നരിപ്പറ്റ നാരായണൻ: വിടപറഞ്ഞത് അരങ്ങിലെ ജ്ഞാനി
പാലക്കാട് ∙ അരങ്ങിൽ കഥയറിഞ്ഞ് ആടിയ ധന്യജീവിതത്തിനു വിരാമം. ചിട്ടപ്പെടുത്തിയ അരങ്ങുചര്യകളെ അതിശയിപ്പിച്ച് തന്റെ വിജ്ഞാന ഭണ്ഡാരത്തിൽ നിന്നെടുത്ത അറിവിന്റെ അലകുകൾ പിടിപ്പിച്ച അഭിനയമായിരുന്നു ഇന്നലെ അരങ്ങൊഴിഞ്ഞ കഥകളിക്കലാകാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടേത്. കീഴ്പ്പടം കുമാരൻ നായരാശാന്റെ പ്രിയശിഷ്യന്
പാലക്കാട് ∙ അരങ്ങിൽ കഥയറിഞ്ഞ് ആടിയ ധന്യജീവിതത്തിനു വിരാമം. ചിട്ടപ്പെടുത്തിയ അരങ്ങുചര്യകളെ അതിശയിപ്പിച്ച് തന്റെ വിജ്ഞാന ഭണ്ഡാരത്തിൽ നിന്നെടുത്ത അറിവിന്റെ അലകുകൾ പിടിപ്പിച്ച അഭിനയമായിരുന്നു ഇന്നലെ അരങ്ങൊഴിഞ്ഞ കഥകളിക്കലാകാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടേത്. കീഴ്പ്പടം കുമാരൻ നായരാശാന്റെ പ്രിയശിഷ്യന്
പാലക്കാട് ∙ അരങ്ങിൽ കഥയറിഞ്ഞ് ആടിയ ധന്യജീവിതത്തിനു വിരാമം. ചിട്ടപ്പെടുത്തിയ അരങ്ങുചര്യകളെ അതിശയിപ്പിച്ച് തന്റെ വിജ്ഞാന ഭണ്ഡാരത്തിൽ നിന്നെടുത്ത അറിവിന്റെ അലകുകൾ പിടിപ്പിച്ച അഭിനയമായിരുന്നു ഇന്നലെ അരങ്ങൊഴിഞ്ഞ കഥകളിക്കലാകാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടേത്. കീഴ്പ്പടം കുമാരൻ നായരാശാന്റെ പ്രിയശിഷ്യന്
പാലക്കാട് ∙ അരങ്ങിൽ കഥയറിഞ്ഞ് ആടിയ ധന്യജീവിതത്തിനു വിരാമം. ചിട്ടപ്പെടുത്തിയ അരങ്ങുചര്യകളെ അതിശയിപ്പിച്ച് തന്റെ വിജ്ഞാന ഭണ്ഡാരത്തിൽ നിന്നെടുത്ത അറിവിന്റെ അലകുകൾ പിടിപ്പിച്ച അഭിനയമായിരുന്നു ഇന്നലെ അരങ്ങൊഴിഞ്ഞ കഥകളിക്കലാകാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടേത്. കീഴ്പ്പടം കുമാരൻ നായരാശാന്റെ പ്രിയശിഷ്യന് ഏതുവേഷവും പ്രിയങ്കരമായിരുന്നു. കത്തി (രാവണൻ, ദുര്യോധനൻ, കീചകൻ), കരി (കാട്ടാളൻ), വെള്ളത്താടി (ഹനുമാൻ), ഹംസം, കുചേലൻ, ബ്രാഹ്മണൻ തുടങ്ങി അണിഞ്ഞ വേഷങ്ങളിലെല്ലാം അദ്ദേഹം തിളങ്ങി.
