ഭഗവദ്ഗീത, ഗാന്ധി, സർവോദയം; ഹരിത വിപ്ലവ നായകൻ എം.എസ്.സ്വാമിനാഥൻ വിടപറഞ്ഞിട്ട് ഒരു വർഷം
ആലപ്പുഴ∙ ഭക്ഷ്യസുരക്ഷയില്ലാത്ത ലോകത്ത് മറ്റൊരു സുരക്ഷയും ഉണ്ടാകില്ലെന്നു പഠിപ്പിച്ച, കുട്ടനാടിന്റെ പുത്രനും ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്.സ്വാമിനാഥൻ വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു സഹഗവേഷകനും ശിഷ്യനുമായ

ആലപ്പുഴ∙ ഭക്ഷ്യസുരക്ഷയില്ലാത്ത ലോകത്ത് മറ്റൊരു സുരക്ഷയും ഉണ്ടാകില്ലെന്നു പഠിപ്പിച്ച, കുട്ടനാടിന്റെ പുത്രനും ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്.സ്വാമിനാഥൻ വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു സഹഗവേഷകനും ശിഷ്യനുമായ ഡോ.കെ.ജി.പത്മകുമാർ.
∙ 1970ൽ നൊബേൽ സമ്മാനം നേടിയ ഡോ. നോർമൻ ബോർലോഗ്, ഡോ.സ്വാമിനാഥന് ഒരു കത്തെഴുതി; തനിക്കു കിട്ടിയ അംഗീകാരത്തിന്റെ യഥാർഥ അവകാശി സ്വാമിനാഥനാണ് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. താൻ വികസിപ്പിച്ച മെക്സിക്കൻ കുറിയ ഗോതമ്പിന്റെ സാധ്യത ആദ്യം കണ്ടെത്തിയതു സ്വാമിനാഥനാണ്, അതു സംഭവിച്ചില്ലായിരുന്നെങ്കിൽ ഏഷ്യയിൽ ഹരിതവിപ്ലവം സാധ്യമാകില്ലായിരുന്നുവെന്നു കൂടി ഡോ. നോർമൻ എഴുതി.
∙ പുത്തൻ പദങ്ങൾ പ്രയോഗിക്കുന്നതിൽ വലിയ സിദ്ധിയുണ്ടായിരുന്നു സ്വാമിനാഥന്. അതിൽ മിക്കവയും പിന്നീടു സർവസ്വീകാര്യമായി; ഇക്കോ ടെക്നോളജി, ടെക്നോക്രസി, ടെക്നിറസി (ടെക്നിക്കൽ ലിറ്ററസിയുടെ ചുരുക്കം), ക്ലൈമറ്റ് റെഫ്യൂജീസ്, ക്ലൈമറ്റ് മൈഗ്രന്റ്സ്, ജോബ് ലോസ് അഗ്രികൾചർ, ജോബ് ലെഡ് അഗ്രികൾചർ തുടങ്ങിയവ ഉദാഹരണം.
∙ അമേരിക്കയിലെ വിസ്കോസിൻ സർവകലാശാലയിൽ പഠിക്കുന്ന കാലം. അദ്ദേഹം പഠിക്കുന്ന ജനിതക വകുപ്പിന്റെ ലാബിനു സമീപമുള്ള ആശുപത്രിക്കു മുന്നിൽ ഒരു ദിവസം നീണ്ട ക്യൂ. ഏതെങ്കിലും രാഷ്ട്രീയ നേതാവു മരിച്ചിട്ടുണ്ടാകും, ആളുകൾ ആദരം അർപ്പിക്കാൻ നിൽക്കുന്നതാകും എന്നു കരുതി. അന്വേഷിച്ചപ്പോൾ അതല്ല കാര്യം. ഒരു രോഗിക്ക് അപൂർവ ഗ്രൂപ്പിലുള്ള രക്തം വേണമെന്ന റേഡിയോയിലെ അറിയിപ്പ് കേട്ട് രക്തദാനത്തിന് എത്തിയതായിരുന്നു ആൾക്കൂട്ടം.
