ആഘോഷ ലഹരിയിൽ നഗരം; തൈപ്പൊങ്കൽ ഇന്ന് : ഉദിക്കട്ടെ, പുതിയ പുലരി!
ചെന്നൈ ∙ തിന്മകളെയും ദുഷ്ടചിന്തകളെയും കത്തിച്ച്, മറക്കാൻ ആഗ്രഹിക്കുന്ന ഓർമകളെ അഗ്‌നിക്കിരയാക്കി പുത്തൻ പ്രതീക്ഷകളുടെ പൊങ്കലിനെ വരവേറ്റ് തമിഴകം. വീട്ടിലും പരിസരങ്ങളിലുമുള്ള പാഴ്‌വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കലായിരുന്നു ഇന്നലെ. പൊങ്കലിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ തൈപ്പൊങ്കൽ ഇന്ന് നടക്കും. നല്ല
ചെന്നൈ ∙ തിന്മകളെയും ദുഷ്ടചിന്തകളെയും കത്തിച്ച്, മറക്കാൻ ആഗ്രഹിക്കുന്ന ഓർമകളെ അഗ്‌നിക്കിരയാക്കി പുത്തൻ പ്രതീക്ഷകളുടെ പൊങ്കലിനെ വരവേറ്റ് തമിഴകം. വീട്ടിലും പരിസരങ്ങളിലുമുള്ള പാഴ്‌വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കലായിരുന്നു ഇന്നലെ. പൊങ്കലിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ തൈപ്പൊങ്കൽ ഇന്ന് നടക്കും. നല്ല
ചെന്നൈ ∙ തിന്മകളെയും ദുഷ്ടചിന്തകളെയും കത്തിച്ച്, മറക്കാൻ ആഗ്രഹിക്കുന്ന ഓർമകളെ അഗ്‌നിക്കിരയാക്കി പുത്തൻ പ്രതീക്ഷകളുടെ പൊങ്കലിനെ വരവേറ്റ് തമിഴകം. വീട്ടിലും പരിസരങ്ങളിലുമുള്ള പാഴ്‌വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കലായിരുന്നു ഇന്നലെ. പൊങ്കലിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ തൈപ്പൊങ്കൽ ഇന്ന് നടക്കും. നല്ല
ചെന്നൈ ∙ തിന്മകളെയും ദുഷ്ടചിന്തകളെയും കത്തിച്ച്, മറക്കാൻ ആഗ്രഹിക്കുന്ന ഓർമകളെ അഗ്‌നിക്കിരയാക്കി പുത്തൻ പ്രതീക്ഷകളുടെ പൊങ്കലിനെ വരവേറ്റ് തമിഴകം. വീട്ടിലും പരിസരങ്ങളിലുമുള്ള പാഴ്‌വസ്തുക്കൾ കത്തിക്കുന്ന ബോഗി പൊങ്കലായിരുന്നു ഇന്നലെ. പൊങ്കലിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ തൈപ്പൊങ്കൽ ഇന്ന് നടക്കും. നല്ല ദിനങ്ങൾ ഉദിച്ചുയരുമെന്ന പ്രതീക്ഷയിൽ, കത്തിജ്വലിക്കുന്ന സൂര്യനെ സാക്ഷിയാക്കി വീടുകളിൽ പൊങ്കൽ തയാറാക്കുന്നതോടെ പൂർണമായും പൊങ്കൽ ആഘോഷ ലഹരിയിലേക്കു തമിഴകം വഴിമാറും.
