപ്പിക്കാനാക്കിയെടുത്ത സിനിമാകഥയെ വെല്ലുന്ന ആ ഒരു എഫേർട്ട് അതിന്റെ നാൾവഴികൾ ഇങ്ങിനെയൊന്നും വിവരിച്ച് തീർക്കാനാവുന്നതല്ല.

പിന്നീട് അവർ മൂന്നാളും കൂടി ഞങ്ങടെ വീട്ടിൽ വന്നതും പിന്നെ അവരൊന്നിച്ച് സ്കൂളിൽ വന്നതും സ്കൂൾ പ്രിൻസിപ്പാളിന്റെയടുത്തു എന്നേയും കൂട്ടിപോയതുമെല്ലാം ഞാനിപ്പോഴെന്നപോലെ ഒരു നനുത്ത കുളിർക്കാറ്റിന്റെ തലോടൽപോലെ ഓർക്കുന്നു. അന്നതിൽ ഓരോരുത്തരുടേയും പ്രത്യേകിച്ച്  അവന്റെ മമ്മിയുടെ, അവന്റെ പപ്പയുടെ, ഞങ്ങടെ പ്രിൻസിപ്പാളിന്റെ, പ്രത്യേകിച്ച് ആ കുരുന്നിന്റെയും കണ്ണുകളിൽകണ്ട തീഷ്ണമോ തീവ്രമോ ഒക്കെയായ എന്താണ് പറയേണ്ടതെന്ന് എനിക്കറിയാത്ത, വാക്കുകൾക്കതീതമായ ആ സ്നേഹാദ്ര ഭാവം ഞാനിന്നെന്റെ അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയൊരു സമ്പാദ്യമായി കരുതി ആസ്വദിക്കുന്നു. മാത്രമല്ല, ക്ലാസുള്ള ഓരോ ദിനങ്ങളിലും രാവിലെ സ്കൂൾ ബസിൽ നിന്നിറങ്ങി ഓടിവന്നവൻ എന്നേ കെട്ടിപ്പിടിച്ച് ഗുഡ്മോണിംഗ് മിസേയെന്നു പറയുമ്പോൾ ഞാനൊരൽപ്പം അഹങ്കരിക്കുന്നുണ്ടോ എന്നെനിക്കൊരു സംശയവുമില്ലാതില്ല.

(മക്കളെ നൊമ്പര തീയിലേക്കെറിഞ്ഞ് നിസാര കാര്യങ്ങൾക്ക് പരസ്പരം വേർപിരിഞ്ഞ് ജീവിച്ചു മരിക്കുന്നവരുടെ, സോറി മരിച്ചു ജീവിക്കുന്നവരുടെ കൂടിച്ചേരലിനുവേണ്ടി പ്രാർത്ഥനാപൂർവ്വം ഞാനിത് സമർപ്പിക്കുന്നു.)

പ്രിയ അധ്യാപകരേ,

നിങ്ങളുടെ മുൻപിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന ആ കുട്ടിക്കുറുമ്പുകളാണ് നാളത്തെ ലോകം. വ്യത്യസ്ഥമായ എത്രയെത്ര അനുഭവങ്ങളായിരിക്കും ഓരോ ദിവസവും നിങ്ങൾക്കു സമ്മാനിക്കുന്നത്. വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കാം. മറ്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ആകരുത്. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സ്കൂളിന്റെ പേരും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺലൈനിൽ പ്രസിദ്ധീകരിക്കും

English Summary:

Schoolmuttam column - Beyond the Classroom: A Teacher's Unforgettable Journey to Reunite a Family Shattered by Divorce