അന്ന് 10–ാം ക്ലാസിൽ 282 മാർക്ക്, ഇന്ന് അഞ്ചു ഭാഷകൾ സംസാരിക്കുന്ന, ജോലിയിൽ മിടുക്കിയായ ഇന്റേണൽ ഓഡിറ്റ് ഇൻചാർജ്; ‘മാർക്ക് മാറ്ററല്ലിഷ്ടാ’
അമ്മച്ചിയുറങ്ങിയ ശവപ്പെട്ടി മുറുക്കെ പിടിച്ചു നിന്ന സ്കൂൾ യൂണിഫോം ധരിച്ച 13 വയസ്സുകാരി പെൺകുട്ടിയിൽ നിന്നും ഹൈദരാബാദിലെ പ്രശസ്തമായ ആശുപത്രിയിലെ ഇന്റേണൽ ഓഡിറ്റ് ഇൻചാർജിലേക്കുള്ള ഇന്നത്തെയെന്റെ യാത്രയിൽ കൂട്ടിനുണ്ടായിരുന്നത് ഏറെ ദുർഘടം നിറഞ്ഞ വഴികൾ മാത്രമായിരുന്നു.
അമ്മച്ചിയുറങ്ങിയ ശവപ്പെട്ടി മുറുക്കെ പിടിച്ചു നിന്ന സ്കൂൾ യൂണിഫോം ധരിച്ച 13 വയസ്സുകാരി പെൺകുട്ടിയിൽ നിന്നും ഹൈദരാബാദിലെ പ്രശസ്തമായ ആശുപത്രിയിലെ ഇന്റേണൽ ഓഡിറ്റ് ഇൻചാർജിലേക്കുള്ള ഇന്നത്തെയെന്റെ യാത്രയിൽ കൂട്ടിനുണ്ടായിരുന്നത് ഏറെ ദുർഘടം നിറഞ്ഞ വഴികൾ മാത്രമായിരുന്നു.
അമ്മച്ചിയുറങ്ങിയ ശവപ്പെട്ടി മുറുക്കെ പിടിച്ചു നിന്ന സ്കൂൾ യൂണിഫോം ധരിച്ച 13 വയസ്സുകാരി പെൺകുട്ടിയിൽ നിന്നും ഹൈദരാബാദിലെ പ്രശസ്തമായ ആശുപത്രിയിലെ ഇന്റേണൽ ഓഡിറ്റ് ഇൻചാർജിലേക്കുള്ള ഇന്നത്തെയെന്റെ യാത്രയിൽ കൂട്ടിനുണ്ടായിരുന്നത് ഏറെ ദുർഘടം നിറഞ്ഞ വഴികൾ മാത്രമായിരുന്നു.
എസ്എസ്എൽസി ഫലം പുറത്തു വന്നപ്പോൾ ഒരുപാട് കുട്ടികൾ എ പ്ലസ് വാങ്ങി വിജയിച്ചു. മറ്റു ചിലർക്ക് പ്രതീക്ഷിച്ചത്ര മികച്ച ഗ്രേഡ് കിട്ടിയില്ല. ചുരുക്കം ചിലരെങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പത്താം ക്ലാസിൽ മികച്ച മാർക്ക് നേടാൻ കഴിയാതിരുന്നിട്ടും ഇന്റേണൽ ഓഡിറ്റ് ഇൻചാർജ് പദവിവരെയെത്തിയ ജീവിതാനുഭവം ഹൈദരാബാദിൽ ജോലിചെയ്യുന്ന അനിമോൾ ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്. പരാജയമോ, ലഭിച്ച മാർക്കോ അല്ല ജീവിതത്തിന്റെ ഗതി നിർണയിക്കുന്നതെന്നും ഏതു പ്രതികൂല സാഹചര്യത്തോടും തളരാതെ പോരാടാനുള്ള കരുത്താണ് വേണ്ടതെന്നും സ്വന്തം അനുഭവത്തിലൂടെ അനിമോൾ പറയുന്നു. 13 വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട്, ജീവിതത്തിലെ കനൽവഴികൾ ഒറ്റയ്ക്ക് പിന്നിട്ട് ഇന്ന് ഏറെ അഭിമാനത്തോടെ ചെയ്യുന്ന ജോലി നേടിയ കഥ അനിമോൾ പങ്കുവയ്ക്കുന്നതിങ്ങനെ :-