തിളച്ചു മറിയാൻ തൈപ്പൊങ്കൽ ആഘോഷം
കാർഷിക സമൃദ്ധിയുടെ ആഘോഷമായ പൊങ്കൽ നാലു ദിനങ്ങളിലായാണു കൊണ്ടാടുന്നതെങ്കിലും ഇന്നത്തെ തൈപ്പൊങ്കലിനു പ്രത്യേകതകളേറെ. അടുത്തിടെ വിളവെടുപ്പ് പൂർത്തിയായ ശേഷം ലഭിച്ച പുത്തൻ അരി കൊണ്ട് ആദ്യമായി തയാറാക്കുന്ന ഭക്ഷ്യവിഭവമാണ് ഇന്നത്തെ പൊങ്കൽ. കൃഷിക്കും ജീവിതത്തിനും ഊർജം പകരുന്ന സൂര്യനെ സാക്ഷിനിർത്തിയാണ് പൊങ്കൽ തയാറാക്കുക. തുടർന്ന് എല്ലാവരും ചേർന്നു പൊങ്കൽ കഴിക്കും.
കുടുംബാംഗങ്ങളെല്ലാവരും ഒത്തു ചേർന്നാണ് ഇന്നത്തെ ആഘോഷം. ചെന്നൈ നഗരത്തിൽ നിന്ന് ലക്ഷക്കണക്കിനു പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വദേശങ്ങളിലേക്കു മടങ്ങിയത്. ഇവരെല്ലാവരും ഇന്ന് സ്വന്തം വീട്ടിലും നാട്ടിലും പൊങ്കൽ ആഘോഷിക്കും. പുതുവസ്ത്രം ധരിച്ചാണ് മിക്കവരും ഇന്നത്തെ ആഘോഷത്തിൽ പങ്കെടുക്കുക.
നഗരത്തിലെ കടകളിൽ വസ്ത്രങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. കാളകൾ, കലപ്പ ഉൾപ്പെടെ കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവയെ പൂജിക്കുന്ന മാട്ടുപ്പൊങ്കൽ നാളെ നടക്കും. കാളയെയും മറ്റും അണിയിച്ചൊരുക്കിയ ശേഷമാണു പൂജിക്കുക. കുടുംബാംഗങ്ങൾ പുറത്തു കറങ്ങാനിറങ്ങുന്ന കാണും പൊങ്കൽ 17നു നടക്കും.
ജല്ലിക്കെട്ട് ഇന്നു മുതൽ
ആഘോഷത്തിനു വീര്യം പകർന്ന് മധുരയിലെ ജല്ലിക്കെട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അവനിയാപുരം ജല്ലിക്കെട്ടാണ് ഇന്ന് നടക്കുക. 800 കാളകളും 500 വീരന്മാരും (കാളകളെ പിടിക്കുന്നവർ) പങ്കെടുക്കും. അര ലക്ഷത്തോളം പേർ മത്സരം കാണാനെത്തും. അപകടം തടയുന്നതിനും സന്ദർശകർക്ക് മത്സരം കാണുന്നതിനുമായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പാലമേട് ജല്ലിക്കെട്ട് നാളെയും ലോക പ്രശസ്തമായ അളങ്കാനല്ലൂർ ജല്ലിക്കെട്ട് 17നും നടക്കും. സംസ്ഥാനത്തെ ആദ്യ ജല്ലിക്കെട്ട് നേരത്തേ പുതുക്കോട്ടയിൽ നടന്നിരുന്നു. മറ്റു ജില്ലകളിലും ജല്ലിക്കെട്ട് നടക്കും.
ബീച്ചുകളിൽ നിയന്ത്രണം
മറീന, എലിയട്ട്സ്, നീലാങ്കര എന്നീ ബീച്ചുകളിൽ ഇന്നും നാളെയും 17നും നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷയുടെ ഭാഗമായി, കടലിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി കടൽത്തീരത്ത് പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ചു. സുരക്ഷയ്ക്കായി ബീച്ചുകളിൽ മാത്രം മൂവായിരത്തിലേറെ പൊലീസുകാരെ വിന്യസിക്കും.
പൊങ്കൽ അവധി പ്രമാണിച്ച് ഒട്ടേറെ പേരാണു ബീച്ചുകൾ സന്ദർശിക്കാറുള്ളത്. കാണും പൊങ്കൽ ദിനത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്. കാണും പൊങ്കൽ ദിനമായ 17നു മറീനയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ലൈറ്റ് ഹൗസിൽ നിന്നു വാർ മെമ്മോറിയൽ ഭാഗത്തേക്കുള്ള വാഹനങ്ങളെ കണ്ണകി പ്രതിമയിൽ നിന്ന് ഭാരതി ശാല, ബെൽസ് റോഡ് എന്നിവ വഴി തിരിച്ചു വിടും.
