ആലപ്പുഴ ജില്ലയുടെ അതേ നീളത്തിൽ 89 കിലോമീറ്ററിൽ ദേശീയപാത 66; അരൂർ– തുറവൂർ ഉയരപ്പാത പൂർത്തിയായത് 25%
ആലപ്പുഴ∙ ജില്ലയ്ക്കു മേലെ തൂണുകളിൽ ദേശീയപാത കുതിക്കുന്ന ദിവസങ്ങളാകും ഭാവിയിൽ. ദേശീയപാത 66ന്റെ നവീകരണം പൂർത്തിയാകുമ്പോഴേക്കും മിക്കയിടത്തും നിലവിലെ ഭൂനിരപ്പിൽ നിന്ന് ഉയർത്തിയാണു ദേശീയപാത നിർമിക്കുന്നത്. ജില്ലയുടെ അതേ നീളത്തിൽ 89 കിലോമീറ്ററിലാണു ദേശീയപാത 66 കടന്നു പോകുന്നത്. നവീകരണം പൂർത്തിയാകുമ്പോൾ
ആലപ്പുഴ∙ ജില്ലയ്ക്കു മേലെ തൂണുകളിൽ ദേശീയപാത കുതിക്കുന്ന ദിവസങ്ങളാകും ഭാവിയിൽ. ദേശീയപാത 66ന്റെ നവീകരണം പൂർത്തിയാകുമ്പോഴേക്കും മിക്കയിടത്തും നിലവിലെ ഭൂനിരപ്പിൽ നിന്ന് ഉയർത്തിയാണു ദേശീയപാത നിർമിക്കുന്നത്. ജില്ലയുടെ അതേ നീളത്തിൽ 89 കിലോമീറ്ററിലാണു ദേശീയപാത 66 കടന്നു പോകുന്നത്. നവീകരണം പൂർത്തിയാകുമ്പോൾ
ആലപ്പുഴ∙ ജില്ലയ്ക്കു മേലെ തൂണുകളിൽ ദേശീയപാത കുതിക്കുന്ന ദിവസങ്ങളാകും ഭാവിയിൽ. ദേശീയപാത 66ന്റെ നവീകരണം പൂർത്തിയാകുമ്പോഴേക്കും മിക്കയിടത്തും നിലവിലെ ഭൂനിരപ്പിൽ നിന്ന് ഉയർത്തിയാണു ദേശീയപാത നിർമിക്കുന്നത്. ജില്ലയുടെ അതേ നീളത്തിൽ 89 കിലോമീറ്ററിലാണു ദേശീയപാത 66 കടന്നു പോകുന്നത്. നവീകരണം പൂർത്തിയാകുമ്പോൾ
ആലപ്പുഴ∙ ജില്ലയ്ക്കു മേലെ തൂണുകളിൽ ദേശീയപാത കുതിക്കുന്ന ദിവസങ്ങളാകും ഭാവിയിൽ. ദേശീയപാത 66ന്റെ നവീകരണം പൂർത്തിയാകുമ്പോഴേക്കും മിക്കയിടത്തും നിലവിലെ ഭൂനിരപ്പിൽ നിന്ന് ഉയർത്തിയാണു ദേശീയപാത നിർമിക്കുന്നത്. ജില്ലയുടെ അതേ നീളത്തിൽ 89 കിലോമീറ്ററിലാണു ദേശീയപാത 66 കടന്നു പോകുന്നത്.
നവീകരണം പൂർത്തിയാകുമ്പോൾ ഇതിന്റെ മൂന്നിലൊന്നും ഉയരപ്പാതകളും മേൽപാലങ്ങളുമാകും. ദേശീയപാതയിലെ പ്രധാന നിർമിതികളായ അരൂർ– തുറവൂർ ഉയരപ്പാത, ആലപ്പുഴ ബൈപാസ്, കാക്കാഴം റെയിൽവേ മേൽപാലം, തോട്ടപ്പള്ളി പാലം, ചേപ്പാട് ഉയരപ്പാത എന്നിവ മാത്രം 18 കിലോമീറ്ററോളം നീളം വരും.
ആലപ്പുഴ ബൈപാസ്: പകുതി നിർമാണം പൂർത്തിയായി
ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി കളർകോട് ജംക്‌ഷനെയും കൊമ്മാടി ജംക്‌ഷനെയും ബന്ധിപ്പിച്ചു നിർമിച്ച ബൈപാസിനു സമാന്തരമായി പടിഞ്ഞാറു വശത്താണു പുതിയ ബൈപാസ് നിർമിക്കുന്നത്. ആദ്യ ബൈപാസ് നിർമാണവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ ബൈപാസ് നിർമാണം വേഗത്തിലാണു പുരോഗമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ബൈപാസ് പൂർത്തിയാകുമെന്നാണു നിർമാണക്കമ്പനി പറയുന്നത്.