രാവിലെ ധൃതി പിടിച്ച് ഓഫീസിലെത്തി ഹെഡ്ഓഫ്ദ് ഡിപ്പാർട്ട്മെന്റ് മീറ്റിങ്ങിൽ പങ്കെടുത്ത് സർവ അധികാരവുമുള്ള ഉദ്യോഗസ്ഥയായി ഓഫീസ് ചെയറിലിരിക്കുമ്പോൾ പോയ കാലത്തെ ചില ദൃശ്യങ്ങൾ മനസ്സിന്റെ തിരശീലനീക്കി പുറത്തു വന്നു. ഇന്ന് ഇന്റേണൽ ഓഡിറ്റ് ഇൻചാർജായി ഒരു കമ്പനിയുടെ തലപ്പത്തിരിക്കുന്നു. ഓഡിറ്റർമാരുടെ ഒഫീഷ്യൽ പിങ്ക് മഷി കൊണ്ട് ഫിനാൻഷ്യൽ പേപ്പറുകളിലെ കണക്കുകൾ വേരിഫൈ ചെയ്യുകയും അധികതുക ആധികാരികമായി വെട്ടിക്കുറച്ച് ലക്ഷക്കണക്കിനു രൂപ ഫൈനൽ പേയ്മെന്റ് കൊടുക്കാൻ ജീവന്റെ വിലയുള്ള ഒപ്പിടുകയും ചെയ്യുമ്പോൾ എന്നിലെയാ പഴയ പത്താംക്ലാസ്സുകാരിക്ക് പത്താംക്ലാസ്സ് റിസൾട്ട് ദിനം ഓർക്കാതിരിക്കാനാവുന്നില്ല. പാലക്കുഴ സ്കൂളിലെ റാങ്ക് ഹോൾഡേഴ്സിന്റെ നെയിം ബോർഡും മായാതെ ഓർമയിലുണ്ട്.
പണ്ടത്തെ വെറും പത്താം ക്ലാസ് ക്വാളിഫിക്കേഷൻ കൊണ്ട് നൂറു ശതമാനം പെർഫെക്റ്റ് ആയും ആത്മാർഥമായും ജോലി ചെയ്ത് ഇന്ന് ഓഫീസിലെ നമ്പർവൺ ആയത് കാലം കാത്തു വെച്ച കാവ്യനീതിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ‘‘You are doing perfect work, not even single mistake, you are the asset for my organization’’ എന്ന പ്രശംസ കമ്പനിയിലെ എംഡിയിൽ നിന്നു കേൾക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിന് അതിരില്ല. എന്റെ ഒപ്പില്ലാതെ പേയ്മെന്റ് അപ്രൂവൽ കൊടുക്കില്ലെന്ന എംഡിയുടെ കർശന നിലപാടാണ് അന്നത്തെ പത്താം ക്ലാസ്സുകാരിയുടെ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു ആ വിജയം പത്തരയല്ല പതിനൊന്നു മാറ്റ് തനിത്തങ്കം ആണെന്നും ഞാൻ കരുതുന്നു.
എന്റെ മേശപ്പുറത്തെത്തുന്ന ഡോക്യൂമെന്റ്സിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി അക്കൗണ്ട്സിലെ ചാർട്ടേർഡ് അക്കൗണ്ടന്റ്മാരെ പഠിപ്പിച്ചു കൊടുക്കുമ്പോൾ, എംബിഎ ഡിഗ്രിയുള്ള എച്ച്ആർ വിഭാഗത്തിലെ ജീവനക്കാർ അവരുടെ തെറ്റുകൾ ഞാൻ കണ്ടു പിടിക്കുമല്ലോ എന്നോർത്ത് എന്റെയടുത്തേക്ക് വരാൻ ഭയക്കുമ്പോൾ, അതൊക്കെ എന്റെ അർപ്പണമനോഭാവത്തിനും ആത്മാർത്ഥതയ്ക്കും കിട്ടുന്ന അംഗീകാരമായി ഞാൻ കാണുന്നു. ഈ ജോലി തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്ന് ഏറെ അഭിമാനത്തോടെ പറയട്ടെ. മനസ്സുണ്ടെങ്കിൽ മാർഗ്ഗവും ഉണ്ടെന്ന തെലുങ്ക് വാക്യമാണെന്റെ ഊർജ്ജം.
