കോടികൾ ചെലവഴിച്ചു നിർമിച്ച പാർക്കുകൾ പ്രയോജനപ്പെടാതെ നശിക്കുന്നു
ആലപ്പുഴ∙ വേനലവധി ആരംഭിച്ചു, വീട്ടിലിരുന്നു മടുക്കുമ്പോൾ കുട്ടികളുമായി പുറത്തേക്ക് ഇറങ്ങാമെന്നു വച്ചാൽ നല്ല ഒരു പാർക്ക് ഉണ്ടോ... ഒട്ടേറെ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ എത്തുന്ന ജില്ലയിൽ പലയിടത്തും പാർക്കിനു വേണ്ടി സ്ഥലം എടുക്കുകയും വികസിപ്പിക്കുകയും ചെയ്തെങ്കിലും സംരക്ഷണമില്ലാതെ എല്ലാം
ആലപ്പുഴ∙ വേനലവധി ആരംഭിച്ചു, വീട്ടിലിരുന്നു മടുക്കുമ്പോൾ കുട്ടികളുമായി പുറത്തേക്ക് ഇറങ്ങാമെന്നു വച്ചാൽ നല്ല ഒരു പാർക്ക് ഉണ്ടോ... ഒട്ടേറെ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ എത്തുന്ന ജില്ലയിൽ പലയിടത്തും പാർക്കിനു വേണ്ടി സ്ഥലം എടുക്കുകയും വികസിപ്പിക്കുകയും ചെയ്തെങ്കിലും സംരക്ഷണമില്ലാതെ എല്ലാം
ആലപ്പുഴ∙ വേനലവധി ആരംഭിച്ചു, വീട്ടിലിരുന്നു മടുക്കുമ്പോൾ കുട്ടികളുമായി പുറത്തേക്ക് ഇറങ്ങാമെന്നു വച്ചാൽ നല്ല ഒരു പാർക്ക് ഉണ്ടോ... ഒട്ടേറെ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ എത്തുന്ന ജില്ലയിൽ പലയിടത്തും പാർക്കിനു വേണ്ടി സ്ഥലം എടുക്കുകയും വികസിപ്പിക്കുകയും ചെയ്തെങ്കിലും സംരക്ഷണമില്ലാതെ എല്ലാം
ആലപ്പുഴ∙ വേനലവധി ആരംഭിച്ചു, വീട്ടിലിരുന്നു മടുക്കുമ്പോൾ കുട്ടികളുമായി പുറത്തേക്ക് ഇറങ്ങാമെന്നു വച്ചാൽ നല്ല ഒരു പാർക്ക് ഉണ്ടോ... ഒട്ടേറെ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ എത്തുന്ന ജില്ലയിൽ പലയിടത്തും പാർക്കിനു വേണ്ടി സ്ഥലം എടുക്കുകയും വികസിപ്പിക്കുകയും ചെയ്തെങ്കിലും സംരക്ഷണമില്ലാതെ എല്ലാം നശിച്ചു.
ജനപ്രതിനിധികളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഈ അലംഭാവത്തിൽ പരസ്പരം മത്സരിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണമാണു പാർക്ക് എന്ന ബോർഡിനു പിന്നിൽ കാടുപിടിച്ചു നശിക്കുന്നത്.
⏩തോട്ടപ്പള്ളി പാർക്ക് അനുവദിച്ച തുക 1.10 കോടി
അമ്പലപ്പുഴ∙ അറബിക്കടലും വേമ്പനാട് കായലും തോട്ടപ്പള്ളി സ്പിൽവേ പാലവും കണ്ട് ഉല്ലസിക്കാനാകും വിധം നിർമിച്ച തോട്ടപ്പള്ളിയിലെ പാർക്ക് ഒരു ദിവസം പോലും തുറന്നു നൽകിയില്ല. കെ.സി.വേണുഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് 2013ൽ മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.10 കോടി രൂപ ഉപയോഗിച്ചാണു കുട്ടികൾക്കായി പാർക്ക് നിർമിച്ചത്.
