ആവേശത്തുടക്കം; കൊല്ലം ജില്ലാ സ്കൂൾ കലോത്സവത്തിന് കൊട്ടാരക്കരയിൽ തുടക്കം
കൊട്ടാരക്കര ∙ ജില്ലയുടെ കൗമാര കലാമേളയ്ക്ക് കഥകളി പിറന്ന നാട്ടിൽ ആവേശകരമായ തുടക്കം. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തിയതോടെ മത്സരങ്ങൾ തുടങ്ങി. രാവിലെ ചിത്ര രചനാ മത്സരങ്ങളും സാഹിത്യ രചന മത്സരങ്ങളും ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വേദികളിൽ തുടങ്ങിയപ്പോൾ ബോയ്സ് സ്കൂൾ മൈതാനത്ത് പ്രധാന
കൊട്ടാരക്കര ∙ ജില്ലയുടെ കൗമാര കലാമേളയ്ക്ക് കഥകളി പിറന്ന നാട്ടിൽ ആവേശകരമായ തുടക്കം. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തിയതോടെ മത്സരങ്ങൾ തുടങ്ങി. രാവിലെ ചിത്ര രചനാ മത്സരങ്ങളും സാഹിത്യ രചന മത്സരങ്ങളും ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വേദികളിൽ തുടങ്ങിയപ്പോൾ ബോയ്സ് സ്കൂൾ മൈതാനത്ത് പ്രധാന
കൊട്ടാരക്കര ∙ ജില്ലയുടെ കൗമാര കലാമേളയ്ക്ക് കഥകളി പിറന്ന നാട്ടിൽ ആവേശകരമായ തുടക്കം. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തിയതോടെ മത്സരങ്ങൾ തുടങ്ങി. രാവിലെ ചിത്ര രചനാ മത്സരങ്ങളും സാഹിത്യ രചന മത്സരങ്ങളും ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വേദികളിൽ തുടങ്ങിയപ്പോൾ ബോയ്സ് സ്കൂൾ മൈതാനത്ത് പ്രധാന
കൊട്ടാരക്കര ∙ ജില്ലയുടെ കൗമാര കലാമേളയ്ക്ക് കഥകളി പിറന്ന നാട്ടിൽ ആവേശകരമായ തുടക്കം. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തിയതോടെ മത്സരങ്ങൾ തുടങ്ങി. രാവിലെ ചിത്ര രചനാ മത്സരങ്ങളും സാഹിത്യ രചന മത്സരങ്ങളും ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വേദികളിൽ തുടങ്ങിയപ്പോൾ ബോയ്സ് സ്കൂൾ മൈതാനത്ത് പ്രധാന വേദി ബാൻഡിന്റെ അലയടിച്ചാണ് ഉണർന്നത്. എച്ച്എസ് വിഭാഗം ബാൻഡ്മേളത്തിന്റെ മത്സരഫലമായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. 2024 ജില്ല സ്കൂൾ കലോത്സവത്തിലെ ആദ്യത്തെ ഒന്നാം സ്ഥാനം നേടിയത് പത്തനാപുരം മൗണ്ട് താബോർ സ്കൂൾ. കുണ്ടറ ലിറ്റിൽ ഫ്ലവർ സ്കൂൾ രണ്ടാം സ്ഥാനത്തും കൊല്ലം വിമല ഹൃദയ സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി. മൂന്നു പേർക്കും എ ഗ്രേഡുണ്ട്. എച്ച്എസ്എസ് വിഭാഗത്തിൽ ഇളമ്പള്ളൂർ എസ്എൻഎസ്എം സ്കൂളിനാണ് ഒന്നാം സ്ഥാനം.
രചനാ മത്സരങ്ങളുടെ ഫലങ്ങളും ഇന്നറിയാം. ഇന്നു രാവിലെ പ്രധാന വേദിയിൽ എച്ച്എസ്, എച്ച്എസ്എസ് ഗേൾസ് വിഭാഗത്തിന്റെ ഭരതനാട്യത്തോടെ പ്രധാന മത്സരങ്ങൾക്ക് തുടക്കമാവും. ഉച്ചയ്ക്ക് 3.30ന് പ്രധാനവേദിയിൽ ഉദ്ഘാടനം. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകുന്ന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയായിരിക്കും. ഇതിനോടകം 124 അപ്പീലുകളിൽ തീർപ്പാക്കിയെന്നു സംഘാടകർ അറിയിച്ചു. ജില്ല മത്സരങ്ങളുടെ അപ്പീലുകളും അടുത്ത ദിവസങ്ങളിൽ ലഭിക്കും.