1989 ജൂൺ രണ്ടിന് സ്കൂൾ തുറന്ന ദിവസം. അമ്മച്ചിയുടെ ആത്മഹത്യയ്ക്കു മുമ്പിൽ പകച്ചു പോയി. അമ്മച്ചിയുറങ്ങിയ ശവപ്പെട്ടി മുറുക്കെ പിടിച്ചു നിന്ന സ്കൂൾ യൂണിഫോം ധരിച്ച 13 വയസ്സുകാരി പെൺകുട്ടിയിൽ നിന്നും ഹൈദരാബാദിലെ പ്രശസ്തമായ ആശുപത്രിയിലെ ഇന്റേണൽ ഓഡിറ്റ് ഇൻചാർജിലേക്കുള്ള ഇന്നത്തെയെന്റെ യാത്രയിൽ കൂട്ടിനുണ്ടായിരുന്നത് ഏറെ ദുർഘടം നിറഞ്ഞ വഴികൾ മാത്രമായിരുന്നു.
അതിക്രൂരനായ ചാച്ചനെ എന്നും ഞങ്ങൾ കുട്ടികൾക്ക് പേടിയായിരുന്നു. പകലന്തിയോളം പണിയെടുത്ത് കുടുംബം നോക്കിയ അമ്മച്ചിയെ ചാച്ചൻ കൊല്ലാക്കൊല ചെയ്തപ്പോൾ ആ പാവം അവസാനം ജീവിതം മടുത്ത് ഒരു കവിൾ ഫ്യൂരിഡാനിൽ ജീവിതമവസാനിപ്പിച്ച് ചാച്ചനെ തോൽപ്പിച്ച് മരണത്തിലേയ്ക്ക് നെഞ്ചും വിരിച്ചു ഇറങ്ങിപ്പോയി. അതിനുശേഷം സന്തോഷവും സമാധാനവും ഇല്ലാത്ത കൊടിയ ദാരിദ്ര്യത്തിന്റെ നാളുകളും ജന്മനാലുള്ള ശ്വാസം മുട്ടലും എന്റെ ജീവിതം ദുസ്സഹമാക്കി.
അമ്മച്ചി മരിച്ച വർഷം നേരാംവണ്ണം ക്ലാസ്സിൽ പോകാൻ കഴിയാത്തതു കൊണ്ട് ഒൻപതാം ക്ലാസ്സിൽ തോറ്റു. പാലക്കുഴയിലെ സാറന്മാരുടെ പ്രോത്സാഹനം കൊണ്ടു മാത്രം ക്ലാസ്സിൽ പോകാതിരുന്നിട്ടും നന്നായി പഠിക്കാഞ്ഞിട്ടും എസ്എസ്എൽസി പരീക്ഷയ്ക്ക് 282 മാർക്ക് മേടിച്ചു ഞാൻ പാസ്സായി. അതിനു ശേഷം പഠിക്കാൻ ചാച്ചൻ വിട്ടില്ല. എനിക്ക് ചിലവിനു തരാൻ മാർഗ്ഗമില്ലെന്നു പറഞ്ഞ് മൂവാറ്റുപുഴയിലെ ഒരു ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ അവരുടെ കൊച്ചിനെ നോക്കാനായി ചാച്ചൻ കൊണ്ടു പോയി വിട്ടു. അവിടെ നിന്നും പെട്ടെന്ന് തന്നെ വീട്ടിൽ തിരിച്ചെത്തിയ എന്നോട് വടക്കൻ പാലക്കുഴയിലെ ആശാൻ ഇരുമുടിക്കെട്ട് തയ്ച്ചു കൊടുത്താൽ ഒരെണ്ണത്തിനു 25 പൈസ തരാമെന്നു പറഞ്ഞു. അറിയാവുന്ന രീതിയിൽ അത് തയ്ച്ചു കൊടുത്തും ടിപ്ടോപ് ബാബുച്ചേട്ടന്റെ തയ്യൽക്കടയിൽ ഷർട്ടിനു ബട്ടൻസും ബ്ലൗസിനു കൊളുത്തും തുന്നിയും കൈത്തുന്നൽ ചെയ്തു കൊടുത്തും ആഴ്ച്ചാവസാനം ലഭിച്ച തുച്ഛവരുമാനമായിരുന്നു ആ സമയത്തെ എന്റെ ഏക ആശ്വാസം.