നിർമാണ ചുമതല ഏറ്റെടുത്ത ഏജൻസി നിർമാണം പൂർത്തിയാക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു പാർക്ക് കൈമാറിയില്ല. ഇതോടെ വൈദ്യുതി കണക്‌ഷനും കിട്ടിയില്ല. പാർക്കിനോടു ചേർന്നു വിദേശമദ്യശാല എത്തിയതോടെ പാർക്ക് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി. തോട്ടപ്പള്ളി പൊഴിമുഖത്തു നിന്നു ശേഖരിച്ച കരിമണൽ ലോറിയിൽ കയറ്റുന്നതിനായി പാർക്ക് ഉപയോഗിക്കാൻ തുടങ്ങിയതോടെ പൂർണമായും നശിച്ചു.
⏩തഴുപ്പ് വഞ്ചിവീട് കേന്ദ്രം ചെലവിട്ട തുക 1.25 കോടി
തുറവൂർ∙ കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പിൽ 1.25 കോടി ചെലവിട്ട് 2020ൽ നിർമാണം പൂർത്തിയായ വഞ്ചിവീട് ജെട്ടി ഇനിയും തുറന്നു കൊടുത്തിട്ടില്ല. എ.എം.ആരിഫ് അരൂർ എംഎൽഎ ആയിരിക്കെ മണ്ഡലത്തിലെ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായാണു പാർക്ക് നിർമിച്ചത്.
വെള്ളത്താൽ ചുറ്റപ്പെട്ട തഴുപ്പിൽ കായലിനോടു ചേർന്നു ഭക്ഷണശാല, കുട്ടികളുടെ പാർക്ക്, കോഫി ഹൗസ്, വിശ്രമിക്കാനുള്ള സൗകര്യം, ശുചിമുറികൾ എന്നിവയും വിനോദ സഞ്ചാരികളുമായെത്തുന്ന ബോട്ടുകൾക്ക് അടുക്കാനായി ജെട്ടിയും നിർമിച്ചു. നിലവിൽ പദ്ധതി പ്രദേശം കാടുമൂടി കിടക്കുന്നു.
⏩ഇടക്കടവ് പാർക്ക് ചെലവിട്ട തുക 1.49 കോടി
ചെങ്ങന്നൂർ∙ പാണ്ടനാട് ഇടക്കടവിൽ പമ്പാനദിയുടെ തീരത്തെ പുറമ്പോക്കു സ്ഥലത്ത് ഇക്കോ ടൂറിസം പാർക്ക് നിർമിച്ചെങ്കിലും ഇതുവരെ കെട്ടിട നമ്പറോ വൈദ്യുതി കണക്‌ഷനോ ലഭിച്ചിട്ടില്ല. എങ്കിലും ചെറിയ രീതിയിൽ പ്രവർത്തിച്ചിരുന്ന പാർക്ക് 2018ലെ പ്രളയത്തിൽ പൂർണമായും നശിച്ചു. ഇതുവരെ പുനരുദ്ധാരണത്തിനു നടപടിയായിട്ടില്ല. പി.സി.വിഷ്ണുനാഥ് ചെങ്ങന്നൂർ എംഎൽഎ ആയിരിക്കെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ 2016ൽ 1.49 കോടി രൂപ ചെലവഴിച്ചാണു പാർക്ക് നിർമിച്ചത്.
⏩ കുതിരവട്ടംചിറ ചെലവിട്ട തുക 1.20 കോടി
ചെങ്ങന്നൂർ∙ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചു നിർമിച്ച വെൺമണി പഞ്ചായത്തിലെ കുതിരവട്ടംചിറ പാർക്ക് കാടുകയറി നശിക്കുകയാണ്. ജലാശയത്തിൽ ബോട്ടിങ്, ചുറ്റും നടപ്പാത, കുട്ടികളുടെ പാർക്ക്, വിശ്രമമണ്ഡപം, ശുചിമുറി സമുച്ചയം എന്നിവയും എന്റെ ഗ്രാമം പദ്ധതിയിൽ 20 ലക്ഷം ചെലവിട്ട് കൺവൻഷൻ സെന്ററും കമ്യൂണിറ്റി ഹാളും ഉൾപ്പെടെയുള്ള പാർക്കിന്റെ നിർമാണം 2008ലാണ് ആരംഭിച്ചത്.