ഒരേ താളം, ഒരേ ചുവട്...
കൊട്ടാരക്കര ∙ മാനം മങ്ങിയത് ആശങ്ക പരത്തിയെങ്കിലും സ്ട്രെയ്റ്റ്, ഡയഗണൽ, പാരലൽ ഫോർമേഷനുകളിൽ കണക്കുകൂട്ടലുകൾ ഒട്ടും പിഴയ്ക്കാതെ ബാൻഡുമേളം കലോത്സവ വേദിയിൽ ഉദ്ഘാടനപ്പെരുമയോടെ കൊട്ടിക്കയറി. ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയായ കൊട്ടാരക്കര ബോയ്സ് ഗ്രൗണ്ടിൽ മൈതാനിയിൽ ഒന്നര മണിക്കൂർ വൈകിയാണ് ആദ്യദിനമായ ഇന്നലെ ബാൻഡ് മേളം ആരംഭിച്ചത്. മത്സരാർഥികൾ അതിരാവിലെ തന്നെ എത്തിയെങ്കിലും വേദി ആളൊഴിഞ്ഞ പൂരപ്പറമ്പായിരുന്നു.
എന്നാൽ കൃത്യം പതിനൊന്നരയോടെ മൈതാനം ഉണർന്നു. ഒരേ താളത്തിൽ ചുവടു തെറ്റാതെ വരുന്ന മക്കളുടെ വിഡിയോ പകർത്താനായിരുന്നു രക്ഷിതാക്കളുടെ നിര. ട്രംപറ്റിലും യൂഫോണിയത്തിലും ഡ്രമ്മിലുമൊക്കെയായി മൊണീക്കാ..ഓ മൈ ഡാർലിങ്ങും ദേശഭക്തിഗാനങ്ങളും വിധികർത്താക്കൾക്കു മുന്നിൽ വായിച്ച മിടുക്കർ വിധി പുറത്തുവന്നതോടെ ശൈലി മാറ്റി. മനസ്സിലും വാദ്യങ്ങളിലും ഒരുപോലെ ‘‘ആഹാ...അർമാദം...ആർപ്പും അർമാദം, ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം..’’
ആകെ 9 ടീമുകളായിരുന്നു മത്സരിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടും ഹയർസെക്കൻഡറിയിൽ ഒന്നും. ഹൈസ്കൂൾ വിഭാഗത്തിൽ പത്തനാപുരം മൗണ്ട് താബോർ എച്ച്എസും ഹയർസെക്കൻഡറിയിൽ എസ്എൻഎസ്എം എച്ച്എസ്എസ് ഇളമ്പള്ളൂരും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കുണ്ടറ തൃപ്പിലഴികം ലിറ്റിൽഫ്ലവർ സ്കൂൾ രണ്ടാം സ്ഥാനവും എ ഗ്രേഡും കൊല്ലം വിമലഹൃദയ എച്ച്എസ്എസ് മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. മൈതാനിയിൽ കൊട്ടും ആഘോഷങ്ങളും നിറഞ്ഞപ്പോൾ പ്രധാന വേദി ശാന്തമായിരുന്നു. എങ്കിലും ഗ്രൗണ്ടിന്റെ പലഭാഗത്തും മറ്റുചില മത്സരം സജീവമായിരുന്നു.
ഒടിഞ്ഞ കൈ,കാലിനു പരുക്ക് വേദനയിലും അജയ്യം
കൊട്ടാരക്കര ∙ സമയം രണ്ടുമണി...കൊല്ലം ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹയർസെക്കൻഡറി വിഭാഗം ബാൻഡുമേളത്തിൽ വ്യത്യസ്തമായൊരു മുഖം. അവന്റെ ട്രംപറ്റിലൂടെ വരുന്നത് വേദനയുടെ നാദം. പ്ലാസ്റ്ററിട്ട വലം കയ്യിൽ ട്രംപറ്റുമായി ഇളമ്പള്ളൂർ എസ്എൻഎസ്എം എച്ച്എസ്എസിലെ പ്ലസ്‍വൺ ഹ്യുമാനിറ്റീസ് വിദ്യാർഥി എം.അജയ്‌ലിംഗം ചുവടുകൾ വച്ചത് വേദനകൾ താണ്ടിയുള്ള വിജയത്തിലേക്ക്. കഴിഞ്ഞ ആഴ്ചയുണ്ടായ അപകടത്തിലായിരുന്നു അജയ്‌ക്ക് സാരമായ പരുക്കുകൾ പറ്റിയത്. വലതുകൈ ഒടിഞ്ഞു. ഇടതുകാലിന്റെ മുട്ടിലും സാരമായ മുറിവുണ്ട്. ഇടതുകൈയിലും ഒട്ടേറെ മുറിവുകൾ. ഡോക്ടർ ഒന്നരമാസം പൂർണമായും വിശ്രമം പറഞ്ഞപ്പോൾ അജയ് മനസ്സിലുറപ്പിച്ചു.