കൂത്താട്ടുകുളത്തുള്ള ഹാൻവീവ് ഷോറൂമിൽ ഓണവിൽപ്പന സമയത്ത് സെയിൽസ് ഗേൾ ആയിപ്പോയാൽ 300 രൂപ കിട്ടുമായിരുന്നു. ആ ജോലി ചെയ്തും എസ്റ്റിഡി ബൂത്തിലെ റിസപ്ഷനിസ്റ്റ് ജോലി ചെയ്തുമൊക്കെ ജീവിതം മുന്നോട്ടു പോയി. ആ സമയത്താണ് ടിടിസി പഠനം പൂർത്തിയാക്കിയ ചേച്ചിയ്ക്കൊപ്പം കുറച്ചു നാൾ ഹൈദരാബാദിൽ പോയാലോ എന്നൊരു തോന്നൽ ശക്തമായത്. മുൻപ് അവിടെ പോയപ്പോൾ ആസ്ത്മ ശല്യം ചെയ്യാത്തതും എന്നെ അങ്ങോട്ടു പോകാൻ പ്രേരിപ്പിച്ചു.
അങ്ങനെ 200 രൂപയും കൊണ്ട് 1996 ഓഗസ്റ്റ് മാസം ഞാൻ തനിച്ച് ശബരി എക്സ്പ്രസ്സിലെ ലോക്കൽ കമ്പാർട്മെന്റിൽ ഹൈദരാബാദിന് ട്രെയിൻ കയറി . YWCA യിൽ ഫ്രീയായി താമസിക്കാം എന്ന അറിവിന്റെ ബലത്തിൽ അവിടെ താമസിച്ചു. YWCA യുടെ മുമ്പിലുള്ള പെട്ടിക്കടയിൽ നിന്നും ഉസ്മാനിയ ബിസ്ക്കറ്റും കുഞ്ഞു സമോസയും വാങ്ങിക്കഴിച്ചും ചിലപ്പോഴൊക്കെ പട്ടിണി കിടന്നും നൈസാമിന്റെ രാജവീഥികളിലെ തിരക്കിലേക്ക് ഭാഷ പോലും അറിയാതെ രണ്ടും കൽപ്പിച്ചു ഇറങ്ങി. ആ സമയത്ത് എന്നിൽ ജീവിക്കാനുള്ള വാശി നിറച്ചത് ചില തിരിച്ചറിവുകളാണ്. അമ്മച്ചി മരിച്ചു പോയി. ചാച്ചൻ വീട് നോക്കില്ല. രോഗിയായ എനിക്ക് കേരളത്തിൽ ജീവിക്കാനും കഴിയില്ല. ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ചൊല്ല് എത്ര അർഥവത്താണെന്ന് മനസ്സിലാക്കിയ ദിനങ്ങൾ.