ആകെ ബൈപാസിന്റെ 50% നിർമാണം പൂർത്തിയായി. ഇതിൽ മേൽപാലമുള്ള ഭാഗത്തിന്റെ 75% പൂർത്തിയായിട്ടുണ്ട്. ആകെയുള്ള 96 തൂണുകളിൽ 86 എണ്ണം പൂർത്തിയായി. തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. സ്ലാബ് കോൺക്രീറ്റിങ്ങും ഉടനുണ്ടാകും.
രണ്ടു റെയിൽവേ മേൽപാലങ്ങളിലും അപ്രോച്ച് റോഡിലുമാണു പണികൾ വൈകുന്നത്. റെയിൽവേ മേൽപാലങ്ങൾക്കു സമീപത്ത് 30% പണികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. കുതിരപ്പന്തി, മാളികമുക്ക് എന്നിവിടങ്ങളിലെ റെയിൽവേ മേൽപാലത്തിനായുള്ള തൂണിന്റെ പണികൾ പൂർത്തിയായിട്ടില്ല.മേൽപാലങ്ങൾക്കു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ വൈകിയിരുന്നു.
ബൈപാസ് പാലത്തിൽ നിന്ന് ആലപ്പുഴ തുറമുഖത്തേക്കു വാഹനങ്ങൾക്ക് ഇറങ്ങാനും തിരികെ കയറാനുമായി റാംപ് നിർമിക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ ഈ റാംപുകൾ എവിടെയാണു നിർമിക്കുകയെന്നു വ്യക്തത വന്നിട്ടില്ല.റാംപുകൾ നിർമിക്കുന്ന സ്ഥലം തീരുമാനിച്ചു സർവേ നടത്തി സ്ഥലം ഏറ്റെടുത്തെങ്കിൽ മാത്രമേ റാംപിന്റെ നിർമാണം ആരംഭിക്കാനാകൂ. റാംപ് നിർമിക്കുന്ന സ്ഥലം തീരുമാനിച്ചാൽ തന്നെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാകാൻ മാസങ്ങളോളം എടുക്കും.
അരൂർ– തുറവൂർ ഉയരപ്പാത: പൂർത്തിയായത് 25%
ജില്ലയുടെ വടക്കേ അതിർത്തിയായ അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്റർ നീളത്തിൽ ആറുവരി ഉയരപ്പാത. നിലവിലെ നാലുവരിപ്പാതയ്ക്കു മധ്യത്തിലായി 354 തൂണുകൾ നിരയായി നിർമിച്ച് അവയ്ക്കു മുകളിലൂടെയാണു പാത കടന്നുപോകുന്നത്. ഇത്തരത്തിലെ രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയാണിത്.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളുമുണ്ടായതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജില്ലയിലെ ദേശീയപാതയിലെ മറ്റു റീച്ചുകളിലെ പണികൾ ആരംഭിച്ചു മാസങ്ങൾക്കു ശേഷമാണ് ഉയരപ്പാതയുടെ കരാർ പോലുമായത്. എന്നിട്ടും മികച്ച പുരോഗതി കൈവരിക്കാനായി. കുറച്ചു സ്ഥലം മാത്രമേ ഏറ്റെടുക്കാനുള്ളൂ എന്നതും മഴക്കാലത്തും രാത്രിയിലും കോൺക്രീറ്റിങ് ജോലികൾ ചെയ്തതും പണികൾ വേഗത്തിലാകാൻ സഹായിച്ചു.
ഉയരപ്പാതയുടെ 25% പണികൾ പൂർത്തിയായി. തുറവൂർ, കുത്തിയതോട്, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിൽ തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. തുറവൂരിനു സമീപം ഗർഡറുകൾക്കു മുകളിൽ കോൺക്രീറ്റ് ചെയ്യാനുള്ള പണികൾ പുരോഗമിക്കുന്നു.
തോട്ടപ്പള്ളി പാലം: ജലാശയത്തിനു കുറുകെ ഏറ്റവും വലിയ പാലം
തോട്ടപ്പള്ളി സ്പിൽവേ പാലത്തിനു സമാന്തരമായി പടിഞ്ഞാറു വശത്താണു പുതിയ പാലം നിർമിക്കുന്നത്. പുതിയ ആറുവരിപ്പാലം വരുന്നതോടെ നിലവിലെ സ്പിൽവേ പാലം സർവീസ് റോഡായി മാറും.ജില്ലയിൽ ജലാശയത്തിനു കുറുകെ ദേശീയപാത 66ലുള്ള ഏറ്റവും വലിയ പാലമാകും തോട്ടപ്പള്ളിയിലേത്.