ശ്ലോകങ്ങൾക്കും പദങ്ങൾക്കുമപ്പുറം കഥാസന്ദർഭങ്ങളെ തന്റെ അറിവിൽ നിന്നുകൂടി ഉൾക്കൊണ്ട് അരങ്ങിൽ ആവാഹിച്ചിരുന്നു അദ്ദേഹം. കഥകളിക്കു പുറമേ കൂത്ത്, കൂടിയാട്ടം, നാടകം എന്നിവ ആസ്വദിച്ചിരുന്ന അദ്ദേഹത്തിന്റെ അഭിനയത്തിൽ എല്ലാ നാട്യകലകളുടെയും സ്വാധീനം പ്രകടമായിരുന്നു. ഗുരുനാഥന്റേതു പോലെ ഗഹനമായ പുരാണ പാണ്ഡിത്യം, ആഴമേറിയ വായന, അപാരമായ ഭാഷാജ്ഞാനം, മരണം വരെയും തുടർന്ന സംസ്കൃത പഠനം; ഈടുറ്റ വേഷങ്ങൾക്ക് ഇന്ധനം മറ്റെന്തു വേണം. കർക്കശമായ താളബോധം അദ്ദേഹത്തിന്റെ വേഷങ്ങളുടെ മികവായിരുന്നു. അഷ്ടകലാശങ്ങളിലും മറ്റും ഇതു പ്രകടമായിരുന്നു. പുരാണേതിഹാസങ്ങളിലെ അവഗാഹം നിമിത്തം തന്റെ വേഷങ്ങളിൽ പുതുതായി എന്തെങ്കിലും സന്നിവേശിപ്പിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. അതീവ ശാന്തസ്വഭാവവും ഹൃദയനൈർമല്യവും കരുണയും അരങ്ങിലെ പാത്രങ്ങളിലും പ്രതിഫലിച്ചിരുന്നു.നളൻ, ദമയന്തി എന്നിവർക്കു പ്രത്യേകം മുദ്ര സൃഷ്ടിച്ചയാളാണു നരിപ്പറ്റ. ഹസ്തലക്ഷണദീപിക കീഴ്പ്പടം കളരിയിൽ നിർബന്ധമായും പഠിപ്പിച്ചിരുന്നു. പുതിയ സംയുക്തമുദ്രകൾക്കു സാംഗത്യമുണ്ടെന്നു ഹസ്തലക്ഷണദീപിക തന്നെ പറയുന്നുണ്ട് എന്നതാണു പുതിയ മുദ്രകൾ ആവിഷ്കരിക്കാൻ നരിപ്പറ്റയെ പ്രേരിപ്പിച്ചത്. വീരരസം, രാജാവ്, യോഗ്യത, ക്ഷമ, ബുദ്ധി എന്നിവ ചേർന്നതാണ് അദ്ദേഹം കണ്ടെത്തിയ നളന്റെ മുദ്ര. കലാമണ്ഡലം കൃഷ്ണൻ നായർ പോലും പ്രശംസിച്ച ആ മുദ്രയുടെ ഏറ്റവും വലിയ പ്രചാരക കോട്ടയ്ക്കൽ ശിവരാമന്റെ ദമയന്തിയായിരുന്നു. സ്ത്രീ, സൗന്ദര്യം, പാതിവ്രത്യം എന്നീ ഗുണങ്ങളുടെ മുദ്രകൾ ചേർന്നാണു ദമയന്തിയെന്ന മുദ്ര. പുഷ്കരനു വേണ്ടിയും മുദ്ര നിർമിച്ചെങ്കിലും വേണ്ടത്ര തൃപ്തി ലഭിക്കാഞ്ഞതിനാൽ ഉപേക്ഷിച്ചു.താൻ പഠിച്ചതും ആവിഷ്കരിച്ചതുമായ അരങ്ങു പദ്ധതികളെല്ലാം അനേകരിലേക്കു പകർന്ന മികച്ച ഗുരുനാഥനുമായിരുന്നു നരിപ്പറ്റ.
നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു
ചെർപ്പുളശ്ശേരി ∙ കഥകളി ആചാര്യൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. ഹനുമാൻ, കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്നു. കാറൽമണ്ണ നരിപ്പറ്റമനയിൽ പൊതുദർശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.
കാറൽമണ്ണ നരിപ്പറ്റമനയ്ക്കൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും മകനായി 1947ലാണു ജനനം. സ്കൂൾ പഠനത്തോടൊപ്പം കഥകളി പഠനവും അരങ്ങേറ്റവും ഇല്ലത്തു തന്നെയാണു തുടങ്ങിയത്. ഗോവിന്ദൻ ഭട്ടതിരിയും ചെത്തല്ലൂർ കുട്ടപ്പണിക്കരുമായിരുന്നു ആദ്യ ഗുരുനാഥന്മാർ. കീഴ്പടം കുമാരൻനായരുടെ ശിക്ഷണത്തിലാണു പഠനം പൂർത്തിയാക്കിയത് കലാമണ്ഡലം കെ.ജി.വാസുദേവനും സദനം ബാലകൃഷ്ണനും ആയിരുന്നു മറ്റ് അധ്യാപകർ.