വേദനകൾ കടിച്ചമർത്തി എങ്ങനെയും പൊരുതി വിജയം നേടുക. ‘‘ഒന്നരമാസം പരിശീലിച്ചത് വേദനിച്ചു പിന്മാറാനല്ല, ട്രംപറ്റ് ഉയർത്തുമ്പോൾ കൈക്കും തോളിനും നല്ല വേദന, കാലുകൾ അനങ്ങുമോ എന്നറിയില്ല...’’ഉച്ചയ്ക്കുമുൻപ് അജയ് പറഞ്ഞ ഈ വാക്കുകൾ തിരുത്തിയെഴുതുകയായിരുന്നു ഗ്രൗണ്ടിൽ. കൂട്ടുകാരുടെ തോളോടു ചേർന്ന് മത്സരത്തിനിറങ്ങിയ അജയ് ട്രംപറ്റിൽ പതറാതെ ചിരിയോടെ 20 മിനിറ്റ് നീണ്ട പ്രകടനത്തിനു ശേഷം വീണ്ടും കൂട്ടുകാരുടെ തോളോടു ചേർന്നു. ആശുപത്രിക്കിടക്കയിൽ നിന്ന് എഴുന്നേറ്റ് രണ്ടുദിവസം വീണ്ടും പരിശീലിച്ച് അജയ് മത്സരത്തിനെത്തുകയായിരുന്നു.
ഒറ്റ നിൽപ്, ഒറ്റ വാശി
കൊട്ടാരക്കര∙മഹാദേവൻ.ആർ.പിള്ളയെന്ന പത്താം ക്ലാസുകാരനെ തോൽപിക്കാൻ ഒരു കുറവിനും കഴിയില്ല. പിതാവ് താങ്ങിയെടുത്ത് മത്സരഹാളിലെത്തിച്ച മഹാദേവൻ രണ്ട് മണിക്കൂർ നേരം നിന്നെഴുതി ഹൈസ്കൂൾ വിഭാഗം മലയാളം ഉപന്യാസ മത്സരം പൂർത്തിയാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മത്സരം. നട്ടെല്ലിനുള്ള വളവ് കാരണം മഹാദേവന് കൂടുതൽ സമയം ഇരിക്കാനാവില്ല.
നിന്നാണ് പരീക്ഷ എഴുതിയത്. വായന നന്നായി ഇഷ്ടപ്പെടുന്ന മഹാദേവൻ മത്സരങ്ങളിൽ പതിവായി പങ്കെടുക്കുന്നു. പല മത്സരങ്ങളിലും സമ്മാനങ്ങളും ലഭിച്ചു. ഏറെ ഇഷ്ടപ്പെടുന്ന പരിസ്ഥിതി വിഷയത്തിലായിരുന്നു ഇന്നലത്തെ ഉപന്യാസം. കരുനാഗപ്പള്ളി ജോൺ.എഫ്.കെന്നഡി മെമ്മോറിയൽ സ്കൂളിലെ അധ്യാപികയായ അമ്മ ആർ.ശ്രീജയ്ക്ക് ഒപ്പമാണ് ഇതേ സ്കൂളിലെ വിദ്യാർഥിയായ മഹാദേവനും എത്തിയത്. എൻജിനീയർ രഘുപ്രസാദാണ് പിതാവ്.
വേദികളിൽ മാറ്റം
കൊട്ടാരക്കര∙ നാടക പരിശീലകരുടെ പരാതിയെ തുടർന്ന് നാടക മത്സരങ്ങളുടെ വേദിയിൽ നാടകീയ മാറ്റം. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂളിൽ (വേദി 14)നടത്താനിരുന്ന നാടക മത്സരങ്ങൾ ഉൾപ്പെടെ എല്ലാ മത്സരങ്ങളും കൊട്ടാരക്കര ഗവ.എച്ച്എസ്എസിലേക്ക്( വേദി 2 ) മാറ്റി. പകരം വേദി 2 ലെ എല്ലാ മത്സരങ്ങളും 14ലേക്കും മാറ്റി.