കഞ്ചിക്കോട് ഞെട്ടിയുണർന്നത് ഉഗ്രസ്ഫോടന ശബ്ദത്തിൽ, സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി, ജീവനക്കാരൻ മരിച്ചു
കഞ്ചിക്കോട് (പാലക്കാട്) ∙ വ്യവസായ മേഖലയിലെ കൈരളി സ്റ്റീൽസ് ആൻഡ് അലോയ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മെൽറ്റിങ് ഫർണസ് യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരൻ മരിച്ചു. 5 അതിഥിത്തൊഴിലാളികൾക്കു പരുക്കേറ്റു. പത്തനംതിട്ട ഓമല്ലൂർ ഐമാലി രാമവിലാസത്തിൽ പി.ടി.പ്രതീഷിന്റെയും എസ്.രാജശ്രീയുടെയും മകൻ
കഞ്ചിക്കോട് (പാലക്കാട്) ∙ വ്യവസായ മേഖലയിലെ കൈരളി സ്റ്റീൽസ് ആൻഡ് അലോയ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മെൽറ്റിങ് ഫർണസ് യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരൻ മരിച്ചു. 5 അതിഥിത്തൊഴിലാളികൾക്കു പരുക്കേറ്റു. പത്തനംതിട്ട ഓമല്ലൂർ ഐമാലി രാമവിലാസത്തിൽ പി.ടി.പ്രതീഷിന്റെയും എസ്.രാജശ്രീയുടെയും മകൻ
കഞ്ചിക്കോട് (പാലക്കാട്) ∙ വ്യവസായ മേഖലയിലെ കൈരളി സ്റ്റീൽസ് ആൻഡ് അലോയ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മെൽറ്റിങ് ഫർണസ് യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരൻ മരിച്ചു. 5 അതിഥിത്തൊഴിലാളികൾക്കു പരുക്കേറ്റു. പത്തനംതിട്ട ഓമല്ലൂർ ഐമാലി രാമവിലാസത്തിൽ പി.ടി.പ്രതീഷിന്റെയും എസ്.രാജശ്രീയുടെയും മകൻ
കഞ്ചിക്കോട് (പാലക്കാട്) ∙ വ്യവസായ മേഖലയിലെ കൈരളി സ്റ്റീൽസ് ആൻഡ് അലോയ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മെൽറ്റിങ് ഫർണസ് യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരൻ മരിച്ചു. 5 അതിഥിത്തൊഴിലാളികൾക്കു പരുക്കേറ്റു. പത്തനംതിട്ട ഓമല്ലൂർ ഐമാലി രാമവിലാസത്തിൽ പി.ടി.പ്രതീഷിന്റെയും എസ്.രാജശ്രീയുടെയും മകൻ അരവിന്ദ് പി.രാജ് (22) ആണു മരിച്ചത്. സ്ഥാപനത്തിൽ എസ്കവേറ്റർ ഓപ്പറേറ്ററായിരുന്നു.
കമ്പനിയിലെ സ്ക്രാപ് ബൈൻഡിങ് തൊഴിലാളികളും ഒഡീഷ ഗഞ്ചം സ്വദേശികളുമായ സുനിൽ ഷെട്ടി (30), സുശാന്ത് ഷെട്ടി (25), പശ്ചിമ ബംഗാൾ സ്വദേശികളായ പിന്റു മൈറ്റി (32), ഹരിപാട മിശ്ര (28), പ്രദീപ്കുമാർ (30) എന്നിവർക്കാണു നിസ്സാര പരുക്കേറ്റത്.ഇന്നലെ പുലർച്ചെ 5.45നു കഞ്ചിക്കോട് കെഎൻ പുതൂരിലുള്ള പ്ലാന്റിലാണു നാടിനെ നടുക്കിയ ദുരന്തം. ഒന്നര കിലോമീറ്റർ ദൂരത്തേക്കുവരെ ഉഗ്രസ്ഫോടന ശബ്ദവും പ്രകമ്പനവും ഉണ്ടായെന്നു പരിസരവാസികൾ പറഞ്ഞു. അപകടം നടന്നയുടൻ മറ്റുള്ളവർ താഴേക്കു ചാടിയെങ്കിലും മുകളിലെ നിലയിൽ ജോലിയിലായിരുന്ന അരവിന്ദ് എസ്കവേറ്ററിനുള്ളിൽ കുടുങ്ങി.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പിന്നാലെയെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നാണു തീയണച്ചു തൊഴിലാളികളെ പുറത്തെത്തിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മറ്റുള്ളവരെ ഉടൻ വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അരവിന്ദിന്റെ മൃതദേഹം പത്തനംതിട്ടയിലേക്കു കൊണ്ടുപോയി. സംസ്കാരം പിന്നീട്. ഇക്കഴിഞ്ഞ 29നാണ് അരവിന്ദ് ജോലിക്കു കയറിയത്. സഹോദരി: ആർദ്ര പി.രാജ്.
കലക്ടറുടെ നിർദേശത്തെ തുടർന്നു ജില്ലാ വ്യവസായ വകുപ്പ് കമ്പനി താൽക്കാലികമായി അടച്ചുപൂട്ടി. സംഭവത്തിൽ കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും വാളയാർ ഇൻസ്പെക്ടർ എ.അജീഷ് അറിയിച്ചു. ഇരുമ്പ് ആക്രി സാധനങ്ങൾ മെൽറ്റിങ് യൂണിറ്റിൽ എത്തിച്ചു ഫർണസ് വഴി ഇരുമ്പുരുക്കും സ്റ്റീൽ ബാറുമാക്കി മാറ്റുന്ന ജോലിയാണ് ഈ യൂണിറ്റിൽ നടന്നിരുന്നത്. ടാങ്കിലെ തകരാറിനെത്തുടർന്നു ഹീറ്റിങ് കോയിൽ തകർന്നു പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നു സംയുക്ത ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.
എ.പ്രഭാകരൻ എംഎൽഎ, കലക്ടർ ഡോ.എസ്.ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എഎസ്പി എ.ഷാഹുൽ ഹമീദ് എന്നിവർ അപകട സ്ഥലം സന്ദർശിച്ചു. ജില്ലാ ഫയർ ഓഫിസർ ടി.അനൂപിന്റെ നേതൃത്വത്തിൽ പാലക്കാട്, കഞ്ചിക്കോട് അഗ്നിരക്ഷാ യൂണിറ്റിലെ സേനാംഗങ്ങളാണു രക്ഷാ പ്രവർത്തനം നടത്തിയത്. റവന്യു വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, അഗ്നിരക്ഷാ യൂണിറ്റ്, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും കമ്പനി സന്ദർശിച്ചു.
കഞ്ചിക്കോട് ഞെട്ടിയുണർന്നത് ഉഗ്രസ്ഫോടന ശബ്ദത്തിൽ
കഞ്ചിക്കോട് ∙ വ്യവസായ നഗരവും ജനവാസമേഖലയും ഉണർന്നത് സ്റ്റീൽ കമ്പനിയിലെ ഉഗ്രസ്ഫോടനത്തിൽ ഞെട്ടിത്തരിച്ച്. കമ്പനിക്കു തൊട്ടടുത്തുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സിലും പല വീടുകളിലും സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായി പറയുന്നു. ദേശീയപാതയ്ക്കു സമീപമാണു കമ്പനി പ്രവർത്തിക്കുന്നത്.
അര കിലോമീറ്റർ വ്യത്യാസത്തിലാണു ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റും പഞ്ചായത്ത് ഓഫിസും സ്വകാര്യ സ്കൂളും സ്ഥിതി ചെയ്യുന്നത്. വലിയ സ്ഫോടനം ഉണ്ടായെങ്കിലും തീ പടരാതിരുന്നതു വൻ ദുരന്തം ഒഴിവാക്കി. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും പൊലീസിന്റെയും ഇടപെടലും അത്യാഹിതം കുറച്ചു.
ഒരാഴ്ച മുൻപു ഫർണസ് തകരാറായി ചെറിയ രീതിയിൽ പൊട്ടിത്തെറിയുണ്ടായെന്നും അന്ന് ഒരാൾക്കു പരുക്കേറ്റെന്നും കമ്പനി തൊഴിലാളികൾ പറയുന്നു. ഇന്നലെ രാത്രി ഷിഫ്റ്റിൽ ജോലിക്കുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ 6.30നു ജോലി കഴിഞ്ഞു തിരിച്ചു മടങ്ങേണ്ടവരായിരുന്നു.
ഇവരിൽ ചിലർ 5.30നു പുറത്തേക്ക് പോയി .അതിനാൽ കൂടുതൽ പേർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. കഞ്ചിക്കോട്, പാലക്കാട് അഗ്നിരക്ഷാസേനാ യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണു തീയണച്ചത്. കഞ്ചിക്കോട് സ്റ്റേഷൻ ഓഫിസർ പി.മോഹനൻ, അസി. സ്റ്റേഷൻ ഓഫിസർ ടി.ആർ.രാകേഷ്കുമാർ, പാലക്കാട് സ്റ്റേഷൻ ആർ.ഹിതേഷ്, അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ബെന്നി കെ.ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിൽ മുപ്പതിലേറെ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
∙ എ.പ്രഭാകരൻ എംഎൽഎ: "വ്യവസായശാലകൾ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം. കഞ്ചിക്കോട് കമ്പനിയിലെ പൊട്ടിത്തെറിയിൽ വകുപ്പ് തല അന്വേഷണം ഉണ്ടാകും. അപകടം ഉണ്ടാകുമ്പോൾ അതിനു ശേഷം സുരക്ഷ ഒരുക്കുക, യോഗം ചേരുക എന്ന പ്രവണത ഒഴിവാക്കി മുൻകൂട്ടി സുരക്ഷയൊരുക്കാൻ വ്യവസായ സ്ഥാപനങ്ങൾ തയാറാകണം "
∙ മിൻമിനി മുരുകാനന്ദൻ, പുതുശ്ശേരി പഞ്ചായത്ത് അംഗവും സമീപവാസിയും : " കമ്പനിയിലെ പൊട്ടിത്തെറി സംബന്ധിച്ചു വിശദമായ അന്വേഷണം വേണം. ഇത്തരം സംഭവങ്ങൾ തൊഴിലാളികളുടെ ജീവനും സമീപത്തെ ജനവാസമേഖലയിലുള്ള നൂറുകണക്കിനു ആളുകളുടെ ജീവനും അപകടത്തിലാക്കുന്നതാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണം. "
∙ സി.കൃഷ്ണകുമാർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി : "കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിലെ പൊട്ടിത്തെറി ഗുരുതര വീഴ്ചയാണ്. വ്യവസായമേഖലയിലെ ചില സ്റ്റിൽ കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്രവർത്തിക്കുന്നത്. തൊഴിലാളികൾക്കു സുരക്ഷാ സംവിധാനം ഒരുക്കുന്നതിലും വീഴ്ചയുണ്ടായി. "
∙ എ.ജയചന്ദ്രൻ, എച്ച്ആർ മാനേജർ, കൈരളി സ്റ്റീൽ ആൻഡ് അലോയ്സ് പ്രൈവറ്റ് ലിമിറ്റഡ് : "അപകടം ഗൗരവകരമായി കാണുന്നു. വീഴ്ചകളുണ്ടെങ്കിൽ പരിശോധിക്കും. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മാനേജ്മെന്റ് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. ചികിത്സയിലുള്ളവരുടെ പരുക്കു ഗുരുതരമല്ല. അപകട കാരണം സംബന്ധിച്ചു പരിശോധിച്ചു തുടർ നടപടിയെടുക്കും. ഇനിയൊരു അപകടം ഉണ്ടാവാതിരിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കും."
ഞെട്ടൽ മാറാതെ അശ്വന്ത്
അപകടത്തിന്റെ ഞെട്ടൽ മാറാതെ അശ്വന്ത്. പൊട്ടിത്തെറി ഉണ്ടാവുന്നതിനു തൊട്ടു മുൻപാണു കമ്പനിയിലെ മറ്റൊരു എസ്കവേറ്റർ ഓപ്പറേറ്ററായ അശ്വന്ത് മരിച്ച അരവിന്ദന്റെ അരികിൽ നിന്നു മാറിയത്. ഇദ്ദേഹം പുറത്തേക്ക് ഇറങ്ങി മുറിയിലെത്തിയ ഉടനെയാണു പൊട്ടിത്തെറി ശബ്ദം കേട്ടത്. ഉടൻ തന്നെ മറ്റു തൊഴിലാളികൾക്കൊപ്പം കമ്പനിയിലേക്ക് ഓടിയെത്തി. ഇതിനോടകം പ്ലാന്റ് മുഴുവൻ തീ പടർന്നു പുക മൂടിയിരുന്നു.
ഇതിനാൽ എസ്കവേറ്ററിലായിരുന്ന അരവിന്ദനെ കാണാൻ സാധിച്ചില്ല. പിന്നീട് അശ്വന്താണ് എസ്കവേറ്ററിൽ അരവിന്ദ് കുടുങ്ങിയ വിവരം രക്ഷാപ്രവർത്തനം നടത്തിയ സേനാംഗങ്ങളെ അറിയിച്ചത്. ഉടൻ തന്നെ ഈ ഭാഗത്തേക്കു സേനാംഗങ്ങൾ ഓടിയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അരവിന്ദനെ രക്ഷിക്കാനായില്ല.