പാർക്കിലെ കളിയുപകരണങ്ങൾ തുരുമ്പെടുത്തു. വൈദ്യുതി വിളക്കുകൾ നശിച്ചു. കുതിരവട്ടംചിറയിൽ അക്വാ ടൂറിസം പാർക്ക് പദ്ധതി നടപ്പാക്കുമെന്നു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നു. മത്സ്യക്കൃഷി, വിൽപന ഔട്‌ലെറ്റ്, ഭക്ഷണശാല എന്നിവയ്ക്കു പുറമേ സൈക്കിൾ ട്രാക്ക്, ജിം, ഡോർമിറ്ററി സൗകര്യം, ബോട്ടിങ് എന്നിവയും വിഭാവനം ചെയ്യുന്നു.
⏩ തൈക്കാട്ടുശേരി പാർക്ക് അനുവദിച്ച തുക 25 ലക്ഷം
തൈക്കാട്ടുശേരി പഴയ ചങ്ങാടക്കടവിലെ വിനോദസഞ്ചാര പദ്ധതി പാതിവഴിയിൽ നിലച്ചിട്ട് വർഷങ്ങളായി. കായൽ കടവിൽ തുറന്നവേദി, വിശ്രമ കേന്ദ്രം, കുട്ടികൾക്കു കളിസ്ഥലം, ലഘുഭക്ഷണശാലകൾ തുടങ്ങിയവയോടെ മിനി പാർക്കാണു തൈക്കാട്ടുശേരി പഞ്ചായത്തും ഡിടിപിസിയും വിഭാവനം ചെയ്തത്. ഇതിനായി 4 വർഷം മുൻപു പഞ്ചായത്തിന്റെ 61 സെന്റ് സ്ഥലം ഡിടിപിസിക്കു വിട്ടുകൊടുത്തു. 50 ലക്ഷം രൂപയുടെ അടങ്കലിൽ ആദ്യം 25 ലക്ഷം രൂപ അനുവദിച്ച് നിർമാണം തുടങ്ങിയെങ്കിലും ഇടയ്ക്ക് കരാറുകാരൻ പിൻമാറിയതോടെ പദ്ധതി നിലച്ചു.
രണ്ടാംഘട്ടമായി തൈക്കാട്ടുശേരി – തുറവൂർ കായലിൽ ബോട്ടിങ് ഉൾപ്പെടെ വിനോദസഞ്ചാര വികസനവും പ്രഖ്യാപിച്ചിരുന്നതാണ്. പഞ്ചായത്ത് അധികൃതർ മന്ത്രി മുഹമ്മദ് റിയാസിനെ ഉൾപ്പെടെ കണ്ടു സംസാരിച്ചിട്ടും നടപടിയായില്ല. അതേസമയം പാർക്ക് ഏറ്റെടുക്കാൻ സ്വകാര്യ സംഘം താൽപര്യം അറിയിച്ചിട്ടുണ്ട്.
കണ്ണൻകുളം പാർക്ക്
പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പൊതുകുളമായ കണ്ണൻകുളം നവീകരിച്ചു വശങ്ങളിൽ ടൈൽ പാകി, ഇരിപ്പിടങ്ങളും കുട്ടികൾക്കുള്ള കളി ഉപകരണങ്ങളും സ്ഥാപിച്ചു നിർമിച്ച പാർക്ക് പ്രവർത്തിച്ചതു രണ്ടു വർഷം മാത്രം. 2017ൽ പാണാവള്ളി പഞ്ചായത്താണു പാർക്ക് നിർമിച്ചത്. കോവിഡ് സാഹചര്യത്തിൽ പ്രവർത്തനം നിർത്തിയ പാർക്ക് ഇനിയും ആരംഭിച്ചില്ല. നിലവിൽ സ്ഥാപിച്ച ഇരിപ്പിടങ്ങളും കളി ഉപകരണങ്ങളും ഇളകിയും തുരുമ്പെടുത്തും നശിക്കുകയാണ്. ടൈലുകൾ പൊട്ടി. കുളം മലിനമായി. കുളത്തിന്റെ കൽക്കെട്ടുകളും തകർന്നു. പരിസരം പുല്ല് പിടിച്ച് ഉണങ്ങിയിരിക്കുകയാണ്. രാത്രിയിൽ സാമൂഹികവിരുദ്ധരുടെ ശല്യവുമുണ്ട്.