പിന്നീടങ്ങോട്ട് ദുരിതങ്ങളുടെ, ഒറ്റപ്പെടലിന്റെ, നിസ്സഹായതയുടെ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാൻ പെടാപ്പാടു പെട്ട് ചെയ്യാത്ത ജോലികൾ ഇല്ല. പാഠപുസ്തകത്തിലെ ചോദ്യാവലിയിലെ ഉത്തരങ്ങൾ എഴുതി മാർക്ക് മേടിച്ചുകൂട്ടിയില്ലെങ്കിലും ഇന്ന് തെലുങ്ക് ഭാഷയുൾപ്പടെ മണിമണിയായി അഞ്ചു ഭാഷകൾ ദിവസവും സംസാരിക്കാൻ സാധിക്കുന്നുണ്ട്. മറ്റുള്ളവർ വരുത്തുന്ന തെറ്റുകൾ കണ്ടു പിടിച്ചു തിരുത്തിക്കൊടുത്തും മറ്റു ചിലപ്പോൾ കർക്കശക്കാരിയായി പേയ്മെന്റ്സ് പെന്റിങ് വച്ചും കൈ വെച്ച മേഖലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചും മുന്നോട്ടു പോകാനാകുന്നുണ്ട്. ചെയ്യുന്ന ജോലികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാനായതും, “Staff of the month” അവാർഡുകൾ വാരിക്കൂട്ടാനായതും ഉദ്യോഗത്തിൽ ഉന്നത പദവിയും ഉയർന്ന ശമ്പളവും ഒക്കെ വാങ്ങാനായതും ജീവിതത്തിലെ ഭാഗ്യമായി ഞാൻ കരുതുന്നു. പത്താം ക്ലാസിൽ കണക്കു പരീക്ഷയ്ക്ക് കിട്ടിയ 28 മാർക്കല്ല കണക്കിലെ കളിയെന്ന് ഇന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മാസം തോറും നാലഞ്ചു കോടി രൂപ മൂല്യമുള്ള പേയ്മെന്റുകൾ വെരിഫൈ ചെയ്ത് ഫൈനൽ പ്രോസസ്സിൽ To Pay എന്നെഴുതി ഒപ്പിട്ട് കൂട്ടിക്കുറയ്ക്കലിലെ ബാലൻസ് ഷീറ്റ് ടാലി ചെയ്തു ജൈത്രയാത്ര തുടരാനാകുന്നതിൽ ഇന്നേറെ സന്തോഷമുണ്ട്.
വെറും പത്താം ക്ലാസ് വിദ്യാഭ്യാസം കൊണ്ടു മാത്രം പ്രതിസന്ധികളെ ഒറ്റയ്ക്ക് തരണം ചെയ്ത് ജീവിതത്തോട് മത്സരിച്ച് ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചു പറന്നുയർന്ന് ജീവിതപരീക്ഷയിൽ ഒന്നാം റാങ്കു വാങ്ങി 27 വർഷമായി ഹൈദരാബാദിൽ ജീവിക്കുന്ന എനിക്ക് ഇന്ന് എല്ലാ വിഷയത്തിനും A+വാങ്ങാൻ കഴിഞ്ഞില്ലല്ലോ എന്ന് വിഷമിക്കുന്ന കുട്ടികളോട് പറയാൻ ഒന്ന് മാത്രം. ഏറെ മൂല്യമുള്ള ഇന്ത്യൻ കറൻസി പോലും രാജ്യത്താകമാനം 2016 ൽ നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ വെറും പേപ്പറുകൾ മാത്രമായി അവശേഷിച്ചിരുന്നു. മാർക്ക് വേണ്ട എന്നോ അല്ലെങ്കിൽ പഠിക്കേണ്ട എന്നുമല്ല പറയുന്നത്. അൽപം മാർക്ക് കുറഞ്ഞു പോയാൽ, തുടർ പഠനം സാധ്യമാകാതെ ഒക്കെ വന്നാൽ അതല്ല ജീവിതത്തിന്റെ അവസാനം എന്ന് മനസ്സിലാക്കണം. മനസ്സിനു ധൈര്യം കൊടുത്തു മറ്റ് മേഖലകൾ കൈയ്യെത്തിപ്പിടിക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും നേടിയെടുക്കാൻ പരമാവധി ശ്രമിക്കണം. ജീവിത സാഹചര്യങ്ങൾ നിങ്ങൾക്കിന്ന് ഏറെ അനുകൂലമാണ്. അത് ആത്മാർഥതയോടെ ഉപയോഗിക്കുക. ജീവിത വിജയം സുനിശ്ചിതം.
Content Summary : Career Column - Markmattarallishta - Animol talks about her experience
നിങ്ങൾക്കും പങ്കുവയ്ക്കാനുണ്ടോ ഇത്തരമൊരു അനുഭവം. എങ്കിൽ അനുഭവക്കുറിപ്പും മാർക്ക് ലിസ്റ്റിന്റെ ചിത്രവും നിങ്ങളുടെ ചിത്രവും customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ സെക്‌ഷനിൽ ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.