വിക്ടോറിയ ഹോസ്റ്റൽ റോഡ് വൺവേ ആയിരിക്കും. ഭാരതി ശാല ജംക്‌ഷനിൽ നിന്നു മാത്രമാകും പ്രവേശനം. ബീച്ചിലേക്കു വരുന്ന വാഹനങ്ങൾ ഫോർഷോർ എസ്റ്റേറ്റ് റോഡ്, വിക്ടോറിയ വാർഡൻ ഹോസ്റ്റൽ, കലൈവാണർ അരങ്കം, പ്രസിഡൻസി കോളജ്, മദ്രാസ് സർവകലാശാല, ചെപ്പോക് എംആർടിഎസ് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തിയിടണം.
ആശംസകളുമായി പ്രധാനമന്ത്രി
ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദേശീയ വികാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പൊങ്കലെന്നും കാശി–തമിഴ്, സൗരാഷ്ട്ര–തമിഴ് സംഗമങ്ങളിൽ ഇതേ വികാരം കാണാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ഭാഗങ്ങളും വൈകാരികമായി ഒന്നിച്ചാൽ രാജ്യത്തിന്റെ കരുത്ത് പുതിയ രൂപമായി മാറുമെന്നും കോലവുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി എൽ.മുരുകന്റെ ഡൽഹിയിലെ വീട്ടിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മോദി പങ്കെടുത്തു.
പുകയിൽ മുങ്ങി നഗരം; വിമാനങ്ങൾ തിരിച്ചുവിട്ടു
ബോഗി പൊങ്കലിന്റെ ഭാഗമായി നഗരവാസികൾ പഴയ വസ്തുക്കളും മറ്റും കത്തിച്ചതോടെ അന്തരീക്ഷം പുകയിൽ മുങ്ങി. പുകമഞ്ഞിനെ തുടർന്ന് കാഴ്ച പരിമിതമായതിനാൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. പുലർച്ചെ 4നും 8.30നും ഇടയിൽ കൊളംബോ, സിംഗപ്പൂർ, ലണ്ടൻ, കുവൈത്ത് സിറ്റി, ആഡിസ് അബാബ തുടങ്ങിയ സഥലങ്ങളിൽ നിന്നു ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 7 വിമാനങ്ങൾ ഹൈദരാബാദ്, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കു തിരിച്ചുവിട്ടു.20 വിമാനങ്ങൾ പുറപ്പെടാൻ 2 മണിക്കൂറിലേറെ വൈകി. അന്തരീക്ഷം പുക മൂടിയതിനെ തുടർന്ന് നഗരത്തിലെ വായു നിലവാരം മോശമായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം പെരുങ്കുടിയിലാണു വായു ഗുണനിലവാരം ഏറ്റവും കൂടുതൽ മോശമായത്. 289 ആണ് ഇവിടെ രേഖപ്പെടുത്തിയ വായു നിലവാര സൂചിക (എക്യുഐ). മണലിയിൽ 272, എന്നൂരിൽ 232, അറുമ്പാക്കത്ത് 216, റോയപുരത്ത് 207, കൊടുങ്ങയ്യൂരിൽ 156, വിമാനത്താവളത്തിൽ 126, വേളാച്ചേരിയിൽ 103 എന്നിങ്ങനെയായിരുന്നു എക്യുഐ. എക്യുഐ 0–50 ആണു മികച്ച നിലയായി കണക്കാക്കുന്നത്. 51–100 (തൃപ്തികരം), 101–200 (ശരാശരി), 201–300 (മോശം), 301–400 (വളരെ മോശം), 401–500 (ഗുരുതരം) എന്നിങ്ങനെയാണു മറ്റുള്ള നില.