∙ 1949ൽ യുനെസ്കോ ഫെലോഷിപ് നേടി നെതർലൻഡിലെ വാഗെനിഞ്ജൻ സർവകലാശാലയിൽ സ്വാമിനാഥൻ പഠിക്കാൻ പോയപ്പോഴുള്ളതാണ് ഈ അനുഭവം. മുംബൈയിൽ നിന്നു ‘ജൽ ആസാദ്’ എന്ന കപ്പലിലാണു 18 ദിവസത്തെ യാത്ര. ഇംഗ്ലണ്ടിലെത്തി അവിടെ നിന്നു ട്രെയിനിൽ നെതർലൻഡിലേക്ക്. സ്വാമിനാഥൻ മാത്രമാണ് ആ സ്റ്റേഷനിൽ ഇറങ്ങിയത്. വലിയ ലഗേജുണ്ട്. ഒരു പോർട്ടറേയും കാണാനില്ല.
അപ്പോൾ, ഒരു വയോധികൻ എത്തി. ഒന്നും പറയാതെ അദ്ദേഹം ലഗേജ് എടുത്തു പുറത്തുണ്ടായിരുന്ന വാഹനത്തിൽ വച്ചു. കൂലി കൊടുക്കാൻ സ്വാമിനാഥൻ പഴ്സ് എടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ ഡോ. ധോർസ്റ്റ്, ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ് വിഭാഗം പ്രഫസർ. സ്വാമിനാഥൻ ഞെട്ടി. ഇദ്ദേഹത്തിനു കീഴിൽ ഗവേഷണത്തിനാണു താൻ എത്തിയിരിക്കുന്നത്. അദ്ദേഹത്തെക്കൊണ്ടു ലഗേജ് എടുപ്പിച്ചതിൽ സ്വാമിനാഥൻ പരിതപിച്ചു. തൊഴിലിന്റെ മഹത്വം അന്നു പഠിച്ചെന്ന് അദ്ദേഹം പിന്നീടെഴുതി.
∙ കേംബ്രിജിൽ നിന്നു ജനിതക ശാസ്ത്രത്തിൽ ഡോക്ടറേറ്റും വിസ്കോസിനിൽ നിന്നു ഫെലോഷിപ്പും നേടിയ സ്വാമിനാഥന്റെ ഗവേഷണ മികവു കണ്ടു വിസ്കോസിൻ അധികൃതർ അവിടെ സ്ഥിരം പദവി വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ഞാൻ അമേരിക്കയിൽ വന്നത് ജോലി തേടിയല്ല. ഇവിടെ പഠിച്ചു തിരികെ പോയി എന്റെ രാജ്യത്തെ സേവിക്കാൻ അവസരമുണ്ടാകുമെന്ന വിശ്വാസത്തിലാണ്.
∙ സ്വാമിനാഥന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാനം എന്തെന്ന് അദ്ദേഹത്തിന്റെ ജീവചരിത്ര രചയിതാവായ ഹംഗറിക്കാരൻ അന്ദ്രാസ് എർഡെലി ചോദിച്ചു. മറുപടിയിതായിരുന്നു; പല ഘടകങ്ങളുണ്ട്. ആന്തരിക ഉൾപ്രേരണ, ബാഹ്യപ്രേരണ (മാതാപിതാക്കൾ, ഗാന്ധിജി, നെഹ്റു തുടങ്ങിയവർ), ദൃഢനിശ്ചയവും കാഴ്ചപ്പാടുകളും, വിജയപരാജയങ്ങൾ ആലോചിക്കാതെ കർമം ചെയ്യുകയെന്ന ഗീതോപദേശം, എന്റെ കർമം മറ്റുള്ളവർക്കു ഗുണകരമാകണമെന്ന ചിന്ത. ഗാന്ധിജിയുടെ അന്ത്യോദയ (ഏറ്റവും പാവപ്പെട്ടവർക്ക്), സർവോദയ (എല്ലാവർക്കും) തുടങ്ങിയ തത്വങ്ങൾ ഡോ.സ്വാമിനാഥനെ ഏറെ സ്വാധീനിച്ചിരുന്നു.