തോട്ടപ്പള്ളി തെക്കേക്കരയിൽ നിന്നാരംഭിച്ചു സ്പിൽവേ പൊഴിയും തൃക്കുന്നപ്പുഴ റോഡും അടിയിലൂടെ കടന്നുപോകുന്ന രീതിയിൽ 411 മീറ്റർ നീളത്തിലാണു പാലത്തിന് അനുമതി നൽകിയിരുന്നത്.പാലത്തിന്റെ ആദ്യ രൂപരേഖയ്ക്കു ദേശീയപാത അതോറിറ്റി അനുമതി നൽകി നിർമാണം ആരംഭിച്ചെങ്കിലും തോട്ടപ്പള്ളി ഹാർബറിലേക്കു വഴിയില്ലെന്നു വന്നതോടെ പാലത്തിന്റെ വടക്കേക്കരയിൽ 18 മീറ്റർ നീളമുള്ള സ്പാനോടു കൂടിയ അടിപ്പാതയും റോഡിനു പടിഞ്ഞാറു വശത്ത് 7 മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കാൻ പിന്നീടു തീരുമാനിക്കുകയായിരുന്നു.
പാലത്തിന്റെ വടക്കേക്കരയിൽ അടിപ്പാത നിർമിക്കുന്നതിനുള്ള ശുപാർശ നിർമാണ കരാർ കമ്പനി ദേശീയപാത അതോറിറ്റിക്കു സമർപ്പിച്ചിട്ടുണ്ട്. വടക്കേക്കരയിലെ അടിപ്പാത കൂടി ഉൾപ്പെടുത്തുമ്പോൾ പാലത്തിന്റെ നീളം കൂടും.
കാക്കാഴം റെയിൽവേ മേൽപാലം: 14 സ്പാനുകൾ, 354.5 മീറ്റർ നീളം
കാക്കാഴത്തു നിലവിലുള്ള റെയിൽവേ മേൽപാലത്തിനു കിഴക്കുവശത്താണു പുതിയ മേൽപാലം നിർമിക്കുന്നത്. 14 സ്പാനുകളിലായി 354.5 മീറ്റർ നീളത്തിലാണു പാലം നിർമിക്കുന്നത്. റെയിൽപാളത്തിനു മുകളിൽ 63.4 മീറ്ററാണു തൂണുകൾക്കിടയിലെ അകലം.
ആകെയുള്ള 92 പൈലുകളിൽ 76 എണ്ണം പൂർത്തിയായി. 15 പൈൽ ക്യാപുകളിൽ 10 എണ്ണവും പൂർത്തിയായി. 15 പിയർ ക്യാപുകളിൽ ഒന്നും പൂർത്തിയായിട്ടില്ല. തൂണുകൾക്കു മുകളിൽ സ്ഥാപിക്കാനുള്ള 52 ഗർഡറുകളും കോൺക്രീറ്റ് ചെയ്തു പൂർത്തിയാക്കി.
ചേപ്പാട് ഉയരപ്പാത: ഉയരുന്നത് അരക്കിലോമീറ്ററോളം നീളത്തിൽ
ഏറെ ചരിത്രമുള്ള ചേപ്പാട് വലിയ പള്ളിക്കു സമീപത്ത് അരക്കിലോമീറ്ററോളം ഭാഗത്താണ് ഉയരപ്പാത നിർമിക്കുന്നത്. മ്യൂറൽ ചിത്രങ്ങൾ ആലേഖനം ചെയ്ത അപൂർവം പള്ളികളിലൊന്നാണിത്. ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോൾ പള്ളിയുടെ മ്യൂറൽ ചിത്രങ്ങളുള്ള ഭിത്തിയും പൊളിക്കേണ്ടി വരും. പള്ളി സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് സ്ഥലമേറ്റെടുക്കൽ നിർത്തിവച്ച് ഉയരപ്പാതയാക്കി മാറ്റിയത്.
14 സ്പാനുകളിലായി 490 മീറ്റർ നീളമാണ് ഉയരപ്പാതയ്ക്കുള്ളത്. 35 മീറ്റർ വീതം നീളമുള്ളവയാണ് ഓരോ സ്പാനും. ആകെയുള്ള 182 പൈലുകളിൽ 141 എണ്ണം പൂർത്തിയായി. 30 പൈൽ ക്യാപുകളിൽ 15 എണ്ണവും 30 പിയർ ഷാഫ്റ്റുകളിൽ 10 എണ്ണവും പൂർത്തിയായി. ഉയരപ്പാതയ്ക്കാവശ്യമായ 112 ഗർഡറുകളിൽ 32 എണ്ണത്തിന്റെ കോൺക്രീറ്റിങ്ങും പൂർത്തിയായി.