പേരൂർ ഗാന്ധിസേവാ സദനത്തിലെ പഠനത്തിനു ശേഷം അവിടെ താൽക്കാലിക അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടെ ചെറുകുന്ന് ആസ്തികാലയത്തിലും സ്കൂൾ ഓഫ് ഡ്രാമയിലും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. കലാമണ്ഡലം ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, സദനം കഥകളി അക്കാദമിയുടെ പട്ടിക്കാംതൊടി ആചാര്യപുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ നേടി.
ഭാര്യ ആര്യാദേവി അന്തർജനം (റിട്ട. അധ്യാപിക, കാറൽമണ്ണ എൻഎൻഎൻഎം യുപി സ്കൂൾ). മക്കൾ: രജിത, ഗിരിജ (കാറൽമണ്ണ എൻഎൻഎൻഎം യുപി സ്കൂൾ അധ്യാപകർ). മരുമക്കൾ: പ്രശാന്ത് ചെറുമിറ്റം (ഓഫിസ് സ്റ്റാഫ്, കാറൽമണ്ണ എൻഎൻഎൻഎം യുപി സ്കൂൾ), അഭിലാഷ് അഷ്ടത്ത് (അധ്യാപകൻ, നെല്ലിക്കാട്ടിരി എഎൽപി സ്കൂൾ).
സഹോദരങ്ങൾ: ശ്രീദേവി കക്കാട്, ഉമാദേവി അന്തർജനം (പരുത്തിപ്ര മന), നീലകണ്ഠൻ നമ്പൂതിരി, ഗീതാറാണി മനേഴി, പരേതയായ ദേവസേന അന്തർജനം. മലയാള മനോരമയ്ക്കു വേണ്ടി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ ആദരാഞ്ജലി അർപ്പിച്ചു.
എന്റെ തിരുമേനിയേട്ടൻ
∙ എന്റെ ഗുരുസ്ഥാനീയനും ജ്യേഷ്ഠസഹോദരതുല്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരിയുടെ വിയോഗം കഥകളിലോകത്തിനു നികത്താനാവാത്ത നഷ്ടമാണ്.
ഞങ്ങളുടെ ഗുരുനാഥൻ കീഴ്പടം കുമാരൻനായരാശാനും എന്റെ അച്ഛൻ സദനം സ്ഥാപക സെക്രട്ടറി സദനം കുമാരനും നരിപ്പറ്റയെ തിരുമേനിക്കുട്ടിയെന്നും തിരുമേനി എന്നുമൊക്കെ വിളിച്ചിരുന്നതുകൊണ്ട് ഞങ്ങളും അദ്ദേഹത്തെ ‘തിരുമേനിയേട്ടാ’ എന്നാണു വിളിച്ചിരുന്നത്. സ്നേഹസമ്പന്നനായിരുന്നു അദ്ദേഹം.
ഞാൻ ആദ്യമായി കുചേലവൃത്തം കൃഷ്ണൻ ചെയ്തതു തിരുമേനിയേട്ടന്റെ കുചേലന്റെ കൂടെയാണ്. ആദ്യമായി ബാലിവിജയം രാവണൻ കെട്ടുന്നത് തിരുമേനിയേട്ടന്റെ നാരദനൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ ഹംസത്തിനൊപ്പമായിരുന്നു ആദ്യമായി നളൻ കെട്ടുന്നത്. ഞാൻ ആദ്യമായി ദൂതിലെ കൃഷ്ണൻ ചെയ്യുന്നത് അദ്ദേഹത്തിന്റെ ദുര്യോധനനൊപ്പവും എന്റെ ആദ്യത്തെ അർജുനൻ അദ്ദേഹത്തിന്റെ ബ്രാഹ്മണനോടൊപ്പവും ആയിരുന്നു.
അങ്ങനെ എന്റെ എല്ലാ ആദ്യഉദ്യമങ്ങൾക്കും കൂട്ടുവേഷക്കാരനായതു തിരുമേനിയേട്ടൻ ആയിരുന്നു. മുദ്രകൾ കാണിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉടലിൽ രോമഹർഷം ഉണ്ടാവാറുണ്ട്, കണ്ണീർ അണിയാറുണ്ട്, വിറകൊള്ളാറുണ്ട്, വിതുമ്പാറുണ്ട്. കളി കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഹൃദയം കഥാപാത്രമായിത്തന്നെ തുടരുന്നതു ഞങ്ങൾ ഇപ്പോഴും ഓർക്കുന്നു.മറ്റൊരു ലഹരിപദാർഥത്തെയും ആശ്രയിക്കാത്ത അദ്ദേഹത്തെ ലഹരിപിടിപ്പിച്ചിരുന്നതു കഥകളിയുടെ മണമാണ്.
സാഹസികമായി പുതുവഴി തേടിയ കലാകാരൻ
ചെർപ്പുളശ്ശേരി ∙ വിനയമാണു കലാകാരന്റെ മുഖമുദ്രയെന്നു ജീവിച്ചുകാണിച്ച സാത്വികനായിരുന്നു നരിപ്പറ്റ നാരായണൻ നമ്പൂതിരി. മികച്ച നടൻ, പണ്ഡിതസമാനമായ അറിവുള്ള അധ്യാപകൻ... ഇതെല്ലാമായിരുന്നു അദ്ദേഹം.
കുമാരനാശാന്റെയും ഇടശ്ശേരിയുടെയും കവിതകളിലെ ആശയങ്ങളെക്കൂടി കഥകളിയിലേക്കു കൊണ്ടുവന്ന അദ്ദേഹം സാഹസികമായി പുതിയ വഴികൾ തേടിയ കലാകാരനാണ്. ഒട്ടേറെ വിദേശികളെ മുദ്രയുടെയും രസാഭിനയത്തിന്റെയും വഴിയേ നടത്തി കഥകളി എന്താണെന്നു പുറംലോകത്തെ അറിയിച്ചു.
കീഴ്പടം വിഭാവനം ചെയ്ത ഒട്ടേറെ തുടർച്ചകൾക്കു നരിപ്പറ്റ പിൻഗാമിയായി. അസാധ്യ മെയ്‌വഴക്കത്താലും നൃത്തവശ്യതയാലും ഹനുമാൻ, ബ്രാഹ്മണൻ, ദുര്യോധനൻ, ഹംസം, കാട്ടാളൻ തുടങ്ങിയ ഒട്ടേറെ കഥാപാത്രങ്ങളെ തന്റേതായ രീതിയിൽ പൊലിപ്പിച്ചെടുത്തു. കീഴ്പടത്തെ പോലെ അഷ്ടകലാശം അതിലാഘവത്തോടെ കാണിക്കാനുള്ള വശ്യത നരിപ്പറ്റയിലും നിറഞ്ഞുതുളുമ്പിയിരുന്നു.
അന്തിമോപചാരമർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ
ചെർപ്പുളശ്ശേി ∙ കഥകളി ആചാര്യൻ നരിപ്പറ്റ നാരായണൻ നമ്പൂതിരിയെ അവസാനമായി ഒരുനോക്കു കാണാനും അന്തിമോപചാരമർപ്പിക്കാനും കാറൽമണ്ണയിലെ നരിപ്പറ്റമനയിൽ എത്തിയത് ആയിരങ്ങൾ.
മുഖ്യമന്ത്രിക്കുവേണ്ടി ഒറ്റപ്പാലം തഹസിൽദാർ ആദരാഞ്ജലി അർപ്പിച്ചു. കേരള സംഗീത നാടക അക്കാദമിക്കു വേണ്ടി അക്കാദമി അംഗം അപ്പുക്കുട്ടൻ സ്വരലയം അന്ത്യാഞ്ജലി അർപ്പിച്ചു. കേരള കലാമണ്ഡലം , കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘം, പേരൂർ ഗാന്ധിസേവാ സദനം കഥകളി അക്കാദമി, കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് തുടങ്ങിയവയ്ക്കുവേണ്ടിയും പുഷ്പചക്രം സമർപ്പിച്ചു.
പി.മമ്മിക്കുട്ടി എംഎൽഎ, കെ.പ്രേംകുമാർ എംഎൽഎ, നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രൻ, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.എം.ഇസ്ഹാഖ്, കഥകളി ആചാര്യൻ കലാമണ്ഡലം കെ.ജി.വാസുദേവൻ നായർ, കലാമണ്ഡലം രാജശേഖരൻ, കലാമണ്ഡലം എം.പി.എസ്.നമ്പൂതിരി, ഡോ.സദനം ഹരികുമാർ, മണ്ണൂർ രാജകുമാരനുണ്ണി, കോട്ടക്കൽ നന്ദകുമാരൻ, സദനം രാമൻകുട്ടി, കലാമണ്ഡലം അധ്യാപകർ, കഥകളി കലാകാരന്മാർ, നഗരസഭാ ജനപ്രതിനിധികൾ തുടങ്ങി ഒട്ടേറെ പേർ അന്തിമോപചാരമർപ്പിച്ചു